കുവൈത്ത് സിറ്റി> ആരോഗ്യ മന്ത്രാലയത്തിലെ പ്രവാസി മെഡിക്കല്‍ സ്റ്റാഫിന് ചില നിബന്ധനകള്‍ക്ക് വിധേയമായി ഭാര്യക്കും കുട്ടികള്‍ക്കും ഫാമിലി വിസ ലഭിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം പച്ചക്കൊടി കാട്ടിയതായി പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഘട്ടം ഘട്ടമായെങ്കിലും പ്രത്യേക ഗ്രൂപ്പുകള്‍ക്ക് വേണ്ടിയാണെങ്കിലും ഫാമിലി വിസ അനുവദിക്കാനുള്ള തീരുമാനം പ്രവാസികള്‍ക്ക് പ്രതീക്ഷയായി.
പ്രവാസി മെഡിക്കല്‍ സ്റ്റാഫിന്റെ അടുത്ത കുടുംബാംഗങ്ങളെ രാജ്യത്ത് പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്ന ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്അവാദിയുടെ അഭ്യര്‍ത്ഥന പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ഖാലിദ് അംഗീകരിച്ചതായാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത് .15 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികള്‍ക്കും , 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കുമാണ് ഭാര്യയെ കൂടാതെ പ്രവേശനം അനുവദിക്കുക
.
ആരോഗ്യ രംഗത്ത് സ്ഥിരത ഉറപ്പാക്കുകയും വിവിധ മേഖലകളില്‍ രാജ്യത്തിന് ആവശ്യമായ വിദഗ്ധ ജീവനക്കാരുടെ കൊഴിഞ്ഞു പോക്ക് തടയാനും ഈ തിരുമാനത്തിന് സാധിക്കുമെന്ന് പത്രം അഭിപ്രായപ്പെടുന്നു. പ്രത്യേകിച്ച് മെഡിക്കല്‍ സ്റ്റാഫ്, കണ്‍സള്‍ട്ടന്റുകള്‍, അപൂര്‍വ സ്പെഷ്യലൈസേഷന് ഉള്ളവര്‍ എന്നിവര്‍ക്ക് ഫാമിലി വിസ അനുവദിച്ചാല്‍ അവര്‍ക്ക് കുവൈത്തില്‍ തന്നെ തുടരാനാകും. അതേസമയം, വിസ നല്‍കുന്നതിനെക്കുറിച്ചോ അത് പുനരാരംഭിക്കുന്ന തീയതിയെക്കുറിച്ചോ ആഭ്യന്തര മന്ത്രാലയം ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..