നിലവിലെ നിയമങ്ങൾ?
1989ലെ റെയിൽവേയ്സ് ആക്ട് പ്രകാരമാണ് നിലവിൽ കല്ലേറുകാർക്കെതിരെ നടപടികളെടുക്കുന്നത്. ഈ നിയമത്തിലെ 153, 154 വകുപ്പുകളാണ് സാധാരണ പ്രയോഗിക്കുക. റെയിൽവേ നിയമത്തിലെ സെക്ഷൻ 153 പറയുന്നതു പ്രകാരം, “മനപ്പൂർവ്വമായി ഒരു പ്രവൃത്തി ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യുന്നതിലൂടെ റെയിൽവേ യാത്രക്കാരുടെ സുരക്ഷയെ അപകടത്തിലാക്കുന്നതി”നെതിരെ പ്രയോഗിക്കാനുള്ളതാണ് ഈ വകുപ്പ്. ഇങ്ങനെ ചെയ്യുന്നതായാൽ അയാൾക്ക് അഞ്ചുവർഷം വരെ തടവ് ലഭിക്കും.
റെയിൽവേയ്സ് ആക്ടിന്റെ 154ാം വകുപ്പ് പറയുന്നത് “റെയിൽവേയിൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷയെ വീണ്ടുവിചാരമില്ലായ്മ കൊണ്ടോ അശ്രദ്ധ കൊണ്ടോ അപകടത്തിലാക്കുന്നതി”നെതിരെ പ്രയോഗിക്കുന്ന വകുപ്പാണിത്. ഈ വകുപ്പ് പ്രകാരം ഒരു വർഷം തടവോ പിഴയോ രണ്ടുംകൂടിയോ ലഭിക്കാം. കേസിൽ കുടുങ്ങുന്നവരെ പരമാവധി വലയ്ക്കാൻ റെയിൽവേ പൊലീസിനും കേരളാ പൊലീസിനും അറിയാമെന്നത് കല്ലേറുകാർ ഓർത്തിരുന്നാല് നല്ലത്. ചെറിയ ഒരു പിഴ നൽകി രക്ഷപ്പെട്ടുപോരാം എന്ന് കരുതാൻ ഇനി സാധിക്കില്ല. കർക്കശമായ നിലപാടെടുത്ത് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനാണ് പൊലീസ് ശ്രമിക്കുക. ഈ വകുപ്പുകൾ കൂടാതെ മറ്റ് വകുപ്പുകളും ചാർത്തപ്പെടാൻ സാധ്യത അവർ കണ്ടെത്തിയെന്നും വരാം.
നിർഭാഗ്യകരമായ കാര്യം അധികംപേരിലും ശിക്ഷ നടപ്പാക്കാൻ റെയിൽവേക്ക് കഴിയാറില്ല എന്നതാണ്. അതിനു ചില കാരണങ്ങളുണ്ട്.
ആരാണ് കല്ലെറിയുന്നവർ?
പ്രാഥമികമായ ഉത്തരം മനോരോഗികൾ, കുട്ടികൾ എന്നൊക്കെയാണ്. കല്ലെറിയുന്നവരിൽ ഭൂരിഭാഗം പേരും ഇത്തരക്കാരാണ്. ഇവരെ ശിക്ഷിക്കാൻ കഴിയില്ല. മനോരോഗികളെ ആശുപത്രിയിലേക്കും കുട്ടികളെ കൗൺസിലിങ്ങിനും അയയ്ക്കാനാകും. 2017ൽ മുംബൈയിലെ ചില ചേരികളിലൂടെ കടന്നുപോകുന്ന ട്രെയിനുകൾക്കു നേരെ കല്ലേറ് വന്ന സംഭവങ്ങളുണ്ടായി. കാരണക്കാർ കുട്ടികളായിരുന്നു. തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥർ നേരിട്ടുചെന്ന് കൗൺസിലിങ് നൽകിയാണ് കുട്ടികളുടെ കല്ലേറ് ശമിപ്പിച്ചത്.
പിന്നീട് വരുന്ന വിഭാഗം സ്ഥിരബുദ്ധിയുള്ള മുതിർന്നവർ തന്നെയാണ്. അവർ പലതരം ഇച്ഛാഭംഗങ്ങൾ ബാധിച്ചവരാകാം. ഒരുദാഹരണം പറയാം. ഉത്തരേന്ത്യൻ നാടുകളിൽ ഇത്തരം കല്ലേറുകൾ നടത്തിയ പ്രതികളെ പിടിച്ചപ്പോൾ അവർ പറഞ്ഞ ചില ന്യായങ്ങൾ രസകരമായിരുന്നു. കന്നുകാലികൾ ട്രെയിനിടിച്ചു മരിച്ചതിനു ശേഷം അവയുടെ ഉടമകൾ ആ രോഷം തീർക്കാൻ ട്രെയിനിനു കല്ലെറിയാൻ തുടങ്ങിയതാണ്.
മറ്റുചിലർ വെറും ആനന്ദത്തിനു വേണ്ടി കല്ലെറിയുന്നവരാണ്. ചില്ലിലേക്ക് എറിയുന്നതും. ചില്ല് പൊട്ടുന്നതും ഇത്തരക്കാരിൽ വലിയ ആനന്ദം ഉണ്ടാക്കുന്നു. സാറ്റിസ്ഫാക്ഷൻ റീൽസിൽ കാണാറുള്ള ചില്ലുപൊട്ടിക്കൽ നമ്മളും ആസ്വദിക്കാറുണ്ട്. ആ ആസ്വാദനത്തിന്റെ കുറെക്കൂടി മുന്തിയ ഒരിനം എന്ന് കരുതിയാൽ മതി. വന്ദേ ഭാരതിന്റെ പ്രത്യേകത അതിന്റെ ചില്ലുകൾകൂടിയാണ്. ഈ ചില്ലുകൾ കാണുമ്പോൾ അതൊന്ന് എറിഞ്ഞു പൊട്ടിച്ചാലോ എന്ന് തോന്നുന്നവരാണ് ചിലർ. ഭോപ്പാൽ-ഡൽഹി വന്ദേഭാരതിനെ കല്ലെറിഞ്ഞ ഫിറോസ് ഖാൻ എന്ന ഒരു ഇരുപതുകാരനെ കഴിഞ്ഞയാഴ്ച പിടികൂടിയിരുന്നു. അവൻ പറഞ്ഞ കാരണം, ‘വെറുതെ ഒരു രസം’ എന്നായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട പയ്യന് ക്രിമിനൽ പശ്ചാത്തലമൊന്നുമില്ല. ഏഴ് ചെറിയ കുട്ടികളെയും ഗ്വാളിയാർ പൊലീസ് ഈയിടെ കല്ലേറിന് പിടികൂടിയിരുന്നു. എല്ലാവരെയും താക്കീത് ചെയ്ത് വിട്ടയയ്ക്കുകയും ചെയ്തു.
സോഷ്യൽ മീഡിയയിൽ റീൽസ് ഇടാൻ വേണ്ടി കല്ലെറിയുന്നവരുമുണ്ട്. ഇവരിലധികവും കുട്ടികളാണ്.
കല്ലേറിനു പിന്നിൽ രാഷ്ട്രീയമുണ്ടോ?
വന്ദേ ഭാരതിന് കല്ലെറിഞ്ഞതിന്റെ പേരിൽ നിരവധി പേർ ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലുമായി പിടിയിലായിട്ടുണ്ട്. കേരളത്തിനു പുറത്താണ് ഏറ്റവും കൂടുതൽ കല്ലേറുകൾ നടന്നിട്ടുള്ളത്. ഇവയിൽ പിടിയിലായവർക്ക് എന്തെങ്കിലും രാഷ്ട്രീയ താൽപ്പര്യങ്ങളുള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മിക്കവരും കുട്ടികളോ കുട്ടികളുടെ മനോനിലയുള്ളവരോ ആണ്. കല്ലെറിഞ്ഞ മുതിർന്നവരുടെ താൽപ്പര്യം ‘മനസ്സുഖം’ തന്നെയായിരുന്നെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.