ദുബായ്> ലൈസന്‍സിലെ ബ്ലാക്ക്പോയന്റുകള് കുറക്കാന്‍ സുവര്‍ണാവസരമൊരുക്കി ആഭ്യന്തര മന്ത്രാലയം. പുതിയ അക്കാദമിക വര്‍ഷം തുടങ്ങുന്ന ആഗസ്റ്റ് 28ന് സുരക്ഷിതമായി വാഹനം ഓടിക്കുന്നവര്‍ക്ക് നാല് ട്രാഫിക് പോയന്റുകള്‍ നല്‍കുമെന്നാണ് മന്ത്രാലയം സൂചിപ്പിച്ചിട്ടുള്ളത്. ഇതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് പുതിയ അധ്യയന വര്‍ഷത്തെ ആദ്യദിനം ഞാന്‍ സുരക്ഷിതമായി വാഹനം ഓടിക്കുമെന്ന് പ്രതിജ്ഞയെടുക്കണം . തുടര്‍ന്ന് അന്നേ ദിവസം ട്രാഫിക് നിയമം ലംഘിക്കാനോ അപകടം വരുത്തുകയോ ചെയ്യാതിരുന്നാല്‍ ലൈസന്‍സില്‍ നാല് പോസിറ്റിവ് പോയന്റ് ലഭിക്കുമെന്ന് ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ അറിയിച്ചു.
രാജ്യവ്യാപകമായി പ്രഖ്യാപിച്ച ‘അപകടമില്ലാത്ത ദിനം’ സംരംഭത്തിന്റെ ഭാഗമായാണ് നടപടി. രണ്ടുമാസത്തെ വേനലവധിക്കു ശേഷം ആഗസ്റ്റ് 28നാണ് യു.എ.ഇയില്‍ സ്കൂളുകള്‍ തുറക്കുന്നത്. അന്നേ ദിവസം അപകടരഹിതമാക്കുകയെന്ന ലക്ഷ്യം മുന്നില്‍ക്കണ്ടാണ് ഇത്തരമൊരു സംരംഭം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ അറിയിച്ചു. ലൈസന്‍സില്‍ ബ്ലാക്ക് പോയന്റ് ഉള്ളവര്‍ക്ക് അതു കുറക്കാന്‍ പുതിയ സംരംഭം സഹായകരമാവും. രാജ്യത്ത് ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കാണ് പൊലീസ് ബ്ലാക്ക് പോയന്റ് ലഭിക്കുന്നത്. 24 ബ്ലാക്ക് പോയന്റ് ലഭിച്ചാല്‍ ലൈസന്‍സ് റദ്ദാക്കപ്പെടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..