അബുദാബി > എമിറേറ്റ്സ് ഫാൽക്കണേഴ്സ് ക്ലബ് സംഘടിപ്പിക്കുന്ന അബുദാബി ഇന്റർനാഷണൽ ഹണ്ടിംഗ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷൻ അഡിഹെക്സിന്റെ (ADIHEX 2023) 20-ാമത് പതിപ്പ് സെപ്റ്റംബർ 2 മുതൽ 8 വരെ നടക്കും. 65 രാജ്യങ്ങളിൽ നിന്നുള്ള 1,200 കമ്പനികളും ബ്രാൻഡുകളും പ്രദർശനത്തിൽ പങ്കെടുക്കും.
അൽ ദഫ്റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്സ് ഫാൽക്കണേഴ്സ് ക്ലബ് ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലാണ് പരിപാടി. ADIHEX പുതിയ വിജയഗാഥകളും റെക്കോർഡുകളും രേഖപ്പെടുത്തുന്നത് തുടരുകയാണെന്ന് ADIHEX-ന്റെ ഉന്നത സംഘാടക സമിതി ചെയർമാനും എമിറേറ്റ്സ് ഫാൽക്കണേഴ്സ് ക്ലബ് സെക്രട്ടറി ജനറലുമായ മജീദ് അലി അൽ മൻസൂരി തിങ്കളാഴ്ച അബുദാബിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഏകദേശം 65,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള പവലിയൻ ആണ് തയ്യാറാക്കുന്നത്.
അബുദാബി ഇന്റർനാഷണൽ ഹണ്ടിംഗ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷൻ കൂടുതൽ സ്പെഷ്യലൈസ്ഡ് ഹെറിറ്റേജ്, കലാ, സാംസ്കാരിക മത്സരങ്ങളും പ്രഖ്യാപിച്ചു, വിജയികൾക്കായി 64 അവാർഡുകൾ അനുവദിച്ചു.
ഇന്റർനാഷണൽ അസോസിയേഷൻ ഫോർ ഫാൽക്കൺറി ആന്റ് കൺസർവേഷൻ ഓഫ് ബേർഡ്സ് ഓഫ് പ്രേയുമായി സഹകരിച്ച്, എമിറേറ്റ്സ് ഫാൽക്കണേഴ്സ് ക്ലബ്ബാണ് “സുസ്ഥിര ഫാൽക്കൺറി: 21-ാം നൂറ്റാണ്ടിന്റെ വെല്ലുവിളികൾ നേരിടൽ” എന്ന തലക്കെട്ടിൽ സമ്മേളനം സംഘടിപ്പിക്കുന്നത്. “ഫാൽക്കൺറിയും സാംസ്കാരിക പൈതൃകവും സംരക്ഷിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്ക്” എന്ന മാധ്യമ സമ്മേളനവും സംഘടിപ്പിക്കും.എക്സിബിഷന്റെ ചരിത്രത്തിലെ ആദ്യത്തെ കലാ-കരകൗശല ലേലത്തിനൊപ്പം ഈ വർഷം ആദ്യത്തെ കത്തി ലേലവും നടക്കും. കഴിഞ്ഞ പതിപ്പിൽ അഭൂതപൂർവമായ വിജയം നേടിയ അറേബ്യൻ ഒട്ടകങ്ങളുടെയും കൂട്ടിലടയ്ക്കപ്പെട്ട ഫാൽക്കണുകളുടെയും ലേലത്തിന് പുറമേയാണിത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..