മുട്ടയുടെ ആരോഗ്യ ഗുണങ്ങൾ
മുട്ട ഒരു സമീകൃതാഹാരമാണ്, അതിൽ പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ നിങ്ങൾ ഒരു ദിവസം രണ്ട് മുട്ട വീതം കഴിക്കുമ്പോൾ നിങ്ങളുടെ ശരീരത്തിലേയ്ക്ക് നിരവധി പോഷകങ്ങളാണ് എത്തുന്നത്. ഇത്തരത്തിൽ മുട്ട കഴിച്ചാൽ നിങ്ങൾക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
പ്രോട്ടീൻ
എല്ലാവർക്കും അറിയാം മുട്ട പ്രോട്ടീന്റെ ഒരു കലവറ തന്നെയാണെന്ന്. അതിനാൽ തന്നെയാണ്, വ്യായാമം ചെയ്യുന്നവരും അതുപോലെ മസിൽ പെരുപ്പിക്കാൻ ആഗ്രഹിക്കുന്നവരും ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരുമെല്ലാം മുട്ട പതിവാക്കുന്നത്. ഒരു വലിയ മുട്ടയിൽ 6 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ ശരീരഭാരം നിയന്ത്രിക്കാനും പേശികൾ ബലപ്പെടാനും സഹായിക്കുന്നുണ്ട്.
മുട്ടക്കറി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ
വിറ്റാമിനുകൾ
മുട്ടയിൽ ധാരാളം വിറ്റമിൻസും അടങ്ങിയിട്ടുണ്ട്. ഒരു മുട്ടയിൽ വിറ്റാമിൻ എ, വിറ്റാമിൻ ഡി, വിറ്റാമിൻ ബി12 എന്നിവ അടങ്ങിയിരിക്കുന്നു. ഈ വിറ്റാമിനുകൾ ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് വളരെ അനിവാര്യമാണ്. അതിനാൽ, മുട്ട കഴിക്കുന്നത് പതിവാക്കാം.
ധാതുക്കൾ
മുട്ട ധാതുക്കളുടെ മികച്ച ഉറവിടമാണ്. മുട്ടയിൽ സെലിനിയം, ഫോസ്ഫറസ്, അയൺ എന്നിങ്ങനെ ശീരരത്തിന് ആവശ്യമുള്ള നിരവധി ധാതുക്കൾ അടങ്ങിയിരിക്കുന്നു.
മറ്റു ഗുണങ്ങൾ
മുട്ടയുടെ മഞ്ഞക്കരുവിൽ ലൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് റെറ്റിനയ്ക്ക് ദോഷകരമാകുന്ന സൂര്യപ്രകാശത്തിൽ നിന്നും നമ്മളുടെ കണ്ണുകളെ സംരക്ഷിക്കാൻ സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് ശരീരത്തിൽ നിന്നും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. മുട്ട തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. മുട്ടയുടെ മഞ്ഞക്കരുവിൽ DHA അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ വികാസത്തിനും പ്രവർത്തനത്തിനും പ്രധാനമാണ്.
അതുപോലെ തന്നെ പ്രതിരോധശേഷി മെച്ചപ്പെടുത്താൻ മുട്ട നല്ലതാണ്. മുട്ടയുടെ മഞ്ഞക്കരുവിൽ സെലിനിയം അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
മുട്ട കഴിക്കേണ്ട ശരിയായ വിധം
കഴിക്കാനായി എല്ലായ്പ്പോഴും ഫ്രഷ് മുട്ടകൾ തിരഞ്ഞെടുക്കുക. മിക്കപ്പോഴും ഒരു മുട്ട ഏകദേശം 10-14 ദിവസത്തേക്ക് ഫ്രഷായിരിക്കും. ഇത് കാലാവസ്ഥയ്ക്കനുസരിച്ച് മുട്ട കേടാകാതെ ഇരിക്കുന്നതിലും വ്യത്യാസം വരും. അതുപോലെ തന്നെ മുട്ട ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. അതുപോലെ തന്നെ മുട്ട വേവിക്കുമ്പോൾ 5 മുതൽ 9 മിനിറ്റിൽ കൂടുതൽ വേവിക്കുന്നതും നല്ലതല്ല. അമിതമായി വേവിക്കുന്നത് സത്യത്തിൽ മുട്ടയുടെ പോഷകങ്ങൾ നഷ്ടപ്പെടുന്നതിന് ഒരു കാരണമാണ്.
മുട്ട പുഴുങ്ങി പരമാവധി കഴിക്കുന്നതാണ് നല്ലത്. അതുപോലെ, പച്ചമുട്ട കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ചിലർ മുട്ട പുഴുങ്ങി, അല്ലെങ്കിൽ മുട്ട കറി ഉണ്ടാക്കി കുറേ നേരം കഴിഞ്ഞ് കഴിക്കുന്നത് കാണാം. മുട്ട തയ്യാറാക്കി അപ്പോൾ തന്നെ കഴിക്കുന്നതാണ് നല്ലത്. അധികസമയം വെക്കുന്നത് ബാക്ടീരിയ പെരുകാൻ കാരണമാകുന്നു.
മുട്ടയുടെ ദോഷവശങ്ങൾ
അമിതമായി മുട്ട കഴിക്കുന്നത് ദഹന പ്രശ്നങ്ങൾക്ക് കാരണമാകാം. ചിലർക്ക് വയർ ചീർക്കൽ, അതുപോലെ, ഛർദ്ദിക്കാൻ വരൽ എന്നിങ്ങനെയുള്ള അസ്വസ്ഥതകൾവരാൻ സാധ്യത കൂടുതലാണ്. അഥുപോലെ, ഒരു നിശ്ചിത അളവിൽ മാത്രം പ്രോട്ടീൻ കയറ്റുന്നതാണ് നല്ലത്. അമിതമായി പ്രോട്ടീൻ എത്തുന്നതും ശരീരത്തിന് നല്ലതല്ല.
ചിലർക് മുട്ട അലർജി പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യത കൂടുതലാണ്. ഇത്തരത്തിൽ അലർജി പ്രശ്നങ്ങൾ ഉള്ളവരാണെങ്കിൽ അവർക്ക് ശ്വാസതടസ്സം, ചർമ്മ പ്രശ്നങ്ങൾ, വയറുവേദന, കഫക്കെട്ട് ന്നെിവ വരാം. അതുപോലെ, ചീത്തയായ മൊട്ട കഴിച്ചാൽ അത് സാൽമോണെല്ല എന്ന രോഗത്തിലേയ്ക്ക് നിങ്ങളെ നയിക്കാം. ഇത് വന്നാൽ, ഛർദ്ദി, വയറിളക്കം, പനി എന്നിവ ലക്ഷണങ്ങളായി കണ്ട് വരുന്നു. അതുപോലെ, അമിതമായി മുട്ട കഴിക്കുന്നത് കൊളസ്ട്രോൾ കൂടാനും കാരണമാകുന്നു. അതിനാൽ മുട്ട രണ്ടെണ്ണത്തിൽ കൂടുതൽ കഴിക്കാതിരിക്കുന്നതാണ് നല്ലത്.