തുടക്കം 2009ൽ
സബർബൻ ട്രെയിനുകളെക്കുറിച്ചുള്ള ചർച്ചകൾ കേരളത്തിൽ തുടങ്ങുന്നത് 2009ലാണ്. കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ രൂപീകരണം 2009ലെ കേരളാ ബജറ്റിൽ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. അതിവേഗ പാതയും സബർബൻ റെയിൽ ശൃംഖലയും നിർമ്മിക്കുക എന്നതായിരുന്നു കെആർഡിസിഎലിന്റെ (KRDCL) രൂപീകരണോദ്ദേശ്യം. പിന്നീട് ചർച്ചകൾ കെ-റെയിലിൽ മാത്രം കേന്ദ്രീകരിക്കുകയായിരുന്നു എന്നുമാത്രം.
2012ൽ അധികാരത്തിലെത്തിയ ഉമ്മൻചാണ്ടി മന്ത്രിസഭ അതിവേഗ റെയിൽപ്പാത കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചെങ്കിലും കൂടുതൽ ശ്രദ്ധ നൽകിയത് സബർബൻ റെയിൽ ശൃംഖലയ്ക്കായിരുന്നു. 2024ൽ ശാസ്ത്രസാഹിത്യപരിഷത്തും ഇത്തരമൊരു പദ്ധതിയുടെ ആവശ്യകത ഉയർത്തിക്കാട്ടിയിരുന്നു. ‘വേണം കേരളത്തിനൊരു ജനപക്ഷ ഗതാഗതനയം’ എന്ന പരിഷത്തിന്റെ ലഘുലേഖയിൽ ഇങ്ങനെ പറയുന്നുണ്ട്: “എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനടുത്തുള്ള പഴയ റെയിൽവെ സ്റ്റേഷൻ പുനർനിർമിച്ച് സബർബൻ ട്രെയിനിന്റെ സ്റ്റേഷൻ അവിടേക്ക് ആക്കണം. തെക്കോട്ടേക്കും കിഴക്കോട്ടേക്കും വടക്കോട്ടേക്കും ധാരാളം സബർബൻ ട്രെയിനുകൾ ഇവിടെനിന്നും ആരംഭിക്കണം.”
3330.78 കോടി ചെലവ്
മുംബൈ റെയിൽ വികാസ് കോർപ്പറേഷനാണ് പദ്ധതി രൂപരേഖ തയ്യാറാക്കിയത്. 110 കിലോമീറ്റർ ദൈർഘ്യമുള്ളതായിരുന്നു ഒന്നാംഘട്ടം. തിരുവനന്തപുരം മുതൽ ചെങ്ങന്നൂർ വരെ നീളുന്ന പാത. ഇരു സ്റ്റേഷനുകൾക്കുമിടയിൽ 25 സ്റ്റോപ്പുകളുണ്ടായിരിക്കുമെന്നും നിർദ്ദേശിക്കപ്പെട്ടു. ശരാശരി സ്റ്റേഷൻ ദൂരം അഞ്ച് കിലോമീറ്ററായിരുന്നു നിർദ്ദേശിക്കപ്പെട്ടത്.
3330.78 കോടി രൂപയായിരുന്നു ഈ പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കപ്പെട്ടത്. 1,200 കോടി രൂപ റോളിങ് സ്റ്റോക്കുകൾക്ക് അഥവാ ട്രെയിനുകൾക്ക് വരും. സിവിൽ വർക്കുകൾക്ക് 1,025 കോടി രൂപ. സിഗ്നലിങ്ങിനും ടെലികോം സൗകര്യങ്ങൾക്കുമായി 554.46 കോടി രൂപ. ഇലക്ട്രിക്കൽ ജോലികൾക്കും മറ്റുമായ 172 കോടി രൂപ.
2015ൽ അന്നത്തെ കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിനെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും, പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും നേരിൽപ്പോയി കണ്ടു. കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ ഒരു പുതിയ കമ്പനി തുടങ്ങി അതിനു കീഴിൽവേണം സബർബൻ റെയിൽ കൊണ്ടുവരാനെന്ന് പ്രഭു നിർദ്ദേശിച്ചു. ഇതനുസരിച്ച് അദ്ദേഹം സംസ്ഥാന സർക്കാരിന് കത്തും നൽകി. ഈ കത്ത് ധനമന്ത്രാലയത്തിന്റെ പരിഗണനയ്ക്ക് സംസ്ഥാന മന്ത്രിസഭ വിടുകയും ചെയ്തു. ആകെ ചെലവിന്റെ 60 ശതമാനം വരെ ലോകബാങ്കിന്റെ വായ്പ വാങ്ങി മുമ്പോട്ടു പോകാൻ സാധിക്കുമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷ. ഇൻഫ്രാ ബോണ്ടുകൾ വഴിയും, ഇന്ത്യൻ റെയിൽവേയുടെ ഫിനാൻസ് കോർപ്പറേഷന്റെ വായ്പ വഴിയും, ഇതര ബാങ്കിങ് സ്ഥാപനങ്ങളില് നിന്നുള്ള ലോൺ വഴിയുമെല്ലാം ബാക്കിയുള്ള തുക കണ്ടെത്താമെന്നും ധാരണയുണ്ടായി.
മിനിമം ഫെയർ വരിക 10 രൂപയായിരുന്നു. കിലോമീറ്ററിന് 0.80 പൈസ മുതൽ 2 രൂപ വരെ വർധിക്കുന്ന തരത്തിൽ സ്റ്റേജുകൾ നിശ്ചയിക്കാമെന്നും ഏകദേശധാരണ വന്നു. സാധ്യതാപഠനത്തിൽ മനസ്സിലാക്കിയതു പ്രകാരം റോഡ് യാത്രക്കാരിൽ 92 ശതമാനവും, ബസ് യാത്രക്കാരിൽ 76.25 ശതമാനവും, ട്രെയിൻ യാത്രക്കാരിൽ 76.04 ശതമാനവും സബർബനിലേക്ക് മാറുമെന്ന് കണ്ടിത്തുകയും ചെയ്തിരുന്നു. ബസ്സിനെക്കാൾ അൽപ്പം ചെലവ് കൂടുമെന്നേയുള്ളൂ എന്ന ഗുണം സബർബൻ ട്രെയിനുകൾക്കുണ്ട്. ബസ്സിനെപ്പോലെ ട്രാഫിക്കിൽ കുടുങ്ങുകയും മറ്റുമില്ല.
കേന്ദ്രം കൈയൊഴിയുന്നു
പക്ഷെ പ്രശ്നം തുടങ്ങിയത് കേന്ദ്രം 2017ൽ പദ്ധതിയെ കൈയൊഴിഞ്ഞപ്പോഴാണ്. ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിലെല്ലാം റെയിൽവേ ഭൂമിയില് പുതിയ ട്രാക്കുകൾ പണിഞ്ഞ് പദ്ധതി നടപ്പാക്കുകയാണുണ്ടായത്. എന്നാൽ കേരളത്തിൽ നിലവിലുള്ള റെയിൽവേയുടെ അടിസ്ഥാന സൗകര്യങ്ങളിൽ സബർബൻ ട്രെയിനുകൾ ഓടിക്കുക എന്നതായിരുന്നു പദ്ധതി. അത് നടപ്പാകില്ലെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. സ്വന്തമായി ട്രാക്കുകളുണ്ടാക്കി അതിലോടിക്കാമെങ്കിൽ മാത്രമേ പദ്ധതി നടപ്പിലാകൂ.
സിൽവർലൈൻ വിവാദകാലത്ത് സബർബൻ പ്രശ്നം ഉന്നയിക്കപ്പെട്ടിരുന്നു. കേരളത്തിന് യോജിച്ചത് സബർബൻ ആണെന്ന വാദം ഉമ്മൻചാണ്ടി ഉന്നയിച്ചു. എന്നാൽ, സബർബൻ എന്ന ആവശ്യം കേന്ദ്രം തള്ളിയതാണെന്ന മറുവാദം എൽഡിഎഫും ഉന്നയിച്ചു. ഇപ്പോൾ സിൽവർ ലൈൻ പദ്ധതിയും കേന്ദ്രം തള്ളിയിരിക്കുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് ഒന്നാലോചിച്ചാൽ നമുക്ക് മനസ്സിലാകും. വിവിധ ബുള്ളറ്റ് ട്രെയിൻ പദ്ധതികൾ പതിയെ നടപ്പിലായി വരുന്നുണ്ട്. നിലവിൽ പ്രഖ്യാപിക്കപ്പെട്ട അതിവേഗ റെയിൽ പദ്ധതികളിലൊന്നും കേരളത്തിന്റെ പേരില്ല. നിലവിൽ പണി നടന്നുകൊണ്ടിരിക്കുന്ന മുംബൈ-അഹ്മദാബാദ് അതിവേഗ റെയിൽ പദ്ധതിയും പൂർത്തിയാകാൻ വർഷങ്ങളെടുക്കും. കേരളത്തിന് അതിവേഗ റെയിൽവേ ലഭ്യമാകണമെങ്കിൽ വളരെയേറെ വർഷങ്ങൾ കാത്തിരിക്കേണ്ടിവരുമെന്ന് ചുരുക്കം. ലഭിച്ചാൽത്തന്നെയും പണി പൂർത്തിയായി ഇറങ്ങാനും കാലതമാസമെടുക്കും.
ഈ സന്ദർഭത്തിലാണ് സബർബൻ ആലോചനയ്ക്ക് പ്രാധാന്യമേറുന്നത്. റെയിൽവേ ഭൂമിയിൽത്തന്നെ, കുറഞ്ഞ സ്ഥലമേറ്റെടുപ്പ് നടത്തി ഒരു മാസ് ട്രാൻസിറ്റ് സംവിധാനംകൂടി കേരളത്തിലെത്തിക്കുക. റെയില്വേകൂടി അംഗീകരിക്കുന്ന പ്രായോഗികമായ ഒരു രൂപരേഖ സമർപ്പിക്കുക. അതിനെ രാഷ്ട്രീയ സമ്മർദ്ദങ്ങളടക്കം ഉപയോഗിച്ച് നടപ്പിൽ വരുത്തുക. ഒപ്പം, അതിവേഗ റെയിൽപ്പാത ഭാവിയിൽ എന്നെങ്കിലും വരുമെന്ന് കാത്തിരിക്കുകയുമാകാം.