മുപ്പത് വർഷം മുമ്പ് സൂപ്പർതാരമല്ലാതിരുന്ന അർജുനെയും മധുബാലയെയും പ്രധാന കഥാപാത്രങ്ങളാക്കി നിർമാതാവ് കെ ടി കുഞ്ഞുമോൻ ‘ജെന്റിൽമാൻ’ എന്ന ചിത്രം നിർമിച്ചു. സൂപ്പർ ഹിറ്റായ ജെന്റിൽമാൻ അർജുന്റെ കരിയർ മാറ്റിമറിച്ചു. ഷങ്കർ എന്ന ലോമകറിയുന്ന സംവിധായകനെയും സമ്മാനിച്ചു. എ ആർ റഹ്മാൻ എന്ന സംഗീത പ്രതിഭയ്ക്കും സിനിമ വൻ ബ്രേക്കായി. പ്രഭുദേവ എന്ന നടന്റെ ഉദയത്തിനും ചിത്രം സാക്ഷിയായി. എല്ലാത്തിനുമുപരി കെ ടി കുഞ്ഞുമോൻ എന്ന പന്തളം സ്വദേശിയുടെ ചിത്രം പോസ്റ്ററുകളിൽ നിറഞ്ഞു. താരങ്ങളെ പോലെ കുഞ്ഞുമോനും സൂപ്പർ സ്റ്റാറായി. ഇരുപത്തിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം കെ ടി കുഞ്ഞുമോൻ ‘ജെന്റിൽമാൻ 2’ എന്ന ചിത്രവുമായി എത്തുകയാണ്. ചിത്രത്തിന്റെ പൂജ 19ന് ചെന്നൈ രാജാ മുത്തയ്യ ഹാളിൽ കഴിഞ്ഞു. ചിത്രീകരണം അടുത്ത മാസം ആരംഭിക്കും. ‘പാൻ ഇന്ത്യ എന്നത് 30 വർഷം മുമ്പ് ചെയ്തു കഴിഞ്ഞു. ഇനി ഞാൻ ചെയ്യുന്നത് പാൻ ലോക സിനിമയായിരിക്കും.’ ആത്മവിശ്വാസത്തോടെ കെ ടി കുഞ്ഞുമോൻ പറയുന്നു.
കഥ തന്നെ ഹീറോ
എപ്പോഴും കഥ തന്നെയാണ് എന്റെ ഹീറോ. താരങ്ങളെ ആശ്രയിച്ചു സിനിമയെടുക്കാറില്ല. പുതിയ താരങ്ങൾക്കും വിദഗ്ധരായ സാങ്കേതിക പ്രവർത്തകർക്കുമാണ് ഞാൻ പ്രധാന്യം നൽകുന്നത്. ജെന്റിൽമാൻ 2 പഴയ ചിത്രത്തിന്റെ രണ്ടാം ഭാഗമല്ല. പുതിയ കഥയാണ്. കോവിഡിന് മുമ്പ് ജോലികൾ ആരംഭിച്ചു. ത്രെഡ് എന്റെയാണ്. തെലുങ്ക്–-തമിഴ് നടൻ ചേതൻ ചീനു, നയൻതാര ചക്രവർത്തി, പ്രിയാലാൽ, സുമൻ, പ്രാച്ചിക തെഹ്ലാൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വൈരമുത്തുവാണ് ഗാനരചന. ഓസ്കർ ജേതാവ് എം എം കീരവാണി സംഗീതം. വിഷ്ണുവർധന്റെ അസോസിയേറ്റ് എ ഗോകുൽ കൃഷ്ണയാണ് സംവിധാനം. തോട്ടാ ധരണി സെറ്റുകൾ ഒരുക്കുന്നു. അജയൻ വിൻസെന്റാണ് ഛായാഗ്രഹണം. എല്ലാവരും ജെന്റിൻമാനായി ജീവിക്കണമെന്ന സന്ദേശമാണ് സിനിമ പറയുന്നത്. തമാശയും സെന്റിമെന്റ്സും കുടുംബ കഥയും അൽപ്പം രാഷ്ട്രീയവുമെല്ലാം അടങ്ങുന്ന സിനിമയായിരിക്കുമിത്. ബിഗ് ബജറ്റിൽ തന്നെയാണ് ചിത്രമൊരുങ്ങുന്നത്.
കെ ടി കുഞ്ഞുമോൻ
24 വർഷത്തെ ഇടവേള
1999ൽ നടൻ വിജയ് നായകനായ എൻഡ്രെൻഡ്രും കാതൽ ആണ് അവസാനം നിർമിച്ച ചിത്രം. അതിനു ശേഷം സിനിമയിൽ നിന്ന് ഞാൻ വിട്ടു നിന്നെന്ന് പറയുന്നില്ല. മറ്റ് ജോലികൾ ഉള്ളതിനാൽ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ആദായ നികുതി സംബന്ധിച്ച് ചില പ്രശ്നങ്ങളുണ്ടായിരുന്നു. കൂടെ കടബാധ്യതകളും. അതെല്ലാം ശരിയാക്കിയാണ് പുതിയ സിനിമയിലേക്ക് എത്തുന്നത്. തമിഴിന് പുറമേ മലയാളം, തെലുങ്ക്, ഹിന്ദി അടക്കമുള്ള ഭാഷകളിലും സിനിമകൾ നിർമിക്കാൻ പദ്ധതിയുണ്ട്. മകൻ എബി കുഞ്ഞുമോനും സിനിമ പിആർഒ ആയ സി കെ അജയകുമാറും അതിനു ചുക്കാൻ പിടിക്കും. നീണ്ട ഇടവേളയിൽ മലയാളം ഉൾപ്പെടെ എല്ലാ സിനിമകളും കാണാറുണ്ടായിരുന്നു. കേരളത്തിലും വരാറുണ്ടായിരുന്നു, കൊച്ചിയിലെ വീട്ടിലെത്തി മകളെയും പേരക്കുട്ടികളെയും കാണാൻ.
‘ജെന്റിൽമാൻ’ കുഞ്ഞുമോൻ
പഴയ ജെന്റിൽമാൻ സിനിമ ചീഫ് ജസ്റ്റീസ്, അന്നത്തെ പ്രസിഡന്റ് ആർ വെങ്കിട്ടരാമൻ, മന്ത്രിമാർ എന്നിവർക്ക് മുന്നിൽ ഡൽഹിയിൽ പ്രദർശിപ്പിച്ചിരുന്നു. പ്രദർശനത്തിന് ശേഷം അന്ന് തെരഞ്ഞെടുപ്പ് കമീഷണറായിരുന്ന ടി എൻ ശേഷൻ പ്രസംഗത്തിൽ പറഞ്ഞത് ‘ലേഡീസ് ആൻഡ് കെ ടി കുഞ്ഞുമോൻ, കുഞ്ഞുമോൻ ഈസ് ജെന്റിൽമാൻ’ എന്നാണ്. ജെന്റിൽമാൻ എന്നതിന് പകരം അദ്ദേഹം കെ ടി കുഞ്ഞുമോൻ എന്ന് പറഞ്ഞു. അന്ന് മുതലാണ് ജെന്റിൽമാൻ കുഞ്ഞുമോൻ എന്ന പേര് ലഭിച്ചത്. ജെന്റിൽമാൻ ഫിലിം ഇന്റർനാഷണലിന്റെ ബാനറിലാണ് പുതിയ ചിത്രവും നിർമിക്കുന്നത്.
ആൽമരം ഉണങ്ങിയാൽ ആരുമുണ്ടാകില്ല
പണ്ട് എന്റെ സിനിമയിൽ പ്രവർത്തിച്ച അർജുൻ, എ ആർ റഹ്മാൻ, ഷങ്കർ എന്നിവരുമായി പുതിയ സിനിമയെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. എല്ലാവരും നല്ല തിരക്കിലാണ്. അർജുൻ സിനിമ സംവിധാനം ചെയ്യുന്നു. എ ആർ റഹ്മാൻ അമേരിക്കയിലും ലണ്ടനിലും പ്രോഗ്രാമിന്റെ തിരക്കിലാണ്. ഷങ്കർ മൂന്നോളം ചിത്രങ്ങളുടെ തിരക്കിലും. ആരോടും പരിഭവമില്ല. അവരുടെ ഇപ്പോഴത്തെ സ്റ്റാറ്റസിന് ഞാൻ പറ്റിയതല്ലെന്ന് അവർ കരുതിയിട്ടുണ്ടാകും. അവരെ വളർത്തിയത് ഞാനാണെന്ന് അവകാശപ്പെടുന്നില്ല. അവർ കഴിവുള്ളത് കൊണ്ടാണ് വലിയ നിലയിലെത്തിയത്. ആൽമരം വളർന്ന് പന്തിലിക്കുമ്പോൾ അതിന്റെ തണലിൽ ഇരിക്കാൻ ധാരാളം പേർ വരും. ആൽമരത്തിന്റെ ഇലകൾ ഉണങ്ങി കരിയുമ്പോൾ പലരും വരില്ല.
ആറ് വ്യത്യസ്ത ഗാനങ്ങൾ
കാതലനിലും ജെന്റിൽമാനിലുമുള്ള ഹിറ്റ് ഗാനങ്ങളെ പോലെ ഈ ചിത്രത്തിലും ഗാനചിത്രീകരണത്തിന് ഏറെ പ്രാധാന്യം നൽകുന്നുണ്ട്. മൂന്ന് ഗാനങ്ങൾ എറണാകുളം ബോൾഗാട്ടി പാലസിലിരുന്നാണ് വൈരമുത്തുവും എം എം കീരവാണിയും ചേർന്ന് ചിട്ടപ്പെടുത്തിയത്. മറ്റ് മൂന്ന് ഗാനങ്ങൾ അടുത്ത മാസം ആദ്യം പൂർത്തിയാകും. ഇരുവരും അഡ്വാൻസ് പോലും വാങ്ങാതെയാണ് ചിത്രത്തിന്റെ പങ്കാളികളായത്. ഇതിൽ ഒരു ഗാനം ഏറെ പ്രത്യേകതയുള്ളതാണ്. ആ ഗാനം പരിഭാഷപ്പെടുത്തി ഐക്യരാഷ്ട്ര സഭയിൽ കേൾപ്പിക്കണമെന്നാണ് വൈരമുത്തു ആഗ്രഹിക്കുന്നത്. അത്രയും പ്രധാനപ്പെട്ടതാണ് ഓരോ വരികളും. എല്ലാ ഗാനങ്ങളും വ്യത്യസ്തമായി തന്നെ ചിത്രീകരിക്കും.
ജെന്റിൽമാൻ 2വിലെ അഭിനേതാക്കളായ പ്രിയാലാൽ, ചേതൻ ചീനു, നയൻതാര ചക്രവർത്തി എന്നിവർ
പ്രേക്ഷകർക്ക് നഷ്ടം വരരുത്
ടിക്കറ്റെടുക്കുന്ന പ്രേക്ഷകരെ ഗുരുസ്ഥാനത്താണ് ഞാൻ കാണുന്നത്. സിനിമ കണ്ട് അവർക്ക് ഒരിക്കലും നഷ്ടം വരരുത്. തിയറ്ററിൽ കുടുംബവുമായി തന്നെ വന്ന് കാണേണ്ടതാണ്. ഒടിടി വന്നാലും തിയറ്റിൽ കാണുമ്പോഴാണ് സിനിമയുടെ പൂർണത. ചിത്രം റിലീസായ ശേഷം നൂറു ദിവസം കഴിഞ്ഞ് ഒടിടിക്ക് നൽകിയാൽ മതിയെന്നാണ് വ്യക്തിപരമായ അഭിപ്രായം. സിനിമ നിരൂപണം നടത്തുന്നവരോട് യാതൊരു പരിഭവവും ഇല്ല. അങ്ങനെ ചെയ്യാൻ അവർക്ക് അവകാശമുണ്ട്. അവർ നല്ലതെന്ന് പറഞ്ഞ പല സിനിമകളും പരാജയപ്പെട്ടത് കണ്ടിട്ടുണ്ട്. മോശമെന്ന് പറഞ്ഞവ വിജയിച്ചതും. നല്ല സിനിമയാണെങ്കിൽ വിജയം കണ്ടിരിക്കും. ജീവിതം ഉള്ളിടത്തോളം സിനിമയുണ്ടാകും സിനിമയുള്ളിടത്തോളം ജീവിതവും. മനുഷ്യനുള്ളിടത്തോളം സിനിമയുണ്ടാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..