ഓട്സ് ആരോഗ്യകരമായ ഭക്ഷണമാണെന്നതിൽ തർക്കമൊന്നും ഉണ്ടാകില്ല. പലതരം ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും ധൈര്യപൂർവ്വം കഴിക്കുന്ന ഒന്നാണ് ഓട്സ്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും ഏറെ പ്രിയങ്കരമാണ് ഓട്സ് എന്ന ഭക്ഷണം. കാരണം, ഇതിൽ നിന്ന് ശരീരത്തിന് ആവശ്യമായ പല സുപ്രധാന പോഷകങ്ങളും ലഭിക്കുന്നു, ഭാരം കൂട്ടാതെ തന്നെ.
ഓട്സിന്റെ ഗുണങ്ങൾ
നാരുകൾ (ഫൈബർ) ധാരാളമായി അടങ്ങിയ ഓട്സ് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാവുന്ന ആരോഗ്യകരമായ ഭക്ഷണമാണ്. കൂടാതെ ശരീരത്തിന് വേണ്ട അവശ്യ ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ തുടങ്ങിയവയൊക്കെ ഓട്സിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് കൂടാതെ കലോറിയും ഓട്സിൽ കുറവാണ്. അതുകൊണ്ട് തന്നെ കൊളസ്‌ട്രോൾ ഉള്ളവർക്കും ഇത് ധൈര്യത്തോടെ കഴിക്കാം. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഓട്സ് നല്ലതാണ്. ബീറ്റാ ഗ്ലുക്കൻ എന്ന ഡയറ്ററി ഫൈബറും മറ്റു ധാതുക്കളും ഓട്സിനെ ഏറെ ആരോഗ്യകരമാക്കുന്നു.
ഓവർനൈറ്റ് ഓട്സ്
കുറഞ്ഞ കാലം കൊണ്ട് പ്രസിദ്ധമായ ഒരു ഭക്ഷണ വിഭവമാണിത്. ഒരു രാത്രി കുതിർത്ത് വെച്ച് പിറ്റേന്ന് രാവിലെ കഴിക്കാനായി തയ്യാറാക്കുന്ന ഓട്സ് ആണ് ഓവർനൈറ്റ് ഓട്സ്. ഇത് തയ്യാറാക്കുന്നതിന് പ്രത്യേക രീതിയുണ്ട്. ഒപ്പം പലവിധ ഗുണങ്ങളും. ആരോഗ്യകരമായ രീതിയിൽ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും ഓട്സ് ഇനിമുതൽ ഈ പ്രത്യേക രീതിയിൽ കഴിക്കാം. സാധാരണ പാകം ചെയ്താണ് നമ്മളിൽ പലരും ഓട്സ് കഴിക്കുന്നത്. ഓട്സ് ഉപയോഗിച്ച് പുട്ട്, ഉപ്പുമാവ്, ദോശ എന്നിവയൊക്കെ തയ്യാറാക്കാറുണ്ട്. ചിലർ ഓട്സ് ചേർത്ത് സ്മൂത്തി തയ്യാറാക്കി കുടിക്കും. എന്നാൽ ഇന്ന് പരിചയപ്പെടുത്തുന്നത് ഓട്സ് കുതിർത്ത് കഴിക്കുന്ന ഒരു രീതിയാണ്.
Video – ഓട്സ് – ബനാന സ്മൂത്തി
ഓട്സ് – ബനാന സ്മൂത്തി തയ്യാറാക്കാം
തലേദിവസം രാത്രി കുതിർത്ത്
ഇതിനായി ആദ്യം ചെയ്യേണ്ടത് ഒരു ഗ്ലാസ് ബോട്ടിലിലോ അല്ലെങ്കിൽ കുഴിവുള്ള ഏതെങ്കിലും പാത്രത്തിലോ ആവശ്യത്തിന് ഓട്സ് എടുക്കുക. കുതിർക്കാനായി ഇതിലേയ്ക്ക് ആൽമണ്ട് മിൽക്ക്, തേങ്ങാപ്പാൽ, പാൽ, ഇവയിലേതെങ്കിലും ചേർത്ത് കുതിർക്കുക. വെള്ളത്തിൽ കുതിർത്താലും കുഴപ്പമില്ല. രണ്ടോ മൂന്നോ സ്പൂൺ തൈര് അല്ലെങ്കിൽ ഗ്രീക്ക് യോഗർട്ട് കൂടെ ചേർക്കാം. ഇത് ഓപ്‌ഷണൽ ആണ്. തൈര് മാത്രം ചേർത്ത് കുതിർത്താലും തെറ്റില്ല. അങ്ങനെയെങ്കിൽ തൈരിന്റെ കൂടെ അല്പം വെള്ളം കൂടെ ചേർത്ത് കുതിർക്കാം. മധുരം വേണമെന്നുള്ളവർക്ക് ഈ സമയം ആവശ്യത്തിന് പഞ്ചസാര ചേർക്കാം. പഞ്ചസാരയ്ക്ക് പകരം തേൻ, മേപ്പിൾ സിറപ്പ് എന്നിവയും ഉപയോഗിക്കുന്നതാണ്. മധുരം ആവശ്യമില്ലെങ്കിൽ ഈ സ്റ്റെപ്പ് ഒഴിവാക്കുക.
ചിയ സീഡ്‌സ്
ഇതിലേയ്ക്ക് ഒരു സ്പൂൺ ചിയ സീഡ്‌സ് കൂടെ ചേർത്ത് നന്നായൊന്ന് മിക്സ് ചെയ്ത് കൊടുക്കുക. ചിയ സീഡ്‌സും ഈ ഓട്സ് മിശ്രിതത്തിൽ കിടന്ന് കുതിരാൻ അനുവദിക്കുക. ഭാരം കുറയ്ക്കാൻ സഹായിക്കുന്ന സവിശേഷതകൾ ചിയ സീഡ്‌സിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡ്, പ്രോട്ടീൻ, നാരുകൾ തുടങ്ങിയവയാൽ സമ്പന്നമാണ് ചിയ സീഡ്‌സ്. ദിവസവും ഒന്നോ രണ്ടോ ടേബിൾ സ്പൂൺ ചില സീഡ്‌സ് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഭാരം കുറയ്ക്കാനും സഹായിക്കും. ഓവർനൈറ്റ് ഓട്സിൽ ചേർക്കുന്നത് കൂടാതെ ചിയ സീഡ്‌സ് കഴിക്കാനുള്ള മാർഗ്ഗങ്ങൾ വേറെയുമുണ്ട്.
നട്സ്, പഴങ്ങൾ
ഇനി ഇതിന്റെ മുകളിലേയ്ക്ക് പഴങ്ങൾ ചെറുതായി കഷ്ണങ്ങൾ ആക്കിയത് ചേർക്കാം. ഇതും ഓപ്‌ഷണൽ ആണ്. നിങ്ങളുടെ പക്കലുള്ള പഴങ്ങൾ ചേർത്താൽ മതിയാകും. മാതളനാരങ്ങ, സ്ട്രോബെറി, ബ്ലൂബെറി, പഴം, ആപ്പിൾ തുടങ്ങിയവയൊക്കെ ചേർക്കുന്നത് നിങ്ങളുടെ ഓവർനൈറ്റ് ഓട്സിന്റെ രുചി വർധിപ്പിക്കും. സിട്രസ് പഴങ്ങൾ ചേർക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് കൂടാതെ ഇതിലേയ്ക്ക് നട്സ് ചേർക്കുക. കാഷ്യു, ബദാം, പിസ്ത, ഈന്തപ്പഴം എന്നിവയൊക്കെ നുറുക്കി ചേർക്കാവുന്നതാണ്. ഇത് നിങ്ങളുടെ വിഭവത്തെ കൂടുതൽ ക്രഞ്ചി ആക്കുമെന്ന് മാത്രമല്ല, കൂടുതൽ ആരോഗ്യദായകവുമാക്കും.
ഫ്രിഡ്ജിൽ ഒരു രാത്രി
ഇനി ഈ മിശ്രിതം തയ്യാറാക്കിയ പാത്രം നല്ലതുപോലെ അടച്ച് ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിൽ വെയ്ക്കുക. അടുത്ത ദിവസം രാവിലെ ഇതെടുത്ത് തണുപ്പ് മാറി കഴിയുമ്പോൾ കഴിക്കാവുന്നതാണ്. ശരീരഭാരം കുറയ്ക്കാനായി ഓട്സ് കഴിക്കാനുള്ള മികച്ച രീതിയാണ് ഇത്. ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് എല്ലാ ദിവസവും രാവിലെ ബ്രേക്ഫാസ്റ്റ് ആയി ഈ വിഭവം പരീക്ഷിക്കാവുന്നതാണ്. ഓട്സ് കുതിർക്കാൻ സാധാരണ പാൽ ആണെങ്കിലും ഉപയോഗിക്കാവുന്നതാണ്. അങ്ങനെയെങ്കിൽ low-fat milk ഇതിനായി തിരഞ്ഞെടുക്കുക. കഴിക്കുന്നതിന് മുമ്പായി ഇതിലേയ്ക്ക് ചോക്കോ ചിപ്സ് അല്ലെങ്കിൽ ചോക്ലേറ്റ് നുറുക്കിയത് ഇവയും രുചി വർധിപ്പിക്കാൻ ചേർക്കാവുന്നതാണ്.