കുവൈത്ത് സിറ്റി > ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം പൊതുജനങ്ങളെ അറിയിച്ചു. വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ പേരിൽ വ്യാജ അക്കൗണ്ടുകൾ വഴി ഉപഭോക്താക്കളെ വഞ്ചിക്കുന്നത് വർധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ മന്ത്രാലയത്തിന്റെ പ്രതിനിധികളാണെന്ന വ്യാജേന വ്യക്തിപരമായ വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ആവശ്യപ്പെട്ടുവരുന്ന കോളുകളോടും അന്വേഷണങ്ങളോടും പ്രതികരിക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഓൺലൈനിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും കുവൈത്ത് മന്ത്രാലയങ്ങളുടെ വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ വ്യാപകമാണ്. ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നവരെ പിടികൂടാനുള്ള ശ്രമങ്ങൾ ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ച് നടത്തി വരികയാണെന്നും ഇത്തരക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അധികൃതർ വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..