എന്താണ് ഓണം
എന്താണ് ഓണം, എന്തിനാണ് മലയാളികൾ ഓണം ഇത്ര കേമമായി കൊണ്ടാടുന്നത്? പല കുട്ടികൾക്കും ഓണം എന്നത് ചിത്രങ്ങളിലൂടെ മാത്രം കണ്ടുള്ള പരിചയമായിരിക്കും. മാവേലി, പൂക്കളം, മറ്റ് ഓണാഘോഷങ്ങൾ എന്നിവയെല്ലാം ചിത്രങ്ങളിലൂടെ കണ്ട് പരിചയപ്പെട്ട കുട്ടികൾക്ക് വീട്ടിലെ മുതിർന്ന ആളുകളുടെ പഴയ ഓണക്കഥകൾ പറഞ്ഞുകൊടുക്കാൻ മടിക്കേണ്ട. മാതാപിതാക്കളുടെ പഴയ കഥകളൊക്കെ കേൾക്കാൻ കുഞ്ഞുങ്ങൾക്ക് എപ്പോഴും താല്പര്യമുണ്ടാകും. അപ്പോൾ പിന്നെ പഴയകാല ഓണക്കഥ കുഞ്ഞുങ്ങൾ ഏറെ ആകാംഷയോടെ കേട്ടിരിക്കുമെന്ന് ഉറപ്പ്.
മാവേലിത്തമ്പുരാന്റെ കഥ
ഓണത്തിന്റെ ഐതീഹ്യം എന്താണെന്ന് കുഞ്ഞുങ്ങൾക്ക് മനസിലാകുന്ന ഭാഷയിൽ ഒരു കഥ പോലെ പറഞ്ഞു കൊടുക്കുക. അസുര ചക്രവർത്തിയായ മഹാബലിയുടേയും വാമനന്റെയും കഥ കുഞ്ഞുങ്ങൾ ഏറെ താല്പര്യത്തോടെ കേൾക്കും. വാമനനാൽ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ട മഹാബലിത്തമ്പുരാന്റെ കഥ ജിജ്ഞാസയോടും കൗതുകത്തോടും കൂടി മാത്രമേ കുട്ടികൾക്ക് കേട്ടിരിക്കാനാകൂ. വർഷം തോറും തന്റെ പ്രജകളെ കാണാൻ മഹാബലി എത്തുന്ന ഉത്സവമാണ് ഓണമെന്ന് പറയുമ്പോൾ ഏത് കുഞ്ഞാണ് ഇത് കേൾക്കാൻ ചെവി നൽകാതിരിക്കുക? മഹാബലി നാട് വാണിരുന്ന സമ്പൽ സമൃദ്ധമായ കാലത്തെക്കുറിച്ച് കുട്ടികളോട് പറയാം.
പൂക്കളം
ഇന്നത്തെ തലമുറയിലെ ഒട്ടുമിക്ക കുട്ടികളും പൂക്കളമൊക്കെ മൊബൈലിൽ മാത്രമായിരിക്കും കണ്ടിട്ടുണ്ടാകുക. ഓണത്തിന് പൂക്കളമൊരുക്കുന്നതാണ് കുട്ടികളെ സംബന്ധിച്ച് ഏറ്റവും രസകരം. പൂക്കളം ഇടാനുള്ള പൂവിറുക്കാൻ കുരുന്നുകളെയും കൂടെ കൂട്ടാം. ശേഖരിച്ച പൂക്കൾ വേർതിരിക്കാനും അല്ലികൾ വേര്പെടുത്താനുമെല്ലാം കുട്ടികളെ ഏല്പിച്ചുനോക്കൂ, അവർ ആഹ്ലാദത്തോടെ ചെയ്യും. സ്മാർട്ഫോണുകളിൽ ഏറെ നേരം ചിലവിടുന്ന കുട്ടികളുടെ ശ്രദ്ധ തിരിക്കാൻ കൂടി സഹായിക്കുന്ന ഒന്നാണ് ഇത്തരം പ്രവൃത്തികൾ.
semiya payasam:ഓണത്തിന് വളരെ എളുപ്പത്തില് സേമിയപായസം തയ്യാറാക്കിയാലോ
കുഞ്ഞുങ്ങളുടെ ഓണക്കോടി
പണ്ടൊക്കെ പുതിയ ഉടുപ്പ് കിട്ടുന്നത് ഓണക്കാലത്ത് മാത്രമായിരുന്നു. എന്നാൽ ഇക്കാലത്ത് പുതുവസ്ത്രം എന്നത് വലിയ പുതുമയൊന്നുമല്ലെങ്കിലും ഓണക്കോടിയില്ലാത്ത ഓണം മുതിർന്നവർക്ക് പോലും ചിന്തിക്കാനാകില്ല. അപ്പോൾ പിന്നെ പുത്തനുടുപ്പ് കിട്ടുന്നത് ഏത് കുഞ്ഞിനെയാണ് സന്തോഷിപ്പിക്കാത്തത്? ഓണത്തിന് ധരിക്കാനുള്ള പുത്തൻ കോടി തന്നെ കുഞ്ഞിന് സമ്മാനമായി നൽകാം.
ഓണപ്പാട്ടും മത്സരങ്ങളും
ഓണാഘോഷങ്ങൾക്ക് ആവേശം പകരുന്നത് വിവിധ മത്സരങ്ങളാണ്. ഇത്തരം മത്സരങ്ങളിൽ പങ്കുചേരാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. കൂടാതെ ഓണവുമായി ബന്ധപ്പെട്ട വിവിധ കലാരൂപങ്ങളെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുക. ഈ കലാരൂപങ്ങൾ അവതരിപ്പിക്കാനും കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിക്കാവുന്നതാണ്. ഓണപ്പാട്ടുകൾ പഠിപ്പിക്കുകയും പാടാൻ അവസരം നൽകുകയും ചെയ്യുക. കുട്ടികളിലെ സഗ്ഗാത്മകത വളർത്താനുള്ള അവസരം കൂടിയാണ് ഇത്തരം ഓണപ്പരിപാടികൾ.
കുട്ടി മാവേലി
മാവേലിയുടെ രൂപം കെട്ടാതെ ഒരു ഓണാഘോഷം മലയാളിക്കില്ല. കുറച്ച് വണ്ണവും വയറുമൊക്കെയുള്ള ആളുകളാണ് മഹാബലിയാകുക. എന്നാൽ കുട്ടികളെ എന്തുകൊണ്ട് മഹാബലിയായി ഒരുക്കിക്കൂടാ? വീട്ടിൽ ലഭ്യമായ വസ്തുക്കൾ വെച്ച് കുഞ്ഞു മാവേലിയെ ഒരുക്കാം. കരുതലിന്റെയും ഒത്തൊരുമയുടെയും ഈ ഓണക്കാലത്ത് ഇങ്ങനെയൊക്കെയാല്ലാതെ എങ്ങനെയാണ് കുട്ടികളുടെ ഓണമാ ഗംഭീരമാക്കുക?
ഓണസദ്യ
ഓണത്തിന്റെ ഏറ്റവും പ്രധാന ആകർഷണം വീട്ടിൽ എല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കുന്ന സദ്യ തന്നെയാണ്. സദ്യ ഒരുക്കാനുള്ള ചുമതല സാധാരണ വീട്ടിലെ മുതിർന്നവർക്കാണ്. എന്നാൽ കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന ചെറിയ ചുമതലകൾ അവരെ ഏല്പിക്കാം. സദ്യക്ക് ഇലയിടാൻ, അല്ലെങ്കിൽ ഇലയിൽ കായ വറുത്തത് പോലുള്ളവ വിളമ്പാൻ കുട്ടികളോട് പറയാം.
നന്മയുടെ പാഠങ്ങൾ
ഓണക്കാലം എന്നത് ആഘോഷത്തിന്റെ കാലം മാത്രമല്ല, നന്മയുടെയും കരുതലിന്റെയും പാഠങ്ങൾ കുഞ്ഞുങ്ങൾക്ക് പകർന്നു നൽകാനുള്ള അവസരം കൂടിയാണ്. സ്വയം ആഘോഷത്തിൽ ഏർപ്പെടുമ്പോൾ ഓണം ആഘോഷിക്കാൻ വകയില്ലാത്ത കൂട്ടുകാരുണ്ടോ എന്ന് അന്വേഷിക്കുന്നതും ഉണ്ടെങ്കിൽ അവർക്ക് സമ്മാനങ്ങളോ, ഓണക്കോടിയോ നൽകുന്നതും സദ്യയുണ്ണാൻ ക്ഷണിക്കുന്നതുമെല്ലാം കുട്ടികളിൽ മറ്റുള്ളവരോടുള്ള സഹാനുഭൂതി വളർത്താനും സഹായിക്കും.