അങ്കമാലിക്കുസമീപം കരയാംപറമ്പിൽ നിന്ന് ആരംഭിച്ച് കൊച്ചി നഗരത്തിൽ ഒരിടത്തും പ്രവേശിക്കാതെ കുണ്ടന്നൂരിനു സമീപം നെട്ടൂരിൽ അവസാനിക്കുന്നതാണ് പുതിയ ദേശീയപാതാ ബൈപ്പാസ് പദ്ധതി. തിരക്കേറിയ ആലുവ, ഇടപ്പള്ളി, വൈറ്റില മേഖലകൾ ഒഴിവാകുന്നതോടെ തൃശൂരിൽനിന്നും പാലക്കാട്ടുനിന്നും തെക്കൻ കേരളത്തിലേക്കുള്ള യാത്രാസമയത്തിൽ വലിയ കുറവുണ്ടാകും. ഹൈവേ നിർമാണത്തിനുള്ള സർവേ നടപടികൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. 45 മീറ്ററിൽ ആറുവരിയായി നിർമിക്കുന്ന പാത പൂർണമായും ആക്സസ് കൺട്രോൾ റോഡായിരിക്കുമോ എന്ന കാര്യത്തിലും അടുത്തയാഴ്ചയോടെ തീരുമാനമുണ്ടാകും. പദ്ധതിയുടെ സാമൂഹികാഘാത പഠനവും വൈകാതെ തുടങ്ങും.
Rain Festival: മഴ ഉത്സവത്തിന് ആവേശംകൂട്ടാൻ മഡ് ഫുട്ബോളുമായി ദേശീയ താരങ്ങള്‍
44 കിലോമീറ്ററോളം വരുന്ന റോഡ് കൊച്ചി നഗരത്തിൻ്റെ കിഴക്കുഭാഗത്തുകൂടി ആലുവ, കുന്നത്തുനാട്, കണയന്നൂർ താലൂക്കുകൾ വഴിയാകും കടന്നുപോകുക. ദേശീയപാത 544ൻ്റെ ഭാഗമായ അങ്കമാലി – ഇടപ്പള്ളി പാതയും ദേശീയപാത 66ലെ ഇടപ്പള്ളി – കുണ്ടന്നൂർ ഭാഗവും പൂർണമായും ഒഴിവാക്കിയാണ് പുതിയ പാത നിർമിക്കുക. വലിയ ജങ്ഷനുകളൊന്നുമില്ലാതെയാകും ഗ്രീൻഫീൽഡ് പദ്ധതിയായി തയ്യാറാക്കുന്ന പാതയുടെ നിർമാണം. നെടുമ്പാശേരി വിമാനത്താവളത്തിനു കിഴക്കുവശത്തുകൂടി കടന്നുപോയി, വേങ്ങൂരിനു സമീപം എംസി റോഡ് മുറിച്ചുകടക്കുന്ന ഗ്രീൻഫീൽഡ് ബൈപ്പാസ് പരമാവധി കെട്ടിടങ്ങലും ചെറുപട്ടണങ്ങളും ഒഴിവാക്കിയാണ് നിർമിക്കുന്നത്. പോഞ്ഞാശ്ശേരിക്കു സമീപത്തുവെച്ചാണ് നിലവിലെ ആലുവ മൂന്നാർ റോഡും ആലുവ – കോതമംഗലം സംസ്ഥാനപാതയും മുറിച്ചുകടക്കുക. പട്ടിമറ്റത്തുവെച്ച് മൂവാറ്റുപുഴ – കാക്കനാട് റോഡും മറികടക്കും. കൊച്ചി – ധനുഷ്കോടി ദേശീയപാത മുറിച്ചുകടക്കുന്ന പുത്തൻകുരിശിനു സമീപം വലിയൊരു ട്രംപറ്റ് ഫ്ലൈഓവറും നിർമിക്കും. ഇവിടെനിന്നു പടിഞ്ഞാറോട്ടു നീങ്ങി കുണ്ടന്നൂരിനു തെക്കുവശത്ത് നെട്ടൂരിലാകും പാത എത്തിച്ചേരുക.
വലിയ വികസനസാധ്യത
അനുമതി ലഭിക്കുന്നതോടെ വൈകാതെ ഭൂമിയേറ്റെടുപ്പ് തുടങ്ങാനാകുമെന്നും പ്രദേശത്ത് ഇത് വലിയ വികസനത്തിനു കാരണമാകുമെന്നുമാണ് റോജി എം ജോൺ എംഎൽഎ വ്യക്തമാക്കുന്നത്. കൊച്ചി നഗരത്തിൻ്റെ കിഴക്കുഭാഗത്ത് വലിയ വികസനസാധ്യതയാണ് പുതിയ ബൈപ്പാസ് തുറന്നിടുന്നത്. പാതയുടെ അലൈൻമെൻ്റ് കടന്നുപോകുന്ന പ്രദേശങ്ങളെല്ലാം നിലവിൽ നഗരസ്വഭാവമുള്ള ഗ്രാമങ്ങളാണ്. സെമി ആക്സസ് കൺട്രോൾ രീതിയിലാണ് നടപ്പാക്കുന്നതെങ്കിലും ഇരുവശത്തുമുള്ള നാലുവരി സർവീസ് റോഡുകൾ വഴി ഈ പ്രദേശങ്ങൾ തമ്മിലുള്ള കണക്ടിവിറ്റിയിൽ വലിയ പുരോഗതിയുണ്ടാകും. പെരുമ്പാവൂർ, പട്ടിമറ്റം, കോലഞ്ചേരി തുടങ്ങിയ ടൗണുകളെല്ലാം പുതിയ ബൈപ്പാസിനു തൊട്ടടുത്താണ്. ഭാവിയിൽ ഇവിടങ്ങളെല്ലാം ഉപഗ്രഹനഗരങ്ങളായി വികസിക്കാനുള്ള സാധ്യതയും തെളിയും. പുതിയ ഹൈവേയ്ക്ക് കൊച്ചി ബൈപ്പാസ് എന്നു പേരിടണമെന്ന ആവശ്യവും പരിഗണനയിലുണ്ട്. ഇതു സംബന്ധിച്ച് ലഭിച്ച നിവേദനം കേന്ദ്രസർക്കാർ പദ്ധതിയുടെ ജനറൽ കൺസൾട്ടൻ്റിന് കൈമാറിയിട്ടുണ്ട്.
മൺസൂൺ തോന്നിയപോലെ; അസംസ്കൃത വസ്തുക്കളില്ല; ഭൂമി ഏറ്റെടുപ്പ് തടസ്സപ്പെടുന്നു: ദേശീയപാത നിര്‍മാണം ഇഴയുന്നതിനു പിന്നിൽ
17 വില്ലേജുകളിൽനിന്നായി മൊത്തം 280 ഹെക്ടർ ഭൂമിയാണ് ബൈപ്പാസിനായി ഏറ്റെടുക്കേണ്ടത്. 90 ശതമാനം ഭൂമി ഏറ്റെടുത്താൽ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാനാകും. ഏറ്റെടുക്കേണ്ട ഭൂമിയുടെ വിവരങ്ങൾ ഇതിനോടകം റവന്യൂ വകുപ്പിന് കൈമാറിയിട്ടുണ്ട്. നെട്ടൂർ മേഖലയിലൊഴികെ മറ്റൊരിടത്തും വലിയ പാലങ്ങളോ വയഡക്ടുകളോ വേണ്ടിവന്നേക്കില്ല. കേന്ദ്രമന്ത്രാലയത്തിൻ്റെ അനുമതി ഒരാഴ്ചയ്ക്കുള്ളിൽ ലഭിക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള ദ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. അടുത്ത വർഷം മാർച്ചോടുകൂടി നിർമാണം ആരംഭിക്കാനും മൂന്നുവർഷത്തിനുള്ളിൽ പൂർത്തിയാക്കാനുമാണ് ദേശീയപാത അതോരിറ്റി ലക്ഷ്യമിടുന്നത്.
ഇടപ്പള്ളി മുതൽ അരൂർ വരെ നിലവിലെ ഹൈവേക്കു മുകളിലൂടെ ആറുവരി ഫ്ലൈഓവർ നിർമിക്കാനുള്ള സാധ്യത ദേശീയപാത അതോരിറ്റി പഠിക്കുന്നുണ്ട്. ഇത് യാഥാർഥ്യമായാൽ നെട്ടൂരിലെത്തുന്ന പുതിയ ബൈപ്പാസ് ഒരു ട്രംപറ്റ് ഫ്ലൈഓവർ വഴി ഈ ഉയരപ്പാതയുമായി ബന്ധിപ്പിക്കും. നിലവിൽ പദ്ധതിഘട്ടത്തിലുള്ള കൊച്ചി – തേനി ഗ്രീൻഫീൽഡ് ഹൈവേയും പുതിയ ബൈപ്പാസിൽ നിന്നാണ് ആരംഭിക്കുക. ഇതിനായി പുത്തൻകുരിശിനു സമീപം ഒരു ട്രംപറ്റ് ഫ്ലൈഓവർ കൂടി നിർമിച്ചേക്കും.