അബുദാബി -> ഈ വർഷം ഡിസംബറിൽ നടക്കുന്ന യുഎൻ കാലാവസ്ഥ ഉച്ചകോടിയായ കോപ്28ൽ പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും പത്ത് കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ‘ഘർസ് അൽ ഇമാറാത്ത്’ (യുഎഇ നടീൽ സംരംഭം) പരിപാടിയുമായി അബുദാബി പരിസ്ഥിതി ഏജൻസി(ഇഎഡി) രംഗത്ത്. അബുദാബി കാലാവസ്ഥാ വ്യതിയാന തന്ത്രത്തിന്റെയും അബുദാബി കണ്ടൽക്കാടുകളുടെ സംരംഭത്തിന്റെയും ഭാഗമാണ്, ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലുള്ള ഈ സംരംഭം.
സുസ്ഥിരത വർഷത്തിന്റെ ഭാഗമായി, കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കാൻ ഡ്രോണുകൾ ഉപയോഗിക്കുന്നത് പോലെയുള്ള സാങ്കേതിക വിദ്യകൾ ഈ പ്രോജക്റ്റ് ഉപയോഗപ്പെടുത്തും. മറൈൻ ബയോസ്ഫിയർ റിസർവ്, അൽ മിർഫ സിറ്റി, ജുബൈൽ ദ്വീപ് എന്നിവയുൾപ്പെടെ അവയുടെ വളർച്ചയ്ക്ക് അനുകൂലമായ തീരപ്രദേശങ്ങളിൽ പദ്ധതിയുടെ ഭാഗമായി ഈ വർഷത്തിന്റെ അവസാന പാദത്തിൽ കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കും.
‘കാലാവസ്ഥാ പ്രവർത്തന’വുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ 13-ാം ലക്ഷ്യത്തിലെത്താൻ സഹായിക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് ഇഎഡിയുടെ സെക്രട്ടറി ജനറൽ ഡോ ശൈഖ സലേം അൽ ദഹേരി പറഞ്ഞു. കൂടാതെ, 2030 ഓടെ 100 ദശലക്ഷം കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കുക എന്ന യുഎഇയുടെ അഭിലാഷത്തിന് അനുസൃതമാണ് ഈ സംരംഭമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎഇയിലെ കണ്ടൽക്കാടുകളിൽ ഭൂരിഭാഗവും (85%) അബുദാബിയിലാണ്. 1970-കളിൽ രാജ്യത്തിന്റെ തീരപ്രദേശങ്ങളിൽ കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ശൈഖ് സായിദിന്റെ വനവൽക്കരണ പരിപാടികളോടെ ആരംഭിച്ച ഒരു ദീർഘകാല സംരംഭമാണ് കണ്ടൽക്കാടുകളുടെ പുനരുദ്ധാരണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..