മസ്കറ്റ്> പ്രവാസി കമ്മീഷൻ അദാലത്തു കളെ കുറിച്ച് പ്രവാസികൾക്കിടയിൽ നല്ല ബോധവൽക്കരണം ആവശ്യമാണെന്ന് കമ്മീഷൻ അംഗം പി എം ജാബിർ. പ്രവാസി കമ്മീഷൻ അദാലത്തുക്കളെ കുറിച്ച് മസ്കത്തിൽ നടന്ന വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിക്രൂട്ട്മെന്റ് ഏജൻസികളുടെ തട്ടിപ്പ്, സ്ത്രീകളെ വിദേശങ്ങളിൽ എത്തിച്ചു കബളിപ്പിക്കൽ, ഭൂമി സംബന്ധമായ തർക്കങ്ങൾ, കുടുംബ പ്രശ്നങ്ങൾ, ബിസ്സിനെസ്സ് പങ്കാളികൾ തമ്മിലുള്ള വഞ്ചന, ബാങ്ക് വായ്പ സംബന്ധിച്ച വിഷയങ്ങൾ, മരണാനന്തര ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നത്, വിദേശ ജയിലിൽ കുടുങ്ങിയ ആളുകളുടെ പ്രശ്നങ്ങൾ,കോടതി വിധിയിലൂടെ ലഭിക്കുന്ന മരണാനന്തര ആനുകൂല്യങ്ങളും അപകടആനുകൂല്യങ്ങളും വേത നവിഹിതവും തട്ടിയെടുക്കുന്നതും കൈമാറാൻ കാലതാമസംവരുത്തുന്നത് ഉൾപ്പടെയുള്ള വിഷയങ്ങൾ പ്രവാസി കമ്മീഷന് പെറ്റിഷൻ നൽകാവുന്നതാണ്. നോർക്കയേയും പ്രവാസി ക്ഷേമനിധിയെക്കുറിച്ചുള്ള കാര്യങ്ങളും. സർക്കാർ ഓഫിസുകളിൽ നിന്ന് ലഭിക്കെണ്ടുന്ന സേവനങ്ങൾ വൈകുന്നത് സംബന്ധിച്ച കാര്യങ്ങളും അടക്കം പ്രവാസികളുടെയും മുൻ പ്രവാസി കളുടെയും ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കെണ്ടുന്ന ഏതൊരു കാര്യത്തെ സംബന്ധിച്ചും പരാതി നൽകാം.
ഇതിനകം തിരുവനന്തപുരം. കണ്ണൂർ. മലപ്പുറം. പത്തനംതിട്ട. കൊല്ലം ജില്ലകളിൽ കമ്മീഷൻ അദാലത്ത് നടത്തിക്കഴിഞ്ഞു വർഷാവസാനത്തിന് മുൻപ് എല്ലാ ജില്ലകളിലെയും അദാലത്ത് പൂർത്തിയാക്കുവാനാണ് ഉദ്ദേശിക്കുന്നത് എന്ന് പി എം ജാബിർ പറഞ്ഞു.
കോഴിക്കോട് അദാലത്ത് 12 ന് ഗവർമെന്റ് ഗസ്റ്റ് ഹൗസിലും വയനാട് അദാലത്ത് 14 ന് കല്പറ്റ കളക്ട്രേറ്റ് കോൺഫ്രൻസ് ഹാളിലും നടക്കും.
പ്രവാസികളുടെ സ്വത്തുക്കൾ ബന്ധുക്കൾ തട്ടിയെടുക്കുന്ന പ്രവണത വർദ്ധിക്കുന്നതായികണ്ടുവരുന്നുണ്ട്. മുൻപ് നടന്ന അദാലത്തുകളിൽ ഇതുമായി ബന്ധപ്പെട്ട പരാതികൾ ലഭിക്കുകയുണ്ടായി.
വിദേശത്തുള്ള മലയാളികൾ നടത്തുന്ന ബിസ്സിനെസ്സിലും മറ്റും തർക്കങ്ങൾ ഉണ്ടായാൽ ഇടപെടാൻ കമ്മീഷന് കഴിയും. അതേസമയം ബിസ്സിനെസ്സ് സ്ഥാപനങ്ങൾ സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ളതാണെങ്കിൽ ഇടപെടാൻ പരിമിതിയുണ്ട്. അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾക്ക് കമ്മീഷന് നിർദേശം നൽകാൻ കഴിയുന്നതാണെന്നും പി എം ജാബിർ പറഞ്ഞു.
പുതുതായി പരാതി നൽകുന്നവർ എഴുതി തയ്യാറാക്കിയ പരാതിയോടൊപ്പം മുൻ പ്രവാസി / പ്രവാസി എന്ന് തെളിയിക്കുന്ന രേഖയോടൊപ്പം എതിർ കക്ഷിയുടെ കൃത്യമായ മേൽവിലാസവും ( ടെലിഫോൺ നമ്പർ മാത്രം നൽകിയാൽ മതിയാവില്ല )നൽകണം. നേരത്തെ അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ സെക്രട്ടറിയിൽ നിന്ന് അറിയിപ്പ് ലഭിച്ചവർ പ്രസ്തുത എഴുത്തും പരാതിയുടെ കോപ്പിയും അനുബന്ധ രേഖകളുമായി എത്തണം.
മുൻകൂട്ടി പരാതി നൽകാൻ ആഗ്രഹിക്കുന്നവർ മേല്പറഞ്ഞ രീതിയിൽ പരാതി തയ്യാറാക്കി ഇ മെയിൽ ആയോ പ്രവാസി കമ്മീഷൻ. ആറാം നില
നോർക്ക സെന്റർ തിരുവന്തപുരം 695014 എന്ന വിലാസത്തിലോ secycomsn.nri@kerala.gov.in എന്ന ഇ മെയിൽ അഡ്രസ്സിലോ അയക്കുക.
കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നു പി എം ജാബിർ പറഞ്ഞു
നമ്പർ.00919496845603. 0096899335751
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..