മുഖ്യമന്ത്രി നേരിട്ട് മേൽനോട്ടം വഹിക്കുന്ന പദ്ധതി
കൊച്ചി-ബെംഗളൂരു ഇൻഡസ്ട്രിയൽ കോറിഡോറിൽ കേരളത്തിന് വലിയ പ്രതീക്ഷയാണുള്ളത്. പദ്ധതി നടത്തിപ്പിന്റെ മേൽനോട്ടം മുഖ്യമന്ത്രി നേരിട്ടു നടത്തുന്നതിൽത്തന്നെ കേരളത്തിന് ഈ പദ്ധതിയോടുള്ള സമീപനം വ്യക്തമാണ്. കേരളത്തിലെ നോഡുകളിലൊന്നായ പാലക്കാട് കഞ്ചിക്കോട് ആകെ 1774.5 ഏക്കർ ഭൂമിയാണ് വ്യവസായമേഖല സ്ഥാപിക്കുന്നതിനായി ഏറ്റെടുക്കുന്നത്. ഇതിൽ 1223.8 ഏക്കർ ഭൂമി ഏറ്റെടുത്തുകഴിഞ്ഞു. 1131 ഭൂവുടമകളിൽ നിന്നാണ് സ്ഥലമേറ്റെടുപ്പ്. ഇതിൽ 783 പേർക്കായി 1323.59 കോടി രൂപ നഷ്ടപരിഹാരം നൽകിക്കഴിഞ്ഞു. ബാക്കിയുള്ളവർക്ക് 500 കോടിയോളം നൽകാനുണ്ട്.
പദ്ധതിയുടെ മറ്റൊരു നോഡായ കൊച്ചി ഗിഫ്റ്റ് സിറ്റിക്കായി അയ്യമ്പുഴയിൽ 358 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഇതിനായി 850 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. സ്ഥലമേറ്റെടുപ്പ് പുരോഗമിക്കുകയാണ്.
വൻ തൊഴിൽസാധ്യതകൾ
അഞ്ച് വർഷത്തിനുള്ളിൽ 22,000 പേർക്ക് നേരിട്ട് തൊഴിൽ ലഭ്യമാക്കാൻ പോന്ന നിക്ഷേപം ഈ രണ്ട് നോഡുകളിലേക്കും ആകർഷിക്കാൻ കഴിയുമെന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷ. പരോക്ഷമായി 80,000 പേർക്കും തൊഴിൽ ലഭിക്കും. പ്രതിവർഷം 500 കോടിയിലധികം നികുതി വരുമാനം സംസ്ഥാന സർക്കാരിന് ലഭിക്കും.
ഇലക്ട്രോണിക് അധിഷ്ഠിത വ്യവസായങ്ങളും ഐടി വ്യവസായങ്ങളും കേരളത്തിലേക്ക് കൊണ്ടുവരാൻ ഗിഫ്റ്റ് സിറ്റിയുടെയും പാലക്കാട് ഇൻഡസ്ട്രിയൽ കോറിഡോറിന്റെയും സ്ഥാപനത്തിലൂടെ സാധിക്കുമെന്നാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. കൂടാതെ ഭക്ഷ്യസംസ്കരണം, പരമ്പരാഗത ഉൽപ്പന്ന നിര്മ്മാണം, ലോജിസ്റ്റിക് പാർക്കുകൾ, സംഭരണ കേന്ദ്രങ്ങൾ, ശീതീകരണ സംഭരണശാലകൾ, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉൽപ്പന്ന നിർമ്മാണം, ടെക്സ്റ്റൈൽ വ്യവസായം, ധാതു വ്യവസായം, റബ്ബർ അധിഷ്ഠിത വ്യവസായം, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ, പ്രതിരോധം, വ്യോമയാന ഉൽപ്പന്ന നിർമ്മാണം തുടങ്ങിയവയുമുണ്ടാകും. കേരളത്തെ കർണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുമായി വ്യാവസായികമായി ബന്ധിപ്പിക്കാൻ ഈ കോറിഡോറിന് സാധിക്കും.
സംസ്ഥാനവും കേന്ദ്രവും സംയുക്തമായി
സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും 50 ശതമാനം വീതമാണ് ഈ പദ്ധതിയുടെ നടത്തിപ്പിൽ ഓഹരി. സംസ്ഥാനമാണ് ആവശ്യമായ ഭൂമി ഏറ്റെടുത്തു നല്കുക. കേന്ദ്രം വ്യവസായ പാർക്ക് ഒരുക്കും. പാർക്ക് സ്ഥാപിക്കുക കണ്ണബ്ര വില്ലേജിലും, പുതുശ്ശേരി 1,2,3 വില്ലേജുകളിലുമായാണ്. പുതുശേരി ഒന്ന് വില്ലേജിൽ 600 ഏക്കർ, രണ്ടിൽ 558 ഏക്കർ, മൂന്നിൽ 375 ഏക്കർ, കണ്ണമ്പ്രയിൽ 311.23 ഏക്കർ എന്നിങ്ങനെ ഭൂമി ഏറ്റെടുക്കും.