അംബരചുംബികള്‍ മാത്രമല്ല, മാന്ത്രികചെപ്പിലൊളിപ്പിച്ച വിസ്മയങ്ങള്‍ നിരവധി; ദുബായില്‍ മാത്രം അനുഭവിക്കാന്‍ കഴിയുന്ന അഞ്ച് കാര്യങ്ങള്‍
Samayam Malayalam | Updated: 30 Aug 2023, 7:49 am
അത്യന്താധുനിക സൗകര്യങ്ങളും സുരക്ഷിതത്വവും ആഢംബരങ്ങളും എയര്‍ കണക്റ്റിവിറ്റിയുമെല്ലാം വിനോദസഞ്ചാരികളെ മാടിവിളിക്കുന്നു. 108 ബില്യണ്‍ ഡോളര്‍ മൊത്ത ആഭ്യന്തര ഉദ്പാദനം (ജിഡിപി) എന്ന അഭിമാന നേട്ടത്തിലെത്തിയ ഈ നഗരം അതിവേഗം അഭിവൃദ്ധിപ്പെടുന്ന ലോകത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്.
ഹൈലൈറ്റ്:
- കരയിലും വെള്ളത്തിലും സഞ്ചാരയോഗ്യമായ കാറുകള്‍
- കടലിനടിയിലെ ഹോട്ടല്‍ സ്യൂട്ടിന്റെ തറ മുതല്‍ മേല്‍ക്കൂര വരെയുള്ള ചില്ലുജാലകക്കാഴ്ചകള്‍
- ബമ്പര്‍ ടു ബമ്പര്‍ ട്രാഫിക്കില്‍ നിന്ന് രക്ഷതേടാന്‍ ഹെലികാര്‍
ദുബായില്‍ മാത്രം സന്ദര്‍ശകര്‍ക്ക് അനുഭവിക്കാന്‍ കഴിയുന്ന അഞ്ച് അത്ഭുതകരമായ കാര്യങ്ങള്‍ ഇതാ.
1. വാട്ടര്‍ കാറുകള്‍
ആദ്യത്തെ വാണിജ്യ വാട്ടര്‍ കാറായ പാന്തര്‍ 2013ല്‍ അവതരിപ്പിച്ചു. കരയിലും വെള്ളത്തിലും സഞ്ചാരയോഗ്യമായ ഇത്തരത്തിലുള്ള ആറ് വാഹനങ്ങള്‍ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍മക്തൂമിന്റെ പക്കലുണ്ട്. ഇത്തരം കാറുകളുടെ വില സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതല്ലെങ്കിലും അടുത്തിടെ പുറത്തിറങ്ങിയ 135,000 യുഎസ് ഡോളറിന്റെ ഏറ്റവും പുതിയ മോഡല്‍ ദുബായില്‍ ജനപ്രീതി നേടി.
Photo: youtube
2. കടലിനടിയിലെ ഹോട്ടലുകള്‍
കടലിനടിയില്‍ താമസിക്കാന്‍ സൗകര്യമുള്ള നിരവധി ഹോട്ടലുകള്‍ ദുബായിലുണ്ട്. അണ്ടര്‍വാട്ടര്‍ സ്യൂട്ടുകളിലെ അതിഥികള്‍ക്ക് കടലിനടിയിലെ മനോഹരമായ കാഴ്ചകള്‍ ലഭിക്കുന്നു. ചെലവ് അല്പം കൂടുമെന്നു മാത്രം. കടല്പൊയ്കയില് വസിക്കുന്ന അറുപത്തയ്യായിരത്തിലധികം കടല്‍ജീവികളെ അടുത്തറിയാന്‍ സഹായിക്കുന്ന പ്രസിദ്ധമായ അണ്ടര്‍വാട്ടര്‍ സ്യൂട്ടുകളുണ്ട്. തറ മുതല്‍ മേല്‍ക്കൂര വരെയുള്ള ചില്ലുജാലകക്കാഴ്ചകള്‍ (ഫ്ലോര്‍ ടു സീലിങ് ഗ്ലാസ് വിന്‍ഡോ) അറിവും അനുഭൂതിയും പകരുന്നു.
Photo: Instagram
3. റോബോട്ടിക് ഒട്ടക റേസര്‍മാര്‍
യുഎഇയില്‍ ഒട്ടക ഓട്ടമത്സരവുമായി ബന്ധപ്പെട്ട് നിരവധി മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നു. മൃഗങ്ങളെ പ്രയാസപ്പെടുത്തുന്നതും മല്‍സരങ്ങളില്‍ ചെറിയ കുട്ടികളെ ജോക്കികളായി ഉപയോഗിക്കുന്നതുമെല്ലാം വിമര്‍ശിക്കപ്പെട്ടു. 2004ല്‍ യുഎഇ ഹ്യൂമന്‍ ജോക്കികളെ നിരോധിക്കുകയും റോബോട്ട് ജോക്കികള്‍ ഉപയോഗിക്കുകയും ചെയ്തു.
സുരക്ഷിതമായ അകലംപാലിച്ച് സഞ്ചരിക്കുന്ന റോബോട്ടുകള്‍ റേസ് ടീമിലേക്ക് ഒട്ടകത്തിന്റെ ഹൃദയമിടിപ്പും ഓട്ടത്തിന്റെ വേഗതയും കൈമാറാന്‍ പ്രാപ്തമാണ്. റോബോട്ടുകള്‍ അലുമിനിയംരഹിതമാണെന്നതാണ് മറ്റൊരു പ്രത്യേകത.
Photo: X
4. ഹെലികോപ്റ്റര്‍ ടാക്സികള്‍
വന്‍നഗരങ്ങളിലെ ബമ്പര്‍ ടു ബമ്പര്‍ ട്രാഫിക്കില്‍ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങളില്‍ സമയംചെലവഴിക്കേണ്ടി വരുമ്പോഴുള്ള അവസ്ഥ പ്രത്യേകം പറയേണ്ടതില്ല. എന്നാല്‍ ദുബായിലെ ആകാശത്ത് ഹെലികോപ്റ്റര്‍ ടാക്സികള്‍ കറങ്ങുന്നത് സാധാരണ കാഴ്ചയായി കഴിഞ്ഞു. ബുര്‍ജ് ഖലീഫയിലെ താമസക്കാര്‍ ഹെലികാര്‍ ടാക്സികള്‍ നഗരങ്ങളിലൂടെ സഞ്ചരിക്കുന്നതിന് ഇടയ്ക്കിടെ സാക്ഷ്യംവഹിക്കുന്നു.
Photo: X
5. ഇന്‍ഡോര്‍ സ്കീ മാള്‍
മജീദ് അല്‍ ഫുത്തൈം ഗ്രൂപ്പ് ആദ്യമായി ആരംഭിച്ച സ്കീ ദുബായ് 2005ല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. 25 നിലകളുള്ള ഇന്‍ഡോര്‍ ഹിമപര്‍വതത്തില്‍ നിന്ന് താഴേക്ക് മഞ്ഞുപാളികള്‍ക്ക് മുകളിലൂടെ സ്കീയര്‍മാര്‍ക്ക് തെന്നിപ്പായാം. മൂന്ന് ലിഫ്റ്റുകള്‍ ഉപയോഗിച്ച് സ്കീയര്‍മാരെ മുകളിലെത്തിക്കും. അഞ്ച് റണ്ണുകളില്‍ ഒന്ന് തിരഞ്ഞെടുക്കാം. ഓരോ റൈഡും കാഠിന്യത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു.
ലോകത്തിലെ ആദ്യത്തെ ഇന്‍ഡോര്‍ ബ്ലാക്ക് ഡയമണ്ട് കോഴ്സ് ആണ് ഇതില്‍ ഏറ്റവും നവീനമായത്. ഹിമപര്വതങ്ങളിലെ ഏറ്റവും കഠിനവും സങ്കീര്‍ണവുമായ കോഴ്സാണ് ബ്ലാക്ക് ഡയമണ്ട് റണ്‍.
Photo: X
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക