അബുദാബി -> എമിറേറ്റിലുടനീളമുള്ള കെട്ടിടങ്ങളിലെ ഗ്യാസ് വിതരണത്തിനും ആപ്ലിക്കേഷനുകൾക്കുമുള്ള സുരക്ഷാ പ്രോട്ടോക്കോളുകളും മാനദണ്ഡങ്ങളും അവലോകനം ചെയ്യുന്നതിനായി അബുദാബി ഊർജ വകുപ്പ് ഗ്യാസ് സേഫ്റ്റി കമ്മിറ്റി രൂപീകരിച്ചു. സർക്കാർ സഹായ വകുപ്പ്, സാമ്പത്തിക വികസന വകുപ്പ്, മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ്, അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി, അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി, അബുദാബി ഡിജിറ്റൽ അതോറിറ്റി, അബുദാബി ക്വാളിറ്റി കംപ്ലയൻസ് കൗൺസിൽ, സ്റ്റാറ്റിസ്റ്റിക്സ് സെന്റർ, അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ, ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ, അഡ്നോക് ഡിസ്ട്രിബ്യൂഷൻ ഉൾപ്പെടെ പന്ത്രണ്ട് സ്ഥാപനങ്ങളാണ് കമ്മിറ്റിയിലുള്ളത്.
അബുദാബിയിലെ ഗ്യാസ് വിതരണ പ്രവർത്തനങ്ങൾ, ഇൻസ്റ്റാളേഷനുകൾ എന്നീ ഘട്ടങ്ങളിൽ അപകടങ്ങൾ തടഞ്ഞ് സുരക്ഷ ഉറപ്പാക്കുക എന്നതാണ് കമ്മിറ്റിയുടെ പ്രാഥമിക ലക്ഷ്യം. നിലവിലുള്ള ഗ്യാസ് പ്രവർത്തനങ്ങളുടെ സമഗ്രമായ വിലയിരുത്തൽ നടത്തുക, അവശ്യ സുരക്ഷാ മാനദണ്ഡങ്ങൾ നിർദ്ദേശിക്കുക, റിപ്പോർട്ടുകളും പെർഫോമൻസ് ഇൻഡിക്കേറ്ററുകളും വിശകലനം ചെയ്യൽ എന്നിവ ഉൾപ്പെടുന്നതാണ് പ്രവർത്തനങ്ങൾ.
ഗ്യാസ് വിതരണത്തിൽ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള നടപടികളും സമിതി ശുപാർശ ചെയ്യും. ഗ്യാസ് സിസ്റ്റങ്ങൾ, ഇൻസ്പെക്ഷൻ കാമ്പെയ്നുകൾ എന്നിവയുമായി ബന്ധപ്പെട്ട നിയമനിർമ്മാണവും ഭരണപരമായ നടപടിക്രമങ്ങളും സമിതി നിർദ്ദേശിക്കും. കൂടാതെ എമിറേറ്റിലുടനീളം നിലവിലുള്ള ഗ്യാസ് സംവിധാനങ്ങൾക്കായി സമഗ്രമായ ഡാറ്റാബേസുകൾ സൃഷ്ടിക്കാൻ നിർദ്ദേശിക്കുകയും ചെയ്യും. ജൂലൈയിൽ ആരംഭിച്ച ഗ്യാസ് സിസ്റ്റംസ് സേഫ്റ്റി ഇൻസ്പെക്ഷൻ കാമ്പെയ്ൻ ആറ് മാസത്തിനുള്ളിൽ ഏകദേശം 2,800 കെട്ടിടങ്ങൾ പരിശോധിക്കാൻ ലക്ഷ്യമിടുന്നു. വിജ്ഞാനപ്രദമായ ശിൽപശാലകളും ദ്രവീകൃത പെട്രോളിയം വാതക സംവിധാനങ്ങൾക്കുള്ള തിരുത്തൽ നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോകളും ഉൾക്കൊള്ളുന്ന ഒരു പൊതു ബോധവൽക്കരണവും ഈ കാമ്പെയ്നിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..