മസ്കറ്റ്> യാത്രാപ്രയാസം ഏറെ അനുഭവിക്കുന്ന കേരള സെക്ടറിലേക്ക് ഒമാനിൽ നിന്ന് കൂടുതൽ സർവീസുകൾ നടത്താൻ ഒരുങ്ങുകയാണ് ഒമാൻ ദേശീയ വിമാന കമ്പനിയായ ഒമാൻ എയറും ഒമാന്റെ തന്നെ ബജറ്റ് എയർ ലൈൻ ആയ സലാം എയറും. ഒക്ടോബർ ആദ്യവാരം സർവീസ് വർദ്ധിപ്പിക്കും എന്നാണ് വിമാനകമ്പനികൾ പറയുന്നത്.
സീസൺ കാലങ്ങളിൽ അല്ലാതെ സാധാരണ യാത്രയ്ക്ക് പോലും വലിയ ടിക്കറ്റ് നിരക്ക് നൽകേണ്ടി വരുന്ന പ്രവാസികൾക്ക് ഒമാൻ വിമാന കമ്പനിയുടെ വർദ്ധിപ്പിച്ച സർവീസ് ഗുണകരമാകും എന്ന് അനുമാനിക്കുന്നു.
മസ്കറ്റ് തിരുവന്തപുരം റൂട്ടിൽ ഇപ്പോൾ ഒമാൻ എയർ സർവീസ് നടത്തുന്നത് എയർ ഇന്ത്യയുടെ കണക്ഷൻ വിമാനത്തെ ആശ്രയിച്ചാണ് ഒക്ടോബർ മുതൽ തിരുവന്തപുരത്തേക്ക് നേരിട്ട് സർവീസ് ആരംഭിക്കുമ്പോൾ ടിക്കറ്റ് നിരക്കിൽ ഗണ്യമായ കുറവ് ലഭിക്കും എന്ന് തന്നെയാണ് ഈ മേഖലയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾ കരുതുന്നത്.
കോഴിക്കോട്ടേയ്ക്കും തിരിച്ചും സലാം എയർ പ്രതിദിന സർവീസ് അടുത്ത മാസം ആരംഭിക്കും അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. നിലവിൽ കോഴിക്കോട് റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രെസ്സ് ദിനം ഒരു സർവീസും ഒമാൻ എയർ രണ്ടു സർവീസും നടത്തുന്നുണ്ട് ഈ മേഖലയിൽ ഒമാന്റെ ബജറ്റ് എയറായ സലാം എയർ കൂടി വരുന്നതോടെ യാത്ര
ക്ലേശത്തിനും നിരക്ക് വർധനയ്ക്കും ഒരു പരിഹാരം ആവും എന്ന് തന്നെയാണ് പ്രവാസികൾ പ്രതീക്ഷിക്കുന്നത്.
എയർ ഇന്ത്യയുടെ വിമാന സർവീസുകൾ അടുത്ത കാലങ്ങളിൽ നിരന്തരം വൈകുകയും സാങ്കേതിക തകരാർ പറഞ്ഞു യാത്ര റദ്ദ് ചെയ്യുകയും ചെയ്യുന്നത് പതിവാകുകയാണ്.
അനന്തമായ കാത്തിരിപ്പും എപ്പോൾ പുറപ്പെടും എന്ന് പറയാൻ പറ്റാത്ത അവസ്ഥയിൽ വിമാന താവളത്തിൽ യാത്ര ക്കാരെ ദുരിതത്തിൽ ആക്കിയ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് പകരം സംവിധാനം ഒരുക്കാൻതയ്യാറാവാതെ പ്രവാസികളുടെ യാത്ര വൈകിപ്പിച്ചു വിമാന താവളത്തിൽ പ്രതിഷേധം കൊണ്ട് പ്രതികരിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
മലബാറു കാർക്ക് ആശ്രയമായ കണ്ണൂർ എയർപോർട്ടിലേക്ക് വിദേശ വിമാന സർവീസുകൾക്ക് അനുമതി കൊടുക്കാതെ സാങ്കേതിക തടസ്സം ഉയർത്തി പറക്കാനുള്ള അനുമതി കേന്ദ്ര വ്യാമയാന മന്ത്രാലയം നിഷേധിക്കുകയാണ്.
മലബാർ മേഖലയിലുള്ളവർ ഇപ്പോൾ ആശ്രയിക്കുന്ന ബാംഗ്ലൂർ മംഗളൂർ കോഴിക്കോട് എന്നീ വിമാനത്താവളങ്ങളാണ്. ദൂരവും റോഡ് പണിയും കാരണം മണിക്കൂറുകൾ താണ്ടി വേണം വീടണയാൻ.അതുമാത്രമല്ല കേരളത്തിൽ നിന്ന് ഒമാനിലേക്കുള്ള ഒമാൻ ദേശീയ വിമാന കമ്പനികളായ ഒമാൻ എയറിൽ മുപ്പത് കിലോ ബാഗേജും അനുവദിക്കുന്നുണ്ട് ഇത് കുടുംബങ്ങളുമായി യാത്ര ചെയ്യുന്നവർക്ക് ഉപകാരമാണ്.എയർ ഇന്ത്യ യിൽ ഇത് ഇരുപതു കിലോ ആയി പരിമിതപ്പെടുത്തിയിരിക്കയാണ്.
യാത്ര സൗകര്യം വർദ്ധിക്കുമ്പോൾടിക്കറ്റ് നിരക്കിൽ കുറവ് ലഭിക്കും എന്ന ആഹ്ലാദത്തിലാണ് മലയാളികൾ.മറ്റു ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു വിമാന കമ്പനികൾ മുന്നോട്ടുവരും
കടുത്ത മത്സരം ഈ മേഖലയിൽ നടപ്പായാൽ അത് പ്രവാസികൾക്ക് ഗുണമാകും എന്ന പ്രതീക്ഷയിലാണ് പലരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..