എല്ലാം സജ്ജം; കേരളത്തിന്റെ രണ്ടാം വന്ദേ ഭാരത് പുലർച്ചെ മംഗലാപുരത്ത് നിന്നോ? തിരിച്ചുള്ള സർവീസ് എങ്ങനെ? സാധ്യതകൾ
Edited by ലിജിൻ കടുക്കാരം | Samayam Malayalam | Updated: 25 Aug 2023, 9:14 pm
മംഗലാപുരത്തുനിന്ന് രാവിലെ സർവീസ് ആരംഭിക്കുന്ന വന്ദേ ഭാരത് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിച്ചേരും. വൈകാതെതന്നെ മംഗലാപുരത്തേക്കുള്ള മടക്കയാത്രയും ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ
ഹൈലൈറ്റ്:
- രണ്ടാം വന്ദേ ഭാരത് സർവീസിനൊരുങ്ങുന്നു
- മംഗലാപുരം – തിരുവന്തപുരം റൂട്ടോ
- സാധ്യതകൾ അറിയാം
നിലവിൽ കേരളത്തിൽ ഓടുന്ന വന്ദേ ഭാരതി (20634)ന്റെ സർവീസ് തിരുവനന്തപുരം മുതൽ കാസർകോടുവരെയാണ്. കേരളത്തിലേക്ക് രണ്ടാമത്തെ വന്ദേ ഭാരത് ഉടനെത്തുമെന്ന് പ്രഖ്യാപിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രണ്ടാമത്തെ സെമി ഹൈസ്പീഡ് ട്രെയിനും കാസർകോട് മുതൽ തിരുവനന്തപുരം വരെയാകും സർവീസ് നടത്തുകയെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഇതിൽനിന്നും വ്യത്യസ്തമായ റിപ്പോർട്ടുകളാണ് നിലവിൽ പുറത്തുവരുന്നത്.
Onam celebration: ഓണാഘോഷ നിറവിൽ കോട്ടൺഹിൽ സ്കൂൾ
മംഗളൂരുവിൽ പിറ്റ്ലൈൻ സജ്ജമാക്കിയതോടെയാണ് കേരളത്തിലെ രണ്ടാമത്തെ വന്ദേ ഭാരത് മംഗലാപുരത്തേക്ക് എത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. അതിനിടെ ഗോവയിൽ നിന്നും എറണാകുളത്തേക്ക് വന്ദേ ഭാരതിന്റെ സർവീസ് നടത്താൻ സാധ്യതയുണ്ടെന്ന വാർത്തയും ചർച്ചയായിരുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗോവ – എറണാകുളം സർവീസ് പരിഗണിക്കുന്നതെന്നും രണ്ട് റൂട്ടുകളാണ് പരിഗണനയിലുള്ളതെന്നും ബിജെപി നേതാവ് പികെ കൃഷ്ണദാസാണ് പറഞ്ഞത്. അതേസമയം മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് തന്നെയാകും കേരളത്തിന്റെ രണ്ടാം വന്ദേ ഭാരതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നിലവിൽ സംസ്ഥാനത്ത് സർവീസ് നടത്തുന്ന വന്ദേ ഭാരത് തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 5.20നാണ് പുറപ്പെടുന്നത്. തുടർന്ന് ഉച്ചയ്ക്ക് 1.20ന് കാസർകോട് എത്തിച്ചേരും. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇതേ സമയത്ത് തന്നെയാകും രണ്ടാമത്തെ വന്ദേ ഭാരത് മംഗലാപുരത്ത് നിന്നുംപുറപ്പെടുക. തുടർന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിച്ചേരും. 30 മിനിറ്റിന് ശേഷം തിരുവനന്തപുരത്ത് നിന്നു തിരിച്ചുള്ള സർവീസ് ആരംഭിക്കുന്ന ട്രെയിൻ രാത്രി 11 മണിയോടെ മംഗലാപുരത്ത് എത്തുകയും ചെയ്യും.
സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ലോക്കോ പൈലറ്റുമാർക്ക് ഉൾപ്പെടെയുള്ള പരിശീലനം ചെന്നൈയിൽ നൽകിത്തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തിന് ലഭിച്ച ഒന്നാമത്തെ വന്ദേ ഭാരത് ഏപ്രിൽ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഫ്ലാഗ് ഓഫ് ചെയ്തത്. രാജ്യത്ത് ഏറ്റവും തിരക്കേറിയ സർവീസുകളിലൊന്നാണ് തിരുവനന്തപുരം – കാസർകോട് വന്ദേ ഭാരത്. പുതിയ ട്രെയിനിൻ്റെ റൂട്ട് സംബന്ധിച്ച പ്രഖ്യാപനം വരുമ്പോഴാകും സ്റ്റോപ്പുകളും മറ്റും എങ്ങനെയാകുമെന്നതിൽ വ്യക്തത ലഭിക്കുകയുള്ളൂ.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക