ചെക്ക്പോസ്റ്റിന്റെ ഉദ്ഘാടനത്തിനു ശേഷമേ പാലത്തിലേക്കുള്ള പ്രവേശനം സാധ്യമാകൂ. 250 കോടി രൂപയാണ് ഇന്ത്യ ഈ ചെക്ക്പോസ്റ്റിന്റെ നിർമ്മാണത്തിനായി വകയിരുത്തിയിട്ടുള്ളത്. ഇതിൽ 91 കോടി രൂപ സ്ഥലം ഏറ്റെടുക്കുന്നതിനു മാത്രമായി ചെലവായി.
സെപ്തംബർ തുടക്കത്തിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇന്ത്യാ സന്ദർശന വേളയിൽ സബ്റൂം ചെക്ക്പോസ്റ്റ് ഉദ്ഘാടനം നടന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇരുരാജ്യങ്ങൾക്കുമിടയിലെ മൂന്നാമത്തെ ഇന്റഗ്രേറ്റഡ് ചെക്ക്പോസ്റ്റാണിത്. അഖൗറ-അഗർത്തല, ശ്രീമന്തപൂർ-സോനാമുറ എന്നിടങ്ങളിലാണ് നിലവിൽ ചെക്ക്പോസ്റ്റുകളുള്ളത്. പൊതുജനങ്ങൾക്കും ഈ പാലം യാത്രകൾക്കായി ഉപയോഗപ്പെടും. നിലവിൽ റെയിൽവേ വഴിയുള്ള ബന്ധങ്ങളും ശക്തമാണ് ഇരുരാജ്യങ്ങളും തമ്മിൽ. നദീതട ജലപാതാ സംവിധാനങ്ങളുമുണ്ട്. ഈയടുത്തിടെ ത്രിപുരയിലെയും മറ്റ് വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനങ്ങളിലെയും ചരക്ക് നീക്കത്തിനായി ബംഗ്ലാദേശ് സർക്കാർ തങ്ങളുടെ രണ്ട് പ്രധാന തുറമുഖങ്ങളിലേക്കും നാല് യാത്രാ റൂട്ടുകളിലേക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.
ഈ തുറമുഖങ്ങളിലേക്കുള്ള ചരക്കുഗതാഗതം മെച്ചപ്പെടുത്തുന്നതിനായി സബ്റൂമിൽ ഒരു മൾട്ടി മോഡൽ ട്രാൻസിറ്റ് ഹബ്ബും വികസിപ്പിക്കുന്നുണ്ട്. ഈ ഹബ്ബിലേക്ക് റോഡുമാർഗ്ഗത്തിലും റെയിൽവേയിലൂടെയും ഗതാഗതബന്ധവും സ്ഥാപിച്ചിട്ടുണ്ട്.
2021 മാർച്ചിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും സംയുക്തമായി മൈത്രി സേതു പാലം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞെങ്കിലും പാലം ഗതാഗതത്തിനായി തുറന്നിരുന്നില്ല. ഇന്റഗ്രേറ്റഡ് ചെക്ക്പോസ്റ്റിന്റെ നിർമ്മാണം പൂർത്തിയാകാൻ സമയമെടുത്തതാണ് കാരണം. 1.9 കിലോമീറ്റർ നീളമുണ്ട് ഈ പാലത്തിന്.
ബംഗ്ലാദേശിനെ ത്രിപുര സംസ്ഥാനവുമായാണ് മൈത്രി സേതു ബന്ധിപ്പിക്കുന്നത്. ഫെനി നദിക്ക് കുറുകെയാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. വടക്കുകിഴക്കൻ ബംഗ്ലാദേശിലാണ് ഫെനി നദിയുടെ ഉദ്ഭവം. പിന്നീടിത് ത്രിപുരയിലെ സബ്രൂം ടൗണിലൂടെ കടന്നുപോകുന്നു. പാലം വരുന്നതോടെ സബ്റൂം ടൗണും ചിറ്റഗോംഗ് തുറമുഖവും (ബംഗ്ലാദേശ്) തമ്മിലുള്ള ദൂരം ഗണ്യമായി കുറയും.
നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡാണ് 133 കോടി രൂപ ചെലവിൽ പാലത്തിന്റെ നിർമാണം ഏറ്റെടുത്തത്. വടക്കുകിഴക്കൻ ഇന്ത്യയിൽ കാര്യമായ വ്യാപാരസാധ്യതകൾ ഈ പാലം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.