കണ്‍സ്യൂമര്‍ഫെഡിന്റെ വിപണി ഇടപെടല്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സബ്സിഡിക്ക് പുറമേ കണ്‍സ്യൂമര്‍ഫെഡ് 10 മുതല്‍ 40 ശതമാനം വരെ പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ സാധനങ്ങള്‍ വില്‍ക്കുന്നു. കൃത്യമായ മാനേജ്മെന്റിന്റെ ഭാഗമായാണ് ഇത് സാധ്യമാകുന്നത്. ഉല്‍പ്പന്നങ്ങള്‍ ഉല്പാദന കേന്ദ്രങ്ങളില്‍ നിന്ന് സംഭരിക്കുകയും അത് ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന വിലക്കുറവില്‍ വില്‍ക്കുകയും ചെയ്യുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓണച്ചന്തയുടെ സ്ഥിതി നോക്കിയാല്‍ പൊതുപണിയില്‍ നിന്ന് 1000 രൂപയ്ക്ക് വാങ്ങുന്ന 13 ഇനങ്ങള്‍ 462 രൂപയ്ക്ക് ലഭിക്കുന്നു. വലിയ സാമ്പത്തിക ലാഭമാണ് ഉപഭോക്താക്കള്‍ക്കുണ്ടാകുക. പച്ചക്കറി ഉല്‍പ്പന്നങ്ങളും മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളും മറ്റ് ഉപഭോക്തൃ ഉത്പന്നങ്ങളും കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതാണ് ഇത്തവണത്തെ ഓണവിപണിയുടെ പ്രത്യേകത. അതോടൊപ്പം കേരളത്തിലെ എല്ലാ സഹകരണ സ്ഥാപനങ്ങളും ഓണവിപണി ഒരുക്കുന്നു. സഹകരണ മേഖലയുടെ സമഗ്ര ഇടപെടലാണ് ഇത് വ്യക്തമാക്കുന്നത്. കണ്‍സ്യൂമര്‍ ഫെഡിലെ ജീവനക്കാരുടെ പ്രശ്നങ്ങള്‍ പിന്നീട് പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുനിര്‍ത്താന്‍ ഓണത്തോടനുബന്ധിച്ചുള്ള ഇത്തരം വിപണന മേളകള്‍ക്ക് കഴിയുന്നുണ്ട്. ഇത് ജനങ്ങള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരളം ഉപഭോക്തൃ സംസ്ഥാനമായതിനാല്‍ ഉത്സവകാലത്ത് വലിയ തോതിലുള്ള വിലക്കയറ്റം ഉണ്ടാകേണ്ടതാണ്. ഇത്തരം വിപണി ഇടപെടലുകളിലൂടെ വില പിടിച്ചുനിര്‍ത്താന്‍ കേരളത്തിന് കഴിയുന്നു എന്നതാണ് നമ്മുടെ മുന്നിലുള്ള അനുഭവം.
കേരളത്തിന്റെ വിലക്കയറ്റ തോത് ദേശീയ ശരാശരിയേക്കാള്‍ കുറവാണ് എന്ന് കഴിഞ്ഞ ദിവസം കണക്കുകള്‍ പുറത്തുവന്നിരുന്നു. വിപണിയിലെ ഇടപെടലിനെ തുടര്‍ന്നാണ് ഇത് സാധ്യമാകുന്നത്. 13 ഇനം സാധനങ്ങള്‍ 2016ലെ അതേ സബ്സിഡി നിരക്കിലാണ് സപ്ലൈകോ വില്‍ക്കുന്നത്. ഭക്ഷ്യോത്പാദനത്തിലും ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഫലമായി കൃഷി ചെയ്യുന്ന സ്ഥലവും ഉല്പാദനവും വര്‍ധിച്ചു.
40 ലക്ഷത്തിലധികം റേഷന്‍ കാര്‍ഡ് ഉടമകളാണ് സംസ്ഥാനത്ത് 1600ലധികം സപ്ലൈകോ ഔട്ട്ലെറ്റുകള് നിന്ന് സാധനങ്ങള്‍ വാങ്ങുന്നത്. 270 കോടി രൂപയാണ് കഴിഞ്ഞവര്‍ഷത്തെ ശരാശരി വിറ്റുവരവ്. ഇവിടുത്തെ പൊതുവിതരണ സംവിധാനത്തെ കുറിച്ച് പഠിക്കാന്‍ നാടിന് പുറത്തുള്ള ഭരണകര്‍ത്താക്കള്‍ വരെ ശ്രമിക്കുന്നു. ഈ വസ്തുതകള്‍ മറച്ചുവെച്ച് കേരളത്തിലെ പൊതുവിതരണ സംവിധാനത്തെ ഇകഴ്ത്തി കാട്ടാന്‍ ചിലര്‍ ശ്രമിക്കുകയാണ്. ഇത് ജനങ്ങള്‍ തിരിച്ചറിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.