ദുബായ് ഗ്ലോബല്‍ വില്ലേജ് സീസണ്-28 ഒക്ടോബര്‍ 18 മുതല്‍ ഏപ്രില്‍ 28 വരെ 194 ദിവസം നീണ്ടുനില്‍ക്കും. സംരംഭകര്‍ക്കും ചെറുകിട ബിസിനസ്സ് ഉടമകള്‍ക്കും അവരുടെ ബിസിനസുകള്‍ ഗ്ലോബല്‍ വില്ലേജില്‍ ചെയ്യാനും ദശലക്ഷക്കണക്കിന് സന്ദര്‍ശകരിലേക്ക് എത്തിക്കാനും സര്‍ഗ്ഗാത്മകത പ്രദര്‍ശിപ്പിക്കാനും അവസരമുണ്ട്.
ട്രേഡ് ലൈസന്‍സിന്റെ ആവശ്യകത ഇല്ലാതാകുന്നതോടെ സംരംഭകര്‍ക്ക് ഫുഡ് ആന്റ് ബീവറേജ് (എഫ് ആന്റ് ബി ബിസിനസ്) വ്യാപാരം തടസ്സമില്ലാതെ സജ്ജീകരിക്കാന്‍ കഴിയും. സ്റ്റാഫ് വിസകള്‍ക്കുള്ള സഹായവും കിയോസ്ക് ഘടനകളുടെ നിര്‍മാണവും ഉള്‍പ്പെടെ സംരംഭകര്‍ക്ക് ആകര്‍ഷകമായ സേവനങ്ങളും പിന്തുണയും ഗ്ലോബല്‍ വില്ലേജ് അധികൃതര്‍ വാഗ്ദാനം ചെയ്യുന്നു.
വില്ലേജില്‍ ഫുഡ് കാര്‍ട്ടും കിയോസ്കും തുറക്കുന്നതിന് അധികൃതര്‍ നല്കുന്ന സഹായങ്ങളും രജിസ്ട്രേഷന് ചെയ്യുന്ന രീതികളും നോക്കാം.
അധികൃതര്‍ നല്കുന്ന സഹായങ്ങള്‍
കിയോസ്ക് ഘടനകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സംഘാടകര്‍ തന്നെ ഒരുക്കും. സ്റ്റാഫ് വിസകള്‍ക്കുള്ള സഹായംചെയ്യും. സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സംഭരണ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സ്വന്തം ബ്രാന്‍ഡ് സൃഷ്ടിക്കുന്നതിന് നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സൈനേജ് കമ്പനികളിലേക്കും നിങ്ങളെ പരിചയപ്പെടുത്തും. ഒരു കമ്പനിയെ ബ്രാന്‍ഡ് ചെയ്യുന്നതിനുള്ള ഒരു പൊതുമാര്ഗമായും മാര്‍ക്കറ്റിങ് രീതിയായും സൈനേജ് മാര്‍ക്കറ്റിങ് മാറുന്നു. സൈനേജുകളുടെ ഉപയോഗത്തിലൂടെ പൊതുജനങ്ങളില്‍ ബ്രാന്‍ഡ് അംഗീകാരം ഉണ്ടാക്കിയെടുക്കാം.
നികുതി സംബന്ധമായ കാര്യങ്ങള്‍ ഫെഡറല്‍ ടാക്സ് അതോറിറ്റി (എഫ്ടിഎ) രജിസ്ട്രേഷനിലൂടെ എളുപ്പത്തില്‍ ചെയ്യാനാവും. ഉപഭോക്തൃ സൗകര്യത്തിനായി പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) സംവിധാനങ്ങളും ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങളും ഒരുക്കിനല്കും. യൂട്ടിലിറ്റി ബില്‍ പേയ്മെന്റ് ഇല്ല.
എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?
ഗ്ലോബല്‍ വില്ലേജ് വെബ്സൈറ്റിലെ ബിസിനസ് പേജ് സന്ദര്‍ശിച്ചാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. നിങ്ങളുടെ മുഴുവന്‍ പേര്, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ പോലുള്ള വ്യക്തിഗത വിശദാംശങ്ങള്‍ നല്‍കണം. തുടര്‍ന്ന് നിക്ഷേപത്തിലെ ‘കിയോസ്കുകളും ട്രോളികളും’ എന്ന വിഭാഗം തിരഞ്ഞെടുക്കുക. ഇത് രാജ്യ പവലിയനുകള്‍, സ്റ്റാളുകള്‍, റീട്ടെയില്‍ ഷോപ്പുകള്‍, റെസ്റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍ എന്നിവയ്ക്കുള്ള ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു.
ചെയ്യാന്‍ ഉദ്ദേശിക്കുന്ന ബിസിനസിന്റെ തരം തിരഞ്ഞെടുത്ത ശേഷം ബിസിനസ് കിയോസ്ക് വ്യക്തമാക്കുക. തുടര്‍ന്ന് നിബന്ധനകളും വ്യവസ്ഥകളും വായിച്ചുനോക്കി അംഗീകരിക്കുന്ന ബോക്സില്‍ ക്ലിക്ക് ചെയ്ത ശേഷം സബ്മിറ്റ് ചെയ്യണം. അപേക്ഷാ
ഫോം ഗ്ലോബല്‍ വില്ലേജ് അധികൃതര്‍ അവലോകനം ചെയ്ത ശേഷം അനുമതി നല്‍കുകയും നിങ്ങള്‍ പിന്തുടരേണ്ട നടപടിക്രമങ്ങളെക്കുറിച്ച് അറിയിക്കുകയുമാണ് ചെയ്യുക.
ചെറുകിട കച്ചവടങ്ങളിലെ നേട്ടങ്ങള്‍
വൈദ്യുതി, വെള്ളം തുടങ്ങിയ ബില്ലുകളെക്കുറിച്ച് ഓര്‍ത്ത് കച്ചവടക്കാര്‍ വിഷമിക്കേണ്ടതില്ല. എഫ് ആന്റ് ബി ബിസിനസ് ആശയങ്ങള്‍ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് അനുയോജ്യമായ അവസരങ്ങള്‍ വേഗത്തിലും എളുപ്പത്തിലും തുറന്നുനല്‍കുകയാണ് ട്രേഡ് ലൈസന്‍സ് ഒഴിവാക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. സാംസ്കാരിക വൈവിധ്യങ്ങളുടെ കേന്ദ്രമായ ഗ്ലോബല്‍ വില്ലേജില്‍ ചെറുകിട കച്ചവടങ്ങളിലൂടെയും ഫുഡ് കാര്‍ട്ടുകളിലൂടെയും മികച്ച വരുമാനമാണ് നിക്ഷേപകര്‍ക്ക് ലഭിച്ചുവരുന്നത്.
ട്രേഡ് ലൈസന്‍സിന്റെ ആവശ്യകത ഇല്ലാതാകുന്നതോടെ സംരംഭകര്‍ക്ക് ഗ്ലോബല്‍ വില്ലേജ് റിസ്ക് ഏറ്റവും കുറഞ്ഞ നിക്ഷേപകേന്ദ്രമായി മാറും. ബ്രാന്‍ഡിങിനായി മികച്ച കമ്പനികളുമായി സഹകരിക്കുന്നതിനുള്ള സഹായങ്ങളും സ്റ്റോറേജ് സൗകര്യങ്ങളും ഗ്ലോബല്‍ വില്ലേജ് വാഗ്ദാനം ചെയ്യുന്നു. ഫെഡറല്‍ ടാക്സ് അതോറിറ്റി രജിസ്ട്രേഷന് പിന്തുണ ഉറപ്പാക്കുന്നതിനൊപ്പം നികുതി നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതിന് വ്യാപാരികള്‍ക്ക് നടപടികള്‍ എളുപ്പമാക്കും.