മസ്ക്കറ്റ് > അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് ഒമാൻ ആതിഥ്യം വഹിക്കും. പ്രശസ്തരായ നിരവധി താരങ്ങൾ മേളയിൽ പങ്കെടുക്കും.
2024 മാർച്ച് മൂന്നിന് ആരംഭിക്കുന്ന മസ്കറ്റ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനു പുറമെ “സിനിമാന അറബ് ഫിലിം ഫെസ്റ്റ് (CAFF )” എന്ന പേരിൽ പ്രാദേശിക ചലച്ചിത്രമേളയും ഒമാനിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കും. മേളയുടെ ഭാഗമായി അൽ ദഖിലിയ ഫിലിം ഫെസ്റ്റ്, അൽ ബാത്തിന ഫിലിം ഫെസ്റ്റ് എന്നീ പ്രാദേശിക ചലച്ചിത്രമേളകൾ വരും മാസങ്ങളിൽ സംഘടിപ്പിക്കുമെന്ന് ഒമാൻ ഫിലിം സൊസൈറ്റി പ്രസിഡന്റ് ഹുമൈദ് അൽ അമ്രി പറഞ്ഞു സെപ്റ്റംബര്‍ 12 മുതല്‍ 15 വരെ നടക്കുന്ന അല്‍ ദഖിലിയ ഫിലിം ഫെസ്റ്റിവലിൽ ഹ്രസ്വചിത്രങ്ങൾ, ഡോക്യൂമെന്ററികൾ, ഗ്രാഫിക് ചിത്രങ്ങൾ എന്നിവ പ്രദർശിപ്പിക്കും.
പരമ്പരാഗത റെഡ് കാർപെറ്റ് രീതിക്കു പകരം ഗ്രീൻ കാർപെറ്റ് സ്വീകരണം നടപ്പാക്കുന്നതും എല്ലാ സിനിമകളും ഓപ്പൺ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നതും വഴി പരിപൂർണമായി ഒരു പരിസ്ഥിതി സൗഹൃദ ചലച്ചിത്രമേളയായി മാറുമെന്നതുമാണ് അൽ ദഖിലിയ ഫിലിം ഫെസ്റ്റിനെ വ്യത്യസ്തമാക്കുന്നതെന്ന് പരിപാടിയുടെ ചീഫ് കോർഡിനേറ്റർ മുഹമ്മദ് അൽ കിണ്ടി പറഞ്ഞു.
സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ലിറ്ററേച്ചർ ആന്‍ഡ് ഫിലിം സ്റ്റഡീസ് വിഭാഗം പ്രൊഫസർ ഡോ.മോനിയ ഹെയ്ജേജിന്റെ അധ്യക്ഷതയിൽ അറബ് ചലച്ചിത്ര രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സെമിനാറുകളും ശില്പശാലകളും മേളയോടൊപ്പം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒമാനി റീജിയണൽ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായ അല്‍ ബാത്തിന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നവംബര്‍ 12 മുതൽ 15 വരെ അല്‍ ബാത്തിന സൗത്ത് ഗവർണറുടെ ഓഫീസുമായി സഹകരിച്ച് നടക്കും. “ഭൂമിയുമായുള്ള മനുഷ്യ ബന്ധം” എന്ന മുദ്രാവാക്യത്തിൽ സംഘടിപ്പിക്കുന്ന വാർഷിക ചലച്ചിത്രമേളയുടെ രണ്ടാം പതിപ്പ് ഒമാനി പൗരന്മാരും പരിസ്ഥിതിയും തമ്മിലുള്ള ശക്തമായ ബന്ധം ഉയർത്തിക്കാട്ടാൻ ലക്ഷ്യമിടുന്നു.
വിവിധ തരത്തിലുള്ള മത്സരങ്ങളും ചലച്ചിത്രമേളയുടെ ഭാഗമായി നടക്കും. സ്വദേശികളായ പൗരന്മാർക്കും പ്രവാസികൾക്കും ചലച്ചിത്രമേളയിൽ പങ്കെടുക്കാൻ കഴിയും എന്നുള്ളതാണ് മേളയെ വ്യത്യസ്തമാക്കുന്നത്. അതിനായി പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..