തെന്നിന്ത്യൻ സിനിമയിലെ സുപ്രധാന താരമെന്ന സ്ഥാനം ഒരു പതിറ്റാണ്ട് പിന്നിട്ട സിനിമാ ജീവിതത്തിലൂടെ വിജയ് ദേവരകൊണ്ട നേടിയെടുത്തു. ഖുഷിയിലൂടെ പ്രണയചിത്രവുമായി പ്രേക്ഷകരിലേക്ക് എത്തുകയാണ് താരം. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമിച്ച ചിത്രത്തിന്റെ സംവിധായകൻ ശിവ നിർവാണയാണ്. സാമന്ത നായികയാകുന്ന ചിത്രം സെപ്തംബർ ഒന്നിന്ന് പാൻ ഇന്ത്യൻ റിലീസായി തിയറ്ററിലെത്തുകയാണ്. ലൈഗറിന്റെ പരാജയം, സിനിമാ തെരഞ്ഞെടുപ്പുകൾ, മലയാള സിനിമ തുടങ്ങി തന്റെ സിനിമാ സങ്കൽപ്പങ്ങളെക്കുറിച്ച് വിജയ് ദേവരകൊണ്ട മനസ്സ് തുറക്കുന്നു:
എല്ലാവരിലുമുള്ള പ്രണയമാണ് ഖുഷി
ഈ സിനിമയുടെ ലക്ഷ്യം വരുമാനം മാത്രമല്ല, ഈ കഥ എല്ലാവരോടും പറയാൻ കഴിയും എന്നതിനാലാണ് അഞ്ച് ഭാഷയിൽ പ്രദർശനത്തിന് എത്തിക്കുന്നത്. പ്രണയമെന്നത് എല്ലാവരിലുമുള്ളതാണ്. കൗമാരക്കാർ മുതൽ 60 വയസ്സായ ദമ്പതികൾവരെ എല്ലാവർക്കും സിനിമ സ്വീകാര്യമാകും. സബ് ടൈറ്റിലോടെ കാണുന്നതിലും നിങ്ങളുടെ ഭാഷയിൽ കാണുമ്പോഴായിരിക്കും കൂടുതൽ ഇഷ്ടപ്പെടുക. എല്ലാവർക്കും അവരുടെ ഭാഷയിൽ ഖുഷി ആസ്വദിക്കണമെന്നാണ് ആഗ്രഹിച്ചത്. പുഷ്പ, കെജിഎഫ് പോലുള്ള സിനിമകൾ നമ്മൾ ആഘോഷിക്കും. ആരാധനയോടെ കാണും. പക്ഷേ, നമ്മൾ പുഷ്പയോ റോക്കി ഭായിയോ അല്ലായെന്നത് നമുക്ക് അറിയാം. എന്നാൽ, ഖുഷി കാണുമ്പോൾ നിങ്ങൾ ഇതിലെ കഥാപാത്രമാണെന്ന് തോന്നും. നിങ്ങളുടെ കഥയാണ് സ്ക്രീനിൽ കാണുന്നത് എന്ന് തോന്നും. നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെടുത്താൻ കഴിയും.
മലയാളം പഠിക്കണം
അഭിനയിക്കണമെങ്കിൽ ആ ഭാഷയിൽ അറിവ് വേണം. മലയാളം സിനിമ ചെയ്യാൻ മലയാളം സംസാരിക്കാൻ കഴിയണം. അതിനു കഴിയുന്നില്ല എന്നത് മാത്രമാണ് മലയാളത്തിൽ സിനിമ ചെയ്യാതെയിരുന്ന ഏക കാരണം. അതിനു കഴിയുന്ന സമയത്ത് മലയാളത്തിൽ ഉറപ്പായും സിനിമ ചെയ്യും. മലയാളത്തിൽ എങ്ങനെ ഇത്ര നല്ല സിനിമകളും പ്രകടനങ്ങളും ഉണ്ടാകുന്നു എന്ന് ആലോചിക്കാറുണ്ട്. പുതിയ പല മലയാളചിത്രങ്ങൾക്കുമായുള്ള കാത്തിരിപ്പിലാണ് ഞാൻ. ‘കിങ് ഓഫ് കൊത്ത’യ്ക്കായി കാത്തിരിക്കുകയാണ്. ദുൽഖറിന് എന്റെ ആശംസകൾ. സമീപകാലത്ത് സിനിമകൾ കാണാനായിട്ടില്ല. കോവിഡ് കാലത്താണ് മലയാളമടക്കമുള്ള ഭാഷകളിലെ സിനിമകൾ കണ്ടത്. കുമ്പളങ്ങി നൈറ്റ്സ് വളരെ ഇഷ്ടമായ സിനിമയാണ്. കേരളത്തിൽനിന്ന് വലിയ സ്നേഹമാണ് കിട്ടുന്നത്. അതിന് നന്ദി. നിങ്ങൾ ഇഷ്ടപ്പെടുന്ന സിനിമകൾ ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖുഷി അത്തരത്തിലുള്ള ഒരു സിനിമയായിരിക്കും. ഹിഷാമില്ലെങ്കിൽ ഈ സിനിമ ഇതുപോലെയാകില്ലായിരുന്നു. അദ്ദേഹം ചെയ്ത പാട്ടുകൾ, പശ്ചാത്തല സംഗീതവുമില്ലെങ്കിൽ ഈ സിനിമ ഇങ്ങനെയല്ല.
വിവാഹം
വിവാഹം എന്ന ആശയത്തിനോട് ഇപ്പോൾ പൊരുത്തപ്പെട്ട് കഴിഞ്ഞു. നേരത്തേ വിവാഹം എന്ന വാക്ക് എന്നോട് പറയാൻ പാടില്ലാത്ത ഒന്നായിരുന്നു. വിവാഹം എന്ന് കേട്ടാൽ ദേഷ്യം വരുമായിരുന്നു. ഇപ്പോൾ വിവാഹത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. എന്റെ സുഹൃത്തുക്കൾ വിവാഹം കഴിക്കുന്നത് ഞാൻ ആസ്വദിക്കുകയാണ്. എല്ലാവരും ജീവിതത്തിൽ കടന്നുപോകേണ്ട ഒരു ഘട്ടമാണിതെന്നാണ് കരുതുന്നത്. ഇപ്പോൾ ഞാൻ വിവാഹത്തിന് തയ്യാറല്ല. പക്ഷേ, കുറച്ച് വർഷങ്ങൾക്കുള്ളിൽ എന്റെ ജീവിതത്തിലും അതുണ്ടാകും.
തമിഴ് സിനിമ
ഞാനൊരു വെട്രിമാരൻ ആരാധകനാണ്. പാ രഞ്ജിത്തിന്റെ സിനിമകളോട് വലിയ താൽപ്പര്യമാണ്. ഗൗതം വാസുദേവന്റെ സിനിമകൾ ഇഷ്ടമാണ്. ക്യാപ്റ്റൻ മില്ലറിനായി കാത്തിരിക്കുകയാണ്. സംവിധായകൻ അരുൺ എന്താണ് ചെയ്തിരിക്കുന്നത് എന്ന് കാണാൻ ആകാംക്ഷയുണ്ട്.
പരാജയം വേദനിപ്പിക്കും
ഒരു സിനിമ ബോക്സോഫീസിൽ നല്ല പ്രകടനം നടത്തിയില്ലെങ്കിൽ അത് വേദനിപ്പിക്കും. ലൈഗർ എന്റെ ആദ്യ പരാജയ സിനിമയല്ല. മുൻപും സിനിമകൾ പരാജയപ്പെട്ടിട്ടുണ്ട്. വിജയങ്ങളും ഉണ്ടായിട്ടുണ്ട്. പരാജയങ്ങളും വിജയങ്ങളും ഇനിയും ഉണ്ടാകും. സിനിമ ചെയ്യുമ്പോൾ എപ്പോഴും മികച്ചത് ചെയ്യാനാണ് ആഗ്രഹിക്കുന്നത്. ഫലം ചിലപ്പോൾ വേറെയാകും. അത് വേദനിപ്പിക്കും, പക്ഷേ, പരാജയങ്ങളോട് ഭയമില്ല. പരാജയങ്ങളെക്കുറിച്ച് ചിന്തിക്കാറുണ്ട്. എവിടെയാണ്, എന്താണ് തെറ്റ് പറ്റിയത് എന്ന് ആലോചിക്കും. കൂടുതൽ കാര്യങ്ങൾ പഠിക്കാൻ ലൈഗർപോലെയുള്ള പരാജയം ആവശ്യമായിരുന്നു. ഞാനെടുക്കുന്ന തീരുമാനങ്ങൾ വിജയിക്കുമ്പോഴും പരാജയപ്പെടുമ്പോഴും ഞാൻ അതിൽനിന്ന് ഓരോന്ന് പഠിക്കും. പരാജയങ്ങൾ കുറച്ച് സമയത്തേക്ക് നിരാശപ്പെടുത്തും. ലൈഗറിൽ എന്നെ നിരാശപ്പെടുത്തിയത് സിനിമ പരാജയമായതിനേക്കാൾ, ആ സിനിമയ്ക്ക് ഇങ്ങനെ സംഭവിക്കുമെന്ന് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല എന്നതാണ്.
ഹിറ്റ് സിനിമ ആളുകൾ ആസ്വദിക്കുന്നു
നിരൂപകർ നല്ല അഭിപ്രായം പറയുന്ന സിനിമകളേക്കാൾ തിയറ്ററിൽ വിജയിക്കുന്ന സിനിമകളാണ് ആവശ്യം. ഞാൻ ഒരു തിയറ്റർ ഉടമയാണ്. അതിനാൽത്തന്നെ ഹിറ്റ് സിനിമ എങ്ങനെയാണ് ആളുകൾക്ക് ഗുണം ചെയ്യുകയെന്ന് അറിയാം. സിനിമ വിജയിച്ചുവെന്നാൽ ആളുകൾ അത് ആസ്വദിക്കുന്നുണ്ട് എന്നാണ് അർഥം. ലോകത്ത് പണമാണ് ആവശ്യം. നിരൂപകർ നൽകുന്ന സ്റ്റാറുകൾകൊണ്ട് ഞാൻ എന്ത് ചെയ്യാനാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..