നഗരത്തിൽനിന്നു തെല്ലുമാറിയിട്ടാണ് കുടുംബക്കൂട്ടായ്മ നടന്ന പാർക്ക് ഹൗസ് ഹ്യൂഗൽ ഹോട്ടൽ. റൂർ നദിയിലെ മനോഹരമായ ഒരു തടാകമാണ് ഇവിടെയുള്ളത്. ബാൾഡനൈസീ (Baldaneysee) എന്നറിയപ്പെടുന്നു. പ്രധാനപ്പെട്ട ടൂറിസ്റ്റ് സങ്കേതമാണ്. പിന്നീടൊരിക്കൽക്കൂടി ഞങ്ങൾ ഇവിടെ വരികയും നദിയിൽ ബോട്ടുസവാരി നടത്തുകയും ചെയ്തു.
5.
ഞാൻ ജർമനിയിൽ ഉണ്ടായിരുന്ന സമയത്താണ് രാജയും നാദിയയും തമ്മിലെ വിവാഹം രജിസ്റ്റർ ചെയ്യപ്പെട്ടത്. തികച്ചും ഔദ്യോഗികമായ ഒരു നടപടിയാണെങ്കിലും നാദിയയുടെ കുടുംബം അതാഘോഷിക്കാൻ നിശ്ചയിച്ചു. കുടുംബാംഗങ്ങളുടെ ഒരു കൂടിച്ചേരലാണ് അവർ ഉദ്ദേശിച്ചത്. മാര്യേജ് ആപ്പീസിലെ നടപടികൾക്കു ശേഷം റൂർ (Ruhr) നദീതീരത്തുള്ള ഒരു ഹോട്ടലിൽ ഉച്ചഭക്ഷണം. അൽപ്പം സംഗീതം. എല്ലാവരുമടക്കം ഇരുപതോ ഇരുപത്തഞ്ചോ പേർ ഉണ്ടായിരുന്നിരിക്കണം.
നാദിയ രാജമാരുടെ വിവാഹം അതിനിടെ ലോകത്തിനു സംഭവിച്ച പ്രതിസന്ധികളുടെ ഫലമായി വല്ലാതെയങ്ങ് നീണ്ടുപോയിരുന്നു. കേരളത്തിൽ വന്ന് വിവാഹം ചെയ്യാം എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് 2020ൽ ഇരുവരും എത്തിയത്. നാട്ടിലെത്തി ഒരാഴ്ച പിന്നിട്ടപ്പോഴേക്കും കോവിഡ് വ്യാപിച്ച് ലോകം അനിശ്ചിതത്വത്തിലായതും അവരിവിടെ കുടുങ്ങിയതും നേരത്തെ എഴുതിയിരുന്നുവല്ലോ. വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പോലും പറ്റാത്ത സ്ഥിതിയായിരുന്നു.
ഇനി കല്യാണം ജർമനിയിൽവെച്ച് എന്ന നിശ്ചയത്തോടെയാണ് അവർ തിരിച്ചുപോയത്.
ചെന്നയുടനെ അതിനുള്ള പേപ്പറുകൾ തയ്യാറാക്കി സമർപ്പിച്ചു. പക്ഷേ കോവിഡ് അവിടെയും പ്രശ്നമായി. ആദ്യഘട്ടത്തിൽ ആ മഹാമാരിയെ ഒരുവിധം അകറ്റി നിർത്താൻ ജർമനിക്കു കഴിഞ്ഞിരുന്നു.
ഏഞ്ചല മെർക്കൽ
ജർമനിയിലും കേരളത്തിലുമാണ് മികച്ച രീതിയിൽ പ്രതിരോധപ്രവർത്തനങ്ങൾ നടക്കുന്നതെന്ന് വാർത്തകൾ ഉണ്ടായിരുന്നു. അവരുടെ ഏഞ്ചല മെർക്കലിന്റെയും നമ്മുടെ ശൈലജ ടീച്ചറുടേയും ചിത്രങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വന്നു. പക്ഷേ രണ്ടാംഘട്ടത്തിലെ വ്യാപനം ജർമനിയെ മാരകമായി ബാധിച്ചു. സർക്കാർ ആപ്പീസുകളല്ലാം നീണ്ടകാലം അടഞ്ഞുകിടന്നു. അങ്ങനെ വിവാഹം അനിശ്ചിതമായി നീണ്ടുപോയി.
അപേക്ഷിച്ച് ഏതാണ്ട് രണ്ടുവർഷങ്ങൾക്കുശേഷമാണ് മാര്യേജ് രജിസ്ട്രേഷള്ള സമ്മതവും സമയവും ലഭിച്ചത്. രണ്ടുരാജ്യങ്ങളിലെ പൗരന്മാർ വിവാഹം ചെയ്യുന്നതിന് നിരവധി കടമ്പകൾ കടക്കേണ്ടതുണ്ട്. വധൂവരന്മാർ മറ്റൊരു വിവാഹബന്ധത്തിൽ ഉൾപ്പെട്ടവരല്ല എന്ന രേഖയാണ് പ്രധാനം. ഇന്ത്യയിൽ അതു നൽകാൻ ഉത്തരവാദപ്പെട്ട ഏജൻസിയില്ല എന്നത് ഒരു പ്രശ്നമാണ്.
എമ്പസികളിൽ നിന്നോ സർക്കാർ വകുപ്പുകളിൽ നിന്നോ അതു വാങ്ങിച്ച് സമർപ്പിച്ചാൽ പിന്നെ അതിന്മേൽ സൂക്ഷ്മമായ അന്വേഷണം നടത്തും. രാജ വിവാഹിതനാണോ എന്നറിയാൻ വേണ്ടി ജർമൻ എമ്പസിയിൽനിന്ന് നിയോഗിച്ച ഒരാൾ കാട്ടൂരിൽ വന്നു എന്നു പറഞ്ഞാൽ അതിന്റെ ഗൗരവം ഊഹിക്കാമല്ലോ. അന്വേഷണങ്ങൾക്ക് വിശ്വസ്തരായ ചില ഏജൻസികളെയാണ് അവർ ചുമതലപ്പെടുത്തുന്നത്.
എസ്സെൻ നഗരമധ്യത്തിൽ തന്നെയായിരുന്നു മാര്യേജ് രജിസ്ട്രേഷൻ ആപ്പീസ്. കേരളത്തിലെ രജിസ്ട്രേഷൻ വകുപ്പിൽ ദീർഘകാലം ജോലി ചെയ്ത അനുഭവമുള്ളതുകൊണ്ട് അവിടത്തെ ഓഫീസ് നടപടിക്രമങ്ങൾ
കെ കെ ശൈലജ
എനിക്ക് കൗതുകമുണ്ടാക്കി. നിയമവകുപ്പിന് കീഴിലാണ് അവിടെ മാര്യേജ് രജിസ്ട്രേഷൻ. വെടിപ്പും വൃത്തിയുമുള്ള ഓഫീസ്. കക്ഷികൾക്ക് മുൻകൂട്ടി സമയം നിശ്ചയിച്ചുകൊടുക്കുന്നതുകൊണ്ട് ആൾക്കൂട്ടമില്ല. രേഖകൾ നേരത്തെ സമർപ്പിച്ചതാണല്ലോ.
വരനും വധുവും ഓഫീസർക്കു മുന്നിൽ ഹാജരാകണം. രണ്ടു സാക്ഷികളും വേണം. വരന്റെയും വധുവിന്റെയും സഹോദരങ്ങൾ സാക്ഷികളായി. കൂടാതെ വരന് ജർമൻ ഭാഷ അത്ര വശമില്ലാത്തതുകൊണ്ട് ഒരു ട്രാൻസ്ലേറ്റർ വേണ്ടിവന്നു. നീണ്ട് ആജാനുബാഹുവായ ഒരു നീഗ്രോ ആയിരുന്നു ഔദ്യോഗിക ട്രാൻസലേറ്റർ. അദ്ദേഹമായിരുന്നു അവിടത്തെ ഒരു വേറിട്ട കാഴ്ച.
മാര്യേജ് ഓഫീസർ പ്രസാദവതിയായ ഒരു സ്ത്രീയായിരുന്നു. അവർ പ്രാധാനമായും അന്വേഷിച്ചത് കഴിഞ്ഞ രണ്ടുവർഷത്തെ പ്രണയ സഹവാസംകൊണ്ട് നിങ്ങൾക്ക് മടുപ്പൊന്നും ഉണ്ടായില്ലേ എന്നാണ്. പരസ്പരം മനസ്സിലാക്കിയോ എന്നും ചോദിച്ചു. ആ അന്വേഷണം എനിക്ക് ശരിയായി തോന്നി.
പ്രണയം എന്നത് മറ്റെല്ലാ സ്നേഹബന്ധത്തെക്കാളും തീവ്രമാണെങ്കിലും പരസ്പരം അറിയുന്നുണ്ടോ എന്നത് ഒരു പ്രശ്നമാണ്. നീണ്ടകാലത്തെ പ്രണയത്തിനുശേഷം ദാമ്പത്യജീവിതം ആരംഭിക്കുമ്പോൾ അസ്വാരസ്യങ്ങൾ ഉണ്ടാകുന്നത് കണ്ടിട്ടുണ്ട്. പ്രണയകാലത്ത് എത്രയോ സംസാരിക്കുന്നു. പക്ഷെ കെട്ടുകഴിഞ്ഞതിന്റെ പിറ്റേന്നു മുതലാണ് അവൻ ആരെന്നും അവൾ ആരെന്നും അറിയുന്നത്. അമ്പരക്കുന്നതും.
നഗരത്തിൽനിന്നു തെല്ലുമാറിയിട്ടാണ് കുടുംബക്കൂട്ടായ്മ നടന്ന പാർക്ക് ഹൗസ് ഹ്യൂഗൽ ഹോട്ടൽ. റൂർ നദിയിലെ മനോഹരമായ ഒരു തടാകമാണ് ഇവിടെയുള്ളത്. ബാൾഡനൈസീ (Baldaneysee) എന്നറിയപ്പെടുന്നു. പ്രധാനപ്പെട്ട ടൂറിസ്റ്റ് സങ്കേതമാണ്. പിന്നീടൊരിക്കൽക്കൂടി ഞങ്ങൾ ഇവിടെ വരികയും നദിയിൽ ബോട്ടുസവാരി നടത്തുകയും ചെയ്തു. ജലകേളികൾക്ക് പ്രശസ്തമാണിവിടം. വാട്ടർ സ്പോർട്സിന്റെ ആസ്ഥാനം. കാറ്റുപായ തുഴച്ചിൽക്കാരെ ഒരുപാട് കാണാം. തടാകക്കര ബീച്ചുപോലെ മണൽ വിരിച്ചു രൂപപ്പെടുത്തിയിട്ടുണ്ട്. ധാരാളം പേർ വെയിൽ കാഞ്ഞു കിടക്കുന്നു. ബീച്ച് വോളിബോൾ തുടങ്ങിയ വിനോദങ്ങളുമുണ്ട്.
ഇതിനടുത്ത വനമേഖലയിലെ വില്ല ഹ്യൂഗൽ എന്ന പുരാതന കെട്ടിടവും ഞങ്ങൾ അന്ന് സന്ദർശിച്ചു. ആൽഫ്രഡ് ക്രൂപ് (Alfred Krup) എന്ന വ്യവസായപ്രമുഖൻ 1870ൽ പണിതീർത്തതാണത്രെ ഇത്.
വില്ല ഹ്യൂഗലിലെ ആൽഫ്രഡ് ക്രൂപിന്റെ പ്രതിമ
നദിക്കരയിൽനിന്ന് കാട്ടുവഴികളിലൂടെ ഏറെനേരം നടന്നാണ് ഞങ്ങൾ ഇവിടെ എത്തിയത്. ഗതാഗത സൗകര്യമുള്ള മറ്റൊരു വഴിയുണ്ടെന്ന് പിന്നീട് മനസ്സിലായി. 8700 ചതുരശ്ര അടിയിൽ ഇരുന്നൂറ്റി അറുപത്തൊമ്പത് മുറികൾ ഉള്ളതായി പുറത്തെ വിവരണങ്ങളിൽ കാണുന്നു.
ആർട്ട് ഗാലറിയും ക്രൂപ് കുടുംബത്തിന്റെ ഫാമിലി ആർക്കൈവും ഒരു കൺസർട്ട് ഹാളും ഉണ്ട്. കൂടാതെ റൂർ കൾച്ചറൽ ഫൗണ്ടേഷന്റെ ഓഫീസുകളും. ഒരിക്കൽ സാക്ഷാൽ ഹിറ്റ്ലർ ഇവിടെ വന്ന് താമസിച്ചിട്ടുണ്ടന്ന് ചില ഇന്റർനെറ്റ് സൈറ്റുകളിൽ കണ്ടു.
ഇത്തവണത്തെ സന്ദർശത്തിൽ ഒരു കാര്യം എനിക്കു വ്യക്തമായിരുന്നു. ഹിറ്റ്ലർ എന്ന ഏകാധിപതിയേയും നാസിവാഴ്ചക്കാലത്തേയും പരമാവധി മറന്നും മറച്ചുപിടിച്ചുമാണ് ജർമൻജനത ജീവിക്കുന്നത്.
ഇത്തവണത്തെ സന്ദർശത്തിൽ ഒരു കാര്യം എനിക്കു വ്യക്തമായിരുന്നു. ഹിറ്റ്ലർ എന്ന ഏകാധിപതിയേയും നാസിവാഴ്ചക്കാലത്തേയും പരമാവധി മറന്നും മറച്ചുപിടിച്ചുമാണ് ജർമൻജനത ജീവിക്കുന്നത്.
നദീതീരത്തു തന്നെ ഒരു റെയിൽവേ സ്റ്റേഷനുണ്ട്. എസ്സെൻ ഹ്യൂഗൽ. അതിനടുത്താണ് വിരുന്നു നടന്ന ഹോട്ടൽ. യൂറോപ്യൻ കൂടിക്കാഴ്ചകളുടേയും സ്നേഹബന്ധങ്ങളുടേയും ഊഷ്മളത മനസ്സിലാക്കാൻ എനിക്ക് അങ്ങനെ അവസരമുണ്ടായി. ഓവൻ റൗണ്ട് ഷേപ്പിലുള്ള നീണ്ടമേശയുടെ ചുറ്റുമായി എല്ലാവരും ഇരുന്നു. വധൂവരന്മാർക്കരികിലായി വരന്റെ പിതാവായ
ജോഹന്നസ് ബ്രാംസ്
ഞാനും പിന്നെ വധുവിന്റെ മാതാപിതാക്കളും. പാനീയങ്ങളും പലയിനം ഭക്ഷ്യവിഭവങ്ങളും ഒന്നൊന്നായി വന്നുകൊണ്ടിരുന്നു.
ദീർഘസമയമെടുത്ത് ഭക്ഷണം കഴിക്കുക എന്നതാണ് യൂറോപ്യൻ രീതി. അതിനിടയിൽ സംഗീതവും. ബിഥോവന്റെ നാടല്ലേ? ജോഹന്നസ് ബ്രാംസും (Johannes Brahms) ഫെലിക്സ്മെന്റൽസോണും (Felix Mendelssohn) ഇവിടെ അടുത്ത് ഹംബർഗിലാണ് ജനിച്ചത്. സംഗീതമില്ലാതെ ഇവിടെ ജീവിതമില്ല. വരനും അരസികനായ പിതാവും ഒഴികെ എല്ലാവരും പാടുന്നുണ്ടായിരുന്നു.
സംഗീതത്തിനും സന്തോഷത്തിനുമിടയിൽ എപ്പോഴോ എന്നെ ഏകാന്തത വന്നു പിടികൂടി. പൊതുവെ അങ്ങനെ ഒരു കുഴപ്പമുണ്ട്. ആൾക്കൂട്ടത്തിനും ആഹ്ളാദാരവങ്ങൾക്കുമിടയിൽ ഏകനായിപ്പോവുന്ന ഒരസുഖം. ഇപ്പോൾ ഇവിടെ ഞാൻ ഒറ്റക്കാണല്ലോ എത്തിയിരിക്കുന്നത്. ഈ ചടങ്ങുകളിൽ സംബന്ധിക്കാൻ ഏറ്റവും ആഗ്രഹിച്ച ഒരാൾ കൂടെയില്ലല്ലോ.
ഫെലിക്സ് മെന്റൽസോൺ
2018ൽ രഞ്ജിനിയുമൊത്ത് ഇവിടെ വന്ന കാലത്ത് നാദിയ എന്ന പെൺകുട്ടി ചിത്രത്തിലില്ല. ഞങ്ങൾ നാട്ടിൽ തിരിച്ചെത്തി കുറച്ചു കഴിഞ്ഞ് അവൾ രാജയുടെ അമ്മയ്ക്ക് ആശംസാ കാർഡുകൾ അയക്കാൻ തുടങ്ങി. ഹലോ, മിസസ് ചരുവിൽ എന്ന അഭിസംബോധനയോടെ. പിന്നീടൊരിക്കൽ രാജ വന്നപ്പോൾ അവൾ ചില സമ്മാനങ്ങൾ കൊടുത്തയച്ചിരുന്നു.
2020ൽ അവൾ വന്ന സമയത്ത് രഞ്ജിനി രോഗത്തിന്റെ ചില ബുദ്ധിമുട്ടുകളിൽ ആയിരുന്നു. കാൻസറുമായി പതിനഞ്ചു വർഷം നീണ്ട പോരാട്ടമായിരുന്നുവല്ലോ. മൂന്നാംഘട്ടത്തിനുള്ള ചികിത്സ ആരംഭിച്ചിരുന്നു. മരുന്നുകളുടെ റിയാക്ഷൻ ശരീരത്തെ വല്ലാതെ ബാധിച്ചു. പക്ഷേ മക്കൾ എത്തിയതോടെ അവൾ ഉല്ലാസവതിയായി. എറണാകുളത്തെ ലേക്ഷോർ ആശുപത്രിയിലേക്കുള്ള യാത്രകളിൽ അന്ന് നാദിയയായിരുന്നു തുണ.
കോവിഡിന്റെ കാലത്തെ ആശുപത്രി സന്ദർശനങ്ങൾ വലിയ ദുർഘടമായിരുന്നു. ഓരോ തവണ ചെല്ലുമ്പോഴും കോവിഡ് പരിശോധന നടത്തണം. അതിനുവേണ്ടി നിരവധി കടലാസുകൾ പൂരിപ്പിച്ചു തയ്യാറാക്കണം. രോഗബാധിതമായ മേഖലയിൽ നിന്നാണോ വരുന്നത് എന്ന അന്വേഷണമുണ്ടായിരുന്നു. ഡോക്ടർമാർ ഓരോ രോഗിയെ പരിശോധിച്ച ശേഷവും കയ്യുറയും മാസ്കും ക്യാപ്പും മാറ്റി ശുദ്ധി വരുത്തിയിരുന്നു.
ആലോചിച്ചു നോക്കുമ്പോൾ അത്ഭുതം തോന്നുന്നു അക്കാലത്തെ നമ്മുടെ ജീവിതം. ചില ഗുണങ്ങളുമുണ്ടായി. കുട്ടിക്കാലത്തിനുശേഷം ഞാൻ എന്റെ ജീവിതപരിസരത്തെ ശ്രദ്ധിച്ചു കണ്ടത് അന്നാണ്. മുമ്പ് രാത്രിയിൽവന്നു തങ്ങുന്ന ഇടം മാത്രമായിരുന്നു വീട്. ഇപ്പോൾ വീട്ടിലിങ്ങനെ ഇരിക്കുമ്പോൾ ചുറ്റുമുള്ള മരങ്ങളേയും ചെടികളേയും ജീവജാലങ്ങളേയും നമ്മൾ കാണാൻ തുടങ്ങി.
നാദിയയും രാജയും വിവാഹ സൽക്കാരത്തിനിടെ നാദിയയുടെ മാതാപിതാക്കൾക്കൊപ്പം
ചേരകൾ, കീരികൾ, ഉടുമ്പുകൾ, നാനാതരം പക്ഷികൾ. വീട്ടിനകത്താണെങ്കിൽ പല്ലികളും പാറ്റകളും ഷഡ്പദങ്ങളും. ഞങ്ങളെ സ്ഥിരമായി പകൽനേരങ്ങളിലും കാണാൻ തുടങ്ങിയപ്പോൾ അവക്കും അമ്പരപ്പ്. നാദിയയെ കണ്ടപ്പോഴും അവർ അത്ഭുതപ്പെട്ടു കാണും.
രാജയുടെ മാത്രമല്ല അതിനു മുമ്പ് നടന്ന ഹരികൃഷ്ണന്റെ വിവാഹത്തിലും രഞ്ജിനിക്ക് പങ്കെടുക്കാനായില്ല. അപ്പോഴേക്കും അവൾ രംഗം വിട്ടു. ആ വിവാഹം കോവിഡിന്റെ മൂർധന്യത്തിലായിരുന്നു. കാട്ടൂർ സബ് രജിസ്ട്രാർ ഓഫീസിൽവെച്ച് സ്പെഷൽ മാര്യേജ് ആക്ട് പ്രകാരമുള്ള രജിസ്ട്രേഷൻ. വധുവിന്റെ ബംഗളൂരുവിലുള്ള വീട്ടിൽവെച്ച് ചെറിയമട്ടിൽ ഒരു സൽക്കാരമുണ്ടായിരുന്നു.
ഹരികൃഷ്ണൻ തമിഴ്നാട്ടിലാണല്ലോ പഠിച്ചത്. താംബരത്തെ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ. അക്കാലത്ത് ഞാനും രഞ്ജിനിയും ഇടക്കിടെ അവിടെ പോകാറുണ്ട്. കോളേജിൽ ചെല്ലുമ്പോൾ ഹരിയുടെ കൂടെ ആൺകുട്ടികളും പെൺകുട്ടികളുമടങ്ങുന്ന വലിയ സംഘത്തെ കാണും. ചില നേരത്ത് അവരെല്ലാം ഞങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കാൻ വരും. അക്കൂട്ടത്തിൽ നന്നായി ചിരിക്കുന്ന സുന്ദരിയായ പെൺകുട്ടി ഷെറിൻ ഉണ്ടായിരുന്നു. എന്തുകൊണ്ടോ മറ്റുള്ളവരേക്കാൾ അവളുടെ രൂപമാണ് ഞങ്ങളുടെ മനസ്സിൽ തങ്ങിയത്.
പിജി കഴിഞ്ഞ് ഹരി ഗവേഷണത്തിനായി ജർമനിയിലേക്കുപോയി. ഷെറിൻ മാദ്രാസ് യൂണിവേഴ്സിറ്റിയിൽ ചേർന്നതായി അറിഞ്ഞിരുന്നു. പിന്നീടാണ് ഇവർ പ്രണയത്തിലാണെന്ന വസ്തുത അറിയുന്നത്. ഞങ്ങൾ അത്ഭുതപ്പെട്ടപ്പോൾ അവൻ ചോദിച്ചു:
‘ഞങ്ങൾ ഇഷ്ടത്തിലാണെന്ന് നിങ്ങൾക്ക് തോന്നിയില്ലേ?’ ഞങ്ങൾക്ക് വലിയ സന്തോഷമായി. എത്രയും വേഗം വിവാഹം നടത്തണമെന്ന് രഞ്ജിനി തിടുക്കപ്പെട്ടു.
ചില്ലറ തടസ്സങ്ങൾ ഉണ്ടായിരുന്നു. രണ്ടു മതമല്ലേ? കുട്ടനാട്ടിൽനിന്നും ബംഗളൂരുവിലേക്ക് കുടിയേറിയ ക്രിസ്ത്യൻ കർഷക കുടുംബമാണ് ഷെറിന്റേത്. അവരവിടെ ഉദ്യോഗവും ബിസിനസ്സും പള്ളിയും പ്രാർഥനയുമായി കഴിയുന്നു. ഉറച്ച വിശ്വാസികളാണ്. ഷെറിന്റെ അപ്പാപ്പനും അമ്മമ്മയും അന്ന് ജീവിച്ചിരിപ്പുണ്ട്.
കുടുംബത്തിൽനിന്ന് പുരോഹിതന്മാരും കന്യാസ്ത്രികളും ഏറെയുണ്ട്. ഷെറിന്റെ അപ്പനും അമ്മയ്ക്കും സഹോദരനും ഹരിയോട് വളരെ താൽപ്പര്യമുണ്ടായിരുന്നു. പക്ഷേ ഒരു തീരുമാനത്തിലെത്താൻ കുറച്ചു വൈകി.
അങ്ങനെ രണ്ടു മക്കളുടേയും വിവാഹച്ചടങ്ങുകളിൽ ചെറുതായെങ്കിലും രൂപപ്പെട്ട ആൾക്കൂട്ടങ്ങൾക്കിടയിൽ ഞാൻ ഏകാന്തത അനുഭവിച്ചു. സന്തോഷങ്ങൾ അങ്ങനെയാണ്. ഏകാന്തത പണ്ടേയ്ക്കു പണ്ടേ എന്റെ കളിച്ചങ്ങാതിയാണ്. ഇപ്പോൾ അയാൾ ഇടക്ക് സന്ദർശനത്തിന് വരുന്നു എന്നു മാത്രം. ‘ഇത്തിരി കണ്ണീരുപ്പു കലരാതെന്തിന് ജീവിതപലഹാരം?’
വിരുന്നിനുശേഷമുള്ള ഫോട്ടോയെടുപ്പാണ് ഏറ്റവും കൗതുകമായത്. അത് നഗരത്തിൽ മാർട്ടിൻ സ്ട്രാസ്സെ സ്റ്റേഷനടുത്തുള്ള ഒരു സ്റ്റുഡിയോയിൽ വെച്ചായിരുന്നു. കുടുംബാംഗങ്ങൾ ഒത്തുചേർന്ന് പല പോസിലുള്ള ഫോട്ടോകൾ. ഒരു ലേഡി ഫോട്ടോഗ്രാഫറായിരുന്നു.
മെലിഞ്ഞ് ഉയരം കുറഞ്ഞ് ഫോട്ടോയെടുക്കാൻ വേണ്ടി മാത്രമായി ജനിച്ച ഒരു സ്ത്രീ. അതിസമർഥ. ആളുകളെ പലയിടത്തായി പലമാതിരി കൂടിയിരുത്തുന്നത് ഒരു കലാവിഷ്കാരമായിട്ടാണ് എനിക്കു തോന്നിയത്. ചെറിയ നാലുപേർക്കിരിക്കാവുന്ന ഒരിരിപ്പിടത്തിൽ അവർ നാൽപ്പതു പേരെ ഇരുത്തും. മനുഷ്യരെക്കൊണ്ട് ശിൽപ്പങ്ങളുണ്ടാക്കുകയാണ്. ആളുകളെ ചിരിയിലേക്കും ആഹ്ലാദത്തിലേക്കും നയിക്കാൻ അവർക്ക് വിരുതുണ്ട്. ഫോട്ടോഗ്രാഫർ ആർത്തുവിളിക്കും. അതിനൊപ്പം മറ്റുള്ളവരും. അങ്ങനെ നിരവധി ഫോട്ടോകൾ. ഫോട്ടോയെടുപ്പ് കഴിഞ്ഞപ്പോൾ എല്ലാവരും ക്ഷീണിച്ചു.
6. യൂറോപ്പിലെ വേനൽക്കാലം
ഇത്തവണ മെയ് ‐ ജൂൺ മാസങ്ങളിലാണ് ഞാൻ ജർമനിയിൽ ചെലവഴിച്ചത്. വസന്തകാലം തീരുന്നു. വേനൽ ആരംഭിക്കുന്നു. ജൂൺ, ജൂലൈ,ആഗസ്ത് മാസങ്ങളിലാണ് സമ്മർ. ആഗസ്തിൽ ശരാശരി 20 ഡിഗ്രി വരെ ചൂട് പ്രതീക്ഷിക്കാം. ചില ദിവസങ്ങളിൽ മുപ്പത് ഡിഗ്രി വരെ അതുയരും. ഇത്തവണ കൂടുതൽ ചൂടുണ്ടാവും എന്നാണ് കരുതുന്നത്.
റൈൻ താഴ്വരയിലെ നഗരദൃശ്യം
വേനലിന്റെ തുടക്കം ഇവിടെ ആഘോഷമാണ്. ആളുകൾ കൂട്ടമായി വീടുവിട്ട് പൊതുസ്ഥലങ്ങളിലേക്ക് പ്രവേശിക്കും. പാർക്കുകളും കളിസ്ഥലങ്ങളും ജനസാന്ദ്രമാവും. പാർക്കുകൾ മാത്രമല്ല സാധാരണ പുൽമൈതാനങ്ങളിലും ഫുട്പാത്തുകളിലും കലുങ്കുകളിലും ആളുകൾ വെയിലാസ്വദിച്ച് കിടക്കുന്നത് കാണാം. കുടുംബങ്ങൾ ഒത്തുചേർന്ന് പലതരം കളികളിൽ ഏർപ്പെടും.
നീന്തൽക്കുളങ്ങൾ സജീവമാവും. ഇവിടെ ഗ്രുഗാപാർക്കിനു സമീപത്തെ നീന്തൽക്കുളത്തിൽ ആളുകൾ പ്രവേശനത്തിനു വേണ്ടി ക്യൂ നിൽക്കുന്നതു കണ്ടു. പക്ഷേ ചൂട് ക്രമം വിട്ടുയർന്നാൽ യൂറോപ്യർ സഹിക്കുകയില്ല. അവർ വീടിനകത്തു തന്നെ ഇരിക്കും. വീടുകൾക്കകത്ത് എ സിയോ ഫാനോ ഇല്ലാത്തത് പ്രശ്നമാണ്. അക്കാലത്ത് കടൽത്തീരങ്ങൾ വീണ്ടും ശൂന്യമാകും.
പൊതുവെ ഒരു ക്രമം ഉണ്ടെങ്കിലും ജർമനിയിൽ പല സ്ഥലങ്ങളിൽ പലതരത്തിലാണ് ചൂടും തണുപ്പും. എസ്സെൻ പടിഞ്ഞാറൻ ജർമനിയിൽ ഉൾപ്പെട്ട നഗരമാണ്. എന്റെ രണ്ടാമത്തെ മകൻ ജോലി ചെയ്യുന്ന കുലിംഗ്സ്ബോൺ (റോസ്റ്റോക്ക്) കിഴക്കൻ ജർമനിയിലാണ്. അവിടത്തെ കാലാവസ്ഥ വേറൊന്നാണ്.
കടൽത്തീരങ്ങളും കാടും മലയും നിറഞ്ഞ ദേശമാണ് കുലിംഗ്സ്ബോൺ. കടൽക്കേളികൾക്ക് വളരെ പ്രശസ്തമാണവിടം. വേനൽക്കാലത്തു മാത്രമേ അത് സജീവമാവുകയുള്ളു എന്നുമാത്രം. വർഷത്തിൽ മുക്കാൽ പങ്കും അവിടെ നല്ല തണുപ്പാണ്. പെൻഷൻപറ്റിപ്പിരിഞ്ഞ ധനവാന്മാരുടെ ആവാസകേന്ദ്രമാണതെന്ന് ഹരികൃഷ്ണൻ പറയുന്നു.
വൃദ്ധരെ മാത്രമേ കാണാൻ കിട്ടുകയുള്ളു. താമസിക്കുന്ന പരിസരത്ത് ഒരു യുവാവിനെ കാണുമ്പോൾ മുത്തശ്ശിമാർക്കും മുത്തശ്ശന്മാർക്കും കൗതുകമാണ്. അവർ വന്ന് സംസാരിക്കാൻ തുനിയും. പക്ഷേ ജർമൻ ഭാഷ വശമില്ലാത്തതുകൊണ്ട് അഭിവാദ്യങ്ങൾ നൽകി അവൻ വേഗം കടന്നുപോകും.
കുറച്ചു ദിവസങ്ങളായി എസ്സെനിലുണ്ടായിരുന്ന ഹരികൃഷ്ണനെ യാത്രയാക്കാൻ ഞങ്ങൾ പ്രധാന റെയിൽവേ സ്റ്റേഷനിൽ (Essen Hauptbahnhof) പോയി. അതിവേഗ തീവണ്ടിയിലാണ് യാത്ര. ICയും lCE യുമാണ് വേഗവണ്ടികൾ. Deutshe Bahn (DB) എന്നാണ് ഇവിടത്തെ റെയിൽവേ കമ്പനിയുടെ പേര്. സ്വകാര്യപങ്കാളിത്തമുള്ള സർക്കാർ സ്ഥാപനമാണ്. ഇവർക്ക് മറ്റു പല മേഖലകളിലും ബിസിനസ് ഉണ്ട്. ഇവരുടെ ലോജിസ്റ്റിക് കമ്പനിയിലാണ് (DB Shanker) രാജ ജോലി ചെയ്യുന്നത്.
യാത്രക്കാരെ പബ്ലിക് ട്രാൻസ്പോർട്ടിലേക്ക് ആകർഷിക്കാനുള്ള നീക്കം ഫലിച്ചു തുടങ്ങിയിട്ടുണ്ട് എന്നു തോന്നുന്നു. സ്റ്റേഷനുകളിൽ ആൾത്തിരക്കുണ്ട്. റഷ്യ ഉക്രയ്ൻ യുദ്ധവും അതിന്റെ ഭാഗമായ ഇന്ധനപ്രതിസന്ധിയും ജർമനിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വരാൻ പോകുന്ന വിന്ററിനെ എല്ലാവരും ഭയപ്പെടുന്നു. ശീതകാലത്ത് വീടും ഓഫീസുമെല്ലാം ചൂടുപിടിപ്പിക്കണം. അതിന് വലിയ തോതിൽ ഇന്ധനം വേണം. അക്കാര്യത്തിൽ വെട്ടിക്കുറവുണ്ടാകുമോ എന്നാണ് ഭയം.
പെട്രോളിന്റെ വിലവർധന ജനജീവിതത്തെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. നിത്യോപയോഗ വസ്തുക്കളുടെ വില വർധിച്ചു. ശമ്പളം വർധിപ്പിക്കണമെന്ന ആവശ്യം തൊഴിലാളി സംഘടനകൾ മുന്നോട്ടുവെച്ചു കഴിഞ്ഞു. ജർമനി ഒന്നാകെ പങ്കെടുത്ത ഒരു സൂചനാ പണിമുടക്ക് നടന്നു. വൈകുന്നേരങ്ങളിൽ നടക്കാനിറങ്ങുമ്പോൾ ചില പ്രകടനങ്ങളും പൊതുയോഗങ്ങളും കാണാനുണ്ട്.
ഉക്രയ്നോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതാണ് റഷ്യയെ പ്രകോപിപ്പിച്ചത്. ഉക്രയ്ന്റെ ഒപ്പം നിൽക്കണം എന്നത് സർക്കാരിന്റെ മാത്രം താൽപ്പര്യമല്ല. അതിലേറെ ജർമൻ ജനതയുടെ വികാരമാണ്. പത്രങ്ങളിലും ചാനലുകളിലും റഷ്യക്കെതിരായ അഭിപ്രായപ്രകടനങ്ങളാണ് കാണുന്നത്. റഷ്യയെ പിണക്കിയതുകൊണ്ടുണ്ടായ ജീവിതപ്രതിസന്ധി പരിഹരിക്കാൻ സമരം ചെയ്യുമ്പോൾ ഒരു ചെറിയ ചമ്മൽ ജർമൻമുഖങ്ങളിൽ കാണുന്നുണ്ടോ എന്നൊരു സംശയം.
യാത്രക്കാരെ പൊതുഗതാഗതത്തിലേക്ക് ആകർഷിക്കാൻ ഏർപ്പെടുത്തിയ ഒമ്പതു യൂറോ ടിക്കറ്റ് എന്റെ കൈവശമുണ്ടല്ലോ. അതുപയോഗിച്ച് സ്വതന്ത്രമായി നടത്തിയ ആദ്യയാത്ര വെർഡൻ (Werden) എന്ന സ്ഥലത്തേക്കാണ്.
നേരത്തേ പരാമർശിച്ച ബാൾഡനൈസി (Baldaneysee) യെപ്പോലെ റൂർ (Ruhr) നദിയുടെ കരയിലാണ് ഈ ചെറുനഗരവും. മാർടിൻ സ്ട്രാസെയിൽ നിന്ന് യു ബാനിൽ കയറി എസ്സെൻ ഹോഫ്ബാനോഫിൽ ഇറങ്ങി. അവിടെനിന്ന് എസ് ബാനിൽ കയറിയാണ് വാർഡനിൽ എത്തിയത്. സ്റ്റേഷനു പുറത്ത് നിരവധി റോഡുകൾ കൂടിക്കിടന്ന് മൈതാനം പോലെയാണ്. വാഹനങ്ങൾ പലദിശകളിലേക്ക് പോകുന്നു. നാട്ടിൽ എനിക്ക് റോഡു മുറിച്ചുകടക്കാൻ ഭയമാണ്.
അതുകൊണ്ട് മടിച്ചുനിന്നു. പക്ഷേ ജർമനിയിൽ വളരെ സുരക്ഷിതമായ സിഗ്നൽ സിസ്റ്റം ഉണ്ട്. അത് വാഹനങ്ങളേക്കാൾ കാൽനടയാത്രക്കാരനെ പരിഗണിക്കുന്നു. ഇടവിട്ട സമയങ്ങളിൽ പച്ചവിളക്കുകൾ തെളിയുന്നു. കൂടാതെ നമുക്ക് സ്വന്തം ഇഷ്ടപ്രകാരവും സിഗ്നൽ പ്രവർത്തിപ്പിക്കാം. അതിനുവേണ്ടി ഒരു തൂണും ബട്ടനും വഴിയോരത്തുണ്ടാവും.
നദിയുടെ പാലത്തിലൂടെ നടന്ന് നഗരത്തിലെത്തി. നഗരത്തിലേക്ക് ആളുകളെ സ്വാഗതം ചെയ്യുന്ന കമാനം കണ്ടു. വെർഡൻ അബി (Werden Abbey) എന്ന ക്രൈസ്തവ സന്യാസിമഠമാണ് ഈ സ്ഥലത്തിന് ചരിത്രപ്രാധാന്യം നൽകുന്നത്. സെയിന്റ് ലഡ്ജർ (St.Ludger) എന്ന വിശുദ്ധൻ AD 799ൽ തുടങ്ങിയ മൊണാസ്ട്രിയുടെ ഭാഗമാണിത്.
ഒറ്റയ്ക്കുള്ള ആദ്യയാത്രയായതുകൊണ്ട് നഗരത്തിൽ അധികം അലയാൻ ഞാൻ ഒരുമ്പെട്ടില്ല. പാലം കടന്നാൽ ഇടതുഭാഗത്ത് പുഴക്കരയിലേക്ക് ഇറങ്ങാൻ സംവിധാനമുണ്ട്. നദീതീരത്തെ Joseph- Breuer- StraBe എന്ന പാതക്കരികിൽ ചെറിയ ഉദ്യാനവും ഭക്ഷണശാലകളുമുണ്ട്. പുഴയിലേക്ക് നോക്കി അവിടെ ഇരുന്നു. ഇവിടെവെച്ച് റൂർ രണ്ടായി പിരിയുകയാണ്. റൈൻ പോലെ വിസ്തൃതമല്ല റൂർ. നമ്മുടെ കരുവന്നൂർ പുഴ പോലെ തോന്നിച്ചു.
കരുവന്നൂർ പുഴയുടേയും കനോലിക്കനാലിന്റെയും ഇടയിലുള്ള ഗ്രാമത്തിൽ ജനിച്ചുവളർന്നതുകൊണ്ടാവണം പുഴകളോട് കുട്ടിക്കാലത്തുമുതൽ ഒരു കമ്പമുണ്ട്. ഇപ്പോഴും വണ്ടിയിലോ ബസ്സിലോ ഭാരതപ്പുഴ കടക്കുമ്പോൾ ഞാൻ കൗതുകമുള്ള കുട്ടിയാവും. പഞ്ചകർമ ചികിത്സക്കായി ചെറുതുരുത്തി പുഴയോരത്തുള്ള ഒരു ആയുർവ്വേദകേന്ദ്രത്തിൽ താമസിച്ചിരുന്ന അച്ഛനെ കാണാൻപോയ കാലം ഓർമവരും. അന്ന് ഏഴോ എട്ടോ വയസ്സാണ്. പുഴയോരത്തെ ക്ഷേത്രത്തിനടുത്ത് പുഴയിലേക്കു ചാഞ്ഞുനിൽക്കുന്ന ഒരാൽമരമുണ്ടായിരുന്നു. ഇലകളെല്ലം പ്രഭാതവെളിച്ചം തട്ടി കിലുകിലെ കുലുങ്ങി തിളങ്ങുന്ന ദൃശ്യം മനസ്സിൽനിന്നു മാഞ്ഞിട്ടില്ല.
സോവർലാൻഡ് (Sauerland)പർവതപ്രദേശത്തുള്ള വിന്റർബർഗിൽ (Winterberg) നിന്നൊഴുകി 219 കിലോമീറ്റർ പിന്നിട്ട് ഡ്യൂയിസ്ബർഗ് (Duisburg) നഗരത്തിൽ വെച്ച് റൈനിൽ (Rhine) ചേരുന്ന നദിയാണ് റൂർ
സോവർലാൻഡ് (Sauerland)പർവതപ്രദേശത്തുള്ള വിന്റർബർഗിൽ (Winterberg) നിന്നൊഴുകി 219 കിലോമീറ്റർ പിന്നിട്ട് ഡ്യൂയിസ്ബർഗ് (Duisburg) നഗരത്തിൽ വെച്ച് റൈനിൽ (Rhine) ചേരുന്ന നദിയാണ് റൂർ. ഹേഗൻ, ഡോർട്ട്മുണ്ട്, എസ്സെൻ എന്നിങ്ങനെ നിരവധി നഗരങ്ങൾ ഇതിന്റെ പാർശ്വങ്ങളിൽ ഉണ്ട്. ആദ്യകാലത്ത് ജർമനിയിൽ വ്യവസായങ്ങൾ കേന്ദ്രീകരിച്ചത് റൂറിന്റെ കരകളിലാണെന്ന് കാണുന്നു. രണ്ടാം ലോകയുദ്ധകാലത്ത് നദിയിലെ നിരവധി
റൂർ നദിക്കരയിൽനിന്നുള്ള നഗരക്കാഴ്ച
അണക്കെട്ടുകൾ (Mohne, Sorpe) ശത്രുസൈന്യം തകർത്തു. ബാൾഡനൈസീ കൂടാതെ മനോഹരമായ വേറെയും തടാകങ്ങൾ റൂറിൽ ഉണ്ട്.
ജർമനിയിലെ മനോഹരങ്ങളായ കൃഷിയിടങ്ങൾ റൈനിന്റേയും റൂറിന്റേയും സംഭാവനയാണ്. ഇത്തവണത്തെ യാത്രയിൽ വിശാലമായ വയലുകൾ ചെന്നുകാണാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഗോതമ്പും ചോളവും ബാർളിയുമുണ്ട്. കൂട്ടത്തിൽ പുല്ല് വളർത്തുന്ന സ്ഥലങ്ങൾ. വെള്ളം കെട്ടിനിൽക്കുന്ന വയലുകൾ കണ്ടില്ല. ഉയർന്നും താഴ്ന്നും ചരിവുകളോടെയുള്ള ധാന്യകൃഷിയിടങ്ങൾ കൗതുകകരമാണ്. ഏറ്റവും ആധുനികമായ ടെക്നോളജി കൃഷിയിൽ ഉപയോഗപ്പെടുത്തുന്ന രാജ്യമാണ് ജർമനി. മനുഷ്യാധ്വാനത്തെ പരമാവധി ലഘൂകരിക്കുക എന്നതാണ് രീതി.
ഭൂപരിഷ്കരണം വന്നതും ദളിതർ സർക്കാർ ജോലിക്കു പോയതുമാണ് കേരളത്തിൽ കൃഷി തകരാൻ കാരണമെന്ന ഒരു വാദഗതി നിലവിലുണ്ടല്ലോ. ‘ഇക്കാലത്ത് കൊയ്ത്തുകാരിപ്പെണ്ണുങ്ങളെ വെളക്കും നെറേം വെച്ച് കൊണ്ടരണം’ എന്ന് എന്റെ ഒരു വല്യമ്മ പരാതി പറയാറുണ്ട്. കൊയ്ത്തുകാരെ കാത്തിരുന്നു മുടിഞ്ഞ നമ്മുടെ കൃഷിയിടങ്ങളിൽ ഈ അടുത്ത കാലത്താണ് കൊയ്ത്ത് , മെതി യന്ത്രങ്ങൾ ഇറങ്ങിയത്. ജർമനിയിൽ പണ്ടേക്കുപണ്ടേ യന്ത്രങ്ങളെ പ്രതീക്ഷിച്ചിട്ടാണ് കൃഷിയിടങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്. വിളകൾക്കിടയിലൂടെ തൂവൽസ്പർശം പോലെയാണ് നനയ്ക്കാനും വളംചേർക്കാനും കളപറിക്കാനുമുള്ള കൂറ്റൻ യന്ത്രങ്ങൾ കടന്നുപോകുന്നത്. നിലമിളക്കാനും ചാലുകീറാനും വിതയ്ക്കാനും നടാനും ധാന്യങ്ങൾ സംസ്കരിക്കാനും യന്ത്രങ്ങൾ തന്നെ. വല്ലപ്പോഴും ഒരു വിനോദോത്സവം എന്ന നിലയിൽ ആളുകൾ കൂട്ടമായി കൊയ്ത്തിനിറങ്ങാറുണ്ട്.
സ്വാഭാവികമായും നമ്മുടെ രാജ്യത്തെ കാർഷികരംഗത്തെക്കുറിച്ച് ഞാൻ ഓർമിച്ചു. സ്കൂളിലെ പ്രഥമക്ലാസുകളിൽ തന്നെ ഇന്ത്യ ഒരു കാർഷികരാജ്യമാണ് എന്നു നമ്മൾ പഠിക്കുന്നുണ്ട്. സ്വാതന്ത്ര്യം കിട്ടി എഴുപത്തിയഞ്ച് വർഷം പിന്നിട്ടു. കൃഷിയിൽ നാം എവിടെയാണ്. ജീവിക്കാൻ നിവൃത്തിയില്ലാതെ ചേറിൽ മുങ്ങി വിണ്ടുകീറിയ പാദങ്ങളുമായി അന്നദാതാക്കൾ രാജസ്ഥാനിൽനിന്നും പഞ്ചാബിൽനിന്നും മഹാരാഷ്ട്രയിൽനിന്നും ഡൽഹിയിലേക്ക് നടക്കുകയാണ്.
കറുത്തു മെലിഞ്ഞ് കോലംകെട്ട മനുഷ്യരൂപങ്ങൾ. അൽപ്പ വസ്ത്രം; അൽപ്പ ഭക്ഷണം. ജീവിതമെന്നതേ ഇല്ലാത്തവരാണ് ഇന്ത്യയിലെ ഗ്രാമീണജനത. ഭക്ഷണം മാത്രമല്ല; ചരിത്രം പരിശോധിച്ചാൽ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നതും കർഷകരാണ് എന്നു കാണാം. നാടുവാഴികളുടേയും സെമിന്ദാർ / ബാരിസ്റ്റർമാരുടേയും കൈയിൽനിന്ന് അവർ ഏറ്റുവാങ്ങിയതോടെയാണ് ദേശീയപ്രസ്ഥാനം ശരിയായ ദിശ കണ്ടെത്തുന്നത്. രാഷ്ട്രീയവൽക്കരിക്കപ്പെടുന്നത്. ചമ്പാരനും ഖേഡയും കയ്യൂരും തെലുങ്കാനയും പോലുള്ള കർഷകസമരങ്ങളാണ് രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചത്.
അടിമകളുടെ ഒരു ലോകമായിട്ടാണ് ഇന്ത്യൻ ഭരണവർഗം കാർഷികമേഖലയെ കണ്ടത്. അതിനെ പ്രാകൃതാവസ്ഥയിൽ തന്നെ നിലനിർത്താനും അവർ ആഗ്രഹിച്ചു. സ്വാതന്ത്ര്യം നേടി അധികാരത്തിൽ വന്ന മുതലാളിത്തഭരണകൂടം അവശിഷ്ട ഫ്യൂഡൽ വ്യവസ്ഥയോട് സന്ധി ചെയ്തതോടെ കർഷകരുടെ പ്രതീക്ഷകൾ നഷ്ടമായി. ചൂഷണത്തിന്റെ കേളീരംഗമാണ് ഇന്നും ആ മേഖല. ഭൂപരിഷ്കരണത്തിനോ ആധുനികവൽക്കരണത്തിനോ കോൺഗ്രസ് സർക്കാർ തയ്യാറായില്ല. കന്നുകാലികളും അതുപോലെ ജീവിക്കാൻ സനാതനധർമവ്യവസ്ഥ ഒരുക്കിവിട്ട മനുഷ്യരുമുണ്ടല്ലോ ഇവിടെ. പിന്നെന്തിനാണ് വിലകൂടിയ യന്ത്രങ്ങൾ എന്നാണ് ഭരണകർത്താക്കൾ ചിന്തിച്ചത്.
ഇന്നത്തെ സായാഹ്ന നടത്തത്തിന് കാട്ടുവഴികൾ ഉപേക്ഷിച്ച് നഗരപാതയാണ് ഞാൻ തെഞ്ഞെടുത്തത്. റോട്ടുവക്കത്തെ കെട്ടിടങ്ങൾക്കെല്ലാം നല്ല വലുപ്പമുണ്ട്. ലണ്ടനിലേപ്പോലെ വാസ്തുശിൽപ്പത്തിൽ പാരമ്പര്യം നിലനിർത്തണമെന്ന നിബന്ധന ഇവിടെ ഇല്ലെന്നു തോന്നുന്നു.
വേനൽക്കാലം പ്രമാണിച്ച് മുത്തശ്ശൻമാരും മുത്തശ്ശികളും ചെറുമക്കളെ കാണാൻ എത്തിയിട്ടുണ്ട്. അവരൊന്നിച്ചു നടക്കുന്നതു കണ്ടു. മുത്തശ്ശി കുട്ടികളെ നയിക്കുകയാണോ കുട്ടികൾ മുത്തശ്ശിയെ നയിക്കുകയാണോ എന്നേ സംശയമുള്ളു. ഒന്നിച്ചു താമസിക്കാറില്ലെങ്കിലും തലമുറകൾക്കിടയിൽ വൈകാരികമായ അടുപ്പവും സ്നേഹബന്ധവും ജർമനിയിൽ നിലനിൽക്കുന്നുണ്ട്.
വേനൽക്കാലം പ്രമാണിച്ച് മുത്തശ്ശൻമാരും മുത്തശ്ശികളും ചെറുമക്കളെ കാണാൻ എത്തിയിട്ടുണ്ട്. അവരൊന്നിച്ചു നടക്കുന്നതു കണ്ടു. മുത്തശ്ശി കുട്ടികളെ നയിക്കുകയാണോ കുട്ടികൾ മുത്തശ്ശിയെ നയിക്കുകയാണോ എന്നേ സംശയമുള്ളു. ഒന്നിച്ചു താമസിക്കാറില്ലെങ്കിലും തലമുറകൾക്കിടയിൽ വൈകാരികമായ അടുപ്പവും സ്നേഹബന്ധവും ജർമനിയിൽ നിലനിൽക്കുന്നുണ്ട്.
വീടിനും മെസ്സെ എസ്സെനുമിടയിൽ ആൽഫ്രഡ് സ്ട്രാസ്സെ(Alfred Strasse) എന്ന ഒരു ഇരട്ടവരിപ്പാതയുണ്ട്. അത് ഒരു ഭാഗത്ത് ബാൾഡനൈസീയിലേക്കും മറുഭാഗത്ത് ഓട്ടോ ബാനി (Auto Bahn)ലേക്കും എത്തും. ജർമനിലെ പ്രധാന ഹൈവേയാണ് ഓട്ടോ ബാൻ. ജർമൻകാർ വളരെ അഭിമാനത്തോടെയാണ് ഇതിനെക്കുറിച്ച് സംസാരിക്കുക പതിവ്. 13192 കിലോമീറ്ററാണ് നീളം. ഒട്ടുമിക്ക നഗരങ്ങളിലൂടെയും ഇത് കടന്നുപോകുന്നു.
പലസ്ഥലത്തും പല രീതിയിലാണ് സ്പീഡ് ലിമിറ്റ്. 130 കിലോമീറ്റർ വരെ വേഗത്തിൽ പോകുവാൻ അനുവാദമുണ്ട്. നാദിയക്കൊപ്പം പലതവണ ഓട്ടോ ബാനിലൂടെ സഞ്ചരിക്കാൻ കഴിഞ്ഞു. വേഗമേറിയ ഡ്രൈവിങ്ങിൽ ഹരമുള്ള പെൺകുട്ടിയാണ് നാദിയ.
ആൽഫ്രഡ് സ്ട്രാസ്സെയിലെ പാർക്ക്
ആൽഫ്രഡ് സ്ട്രാസ്സെയിൽ Whaldthausen എന്ന ഒരു പാർക്ക് ഉണ്ട്. ഞാൻ അങ്ങോട്ടു കടന്നു. മനോഹരവും വിസ്തൃതവുമാണത്. പുൽമൈതാനവും മരങ്ങളും നടപ്പാതകളും ഉണ്ട്. കുട്ടികൾക്ക് കളിക്കാനുള്ള ഇടങ്ങളും. ധാരാളം ആളുകൾ എത്തിയിരിക്കുന്നു. മറ്റു പലയിടത്തും കണ്ടപോലെ ഒരു ജലാശയം ഇവിടെ ഇല്ല.
കഴിഞ്ഞ തവണ വന്നപ്പോൾ താമസിച്ചിരുന്ന ആിആ ക്വാർട്ടേഴ്സിനടുത്തുള്ള പാർക്കിൽ രണ്ട് ജലാശയങ്ങൾ ഉണ്ടായിരുന്നു. ചുറ്റും മരങ്ങൾ ചാഞ്ഞുവളർന്നു നിന്നിരുന്ന ഒരു കുളം. ധാരാളം വാത്തുകൾ അതിൽ മേഞ്ഞു നടന്നിരുന്നു. കുളത്തിനു ചുറ്റും ഇരിപ്പിടമായി ചാരുബെഞ്ചുകൾ ഉണ്ട്. ഞാനും രഞ്ജിനിയും അവിടെ പോയി ഇരിക്കുക പതിവാണ്. ഒരിനം കാട്ടുതാറാവുകൾ നീന്തി കരക്കു കയറി വെള്ളം കുടഞ്ഞ് കളഞ്ഞ് ഞങ്ങളുടെ അരികിൽ വന്നത് ഓർക്കുന്നു.(തുടരും)
(ദേശാഭിമാനി വാരികയിൽ നിന്ന്)
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..