അജ്മാൻ> മലയാളം മിഷൻ അജ്മാൻ ചാപ്റ്ററിനു കീഴിൽ രൂപീകരിച്ച ഹാബിറ്റാറ്റ് സ്കൂൾ കുട്ടിമലയാളം ക്ലാസുകൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ അധ്യാപകർക്കുള്ള പരിശീലനം മലയാളം മിഷൻ ഓൺലൈനായി സംഘടിപ്പിച്ചു. മലയാളം മിഷൻ ഭാഷാധ്യാപകൻ സതീഷ് നേതൃത്വം നൽകി. ഇരുപത്തിയഞ്ചോളം അധ്യാപകർ പങ്കെടുത്തു.
കണിക്കൊന്നയുടെ നാലു ഭാഗങ്ങളിലാണ് പരിശീലനം നൽകിയത്. മലയാളം മിഷൻ അജ്മാൻ ചാപ്റ്ററിന്റെ കീഴിൽ ലോകത്തിൽ ആദ്യമായി രൂപീകരിച്ച മലയാളം മിഷന് ക്ലബ്ബിലെ 700 ഓളം വരുന്ന കുട്ടികൾക്ക് ക്ളാസ്സുകൾ നൽകുന്നതിനായി ഇരുപത്തിയഞ്ചോളം അധ്യാപകരാണ് പരിശീലനത്തിൽ പങ്കെടുത്തത്. പാട്ടുകളിലൂടെയും കളികളിലൂടെയും പഠന പ്രവർത്തനങ്ങളുടെ വേറിട്ട മാതൃകയായിരുന്നു പരിശീലനം.
ലോകത്തിലെ ആദ്യ മലയാളം മിഷന് ക്ലബ്ബ് അജ്മാന് ഹാബിറ്റാറ്റ് സ്കൂളില്‍ മന്ത്രി സജി ചെറിയാനാണ് ഉദ്ഘാടനം ചെയ്തത്. മലയാളം ഔദ്യോഗിക ഭാഷയാക്കിയതോടെ നാട്ടിൽ തിരിച്ചെത്തുന്ന കുട്ടികൾക്ക് ജോലിക്കും മറ്റു കാര്യങ്ങൾക്കും മലയാളം അനിവാര്യമായതിനാൽ നൂറു കണക്കിന് കുട്ടികളാണ് കുട്ടി മലയാളം പദ്ധതിയിലൂടെ ഭാഷാ പ്രാവീണ്യം നേടുന്നതിനായി മലയാളം മിഷനിൽ ചേരുന്നത്.
നിലവിൽ നാല് കോഴ്സുകളാണ് മലയാളം മിഷൻ നടത്തുന്നത്. മലയാളം മിഷന്റെ പ്രാഥമിക കോഴ്സാണ് കണിക്കൊന്ന. 6 വയസ്സ് പൂർത്തിയായ ആർക്കും സർട്ടിഫിക്കറ്റ് കോഴ്സിനു (2 വർഷം) ചേരാം. തുടർന്ന് ഡിപ്ലോമ (2 വർഷം), ഹയർ ഡിപ്ലോമ (3 വർഷം), സീനിയർ ഹയർ ഡിപ്ലോമ (3 വർഷം) ക്രമാനുക്രമം കോഴ്സ് ചെയ്യാവുന്നതാണ്. ഈ കോഴ്സുകൾ പൂർത്തീകരിക്കുമ്പോൾ പത്താംക്ലാസിന് തത്തുല്യമായ നിലവാരത്തിലേക്ക് വിദ്യാർത്ഥികൾക്ക് എത്തിച്ചേരുവാൻ സാധിക്കും. എല്ലാ കോഴ്സുകളും സൗജന്യമായാണ് നടത്തുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..