Lijin K | Samayam Malayalam | Updated: 02 Jun 2021, 11:40:48 PM
വീട്ടിലെ നായ്ക്കൾ കുരക്കുന്നത് കേട്ട് എത്തിയ പതിനേഴുകാരിയാണ് കരടിയുടെ ആക്രമണത്തിൽ നിന്ന് വളർത്ത് നായ്ക്കളെ രക്ഷിച്ചത്. വീഡിയോ ഇതിനോടകം വൈറലായി
ഈ അടുത്ത കാലത്ത് വളർത്തു നായ്ക്കളോട് ക്രൂരമായി പെരുമാറുന്ന പല സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നായയെ വാഹനത്തിന് പിന്നിൽ കെട്ടി വലിച്ച സംഭവം കേരളം ചർച്ച ചെയ്തതും ആരും മറന്നിട്ടുണ്ടാകില്ല. ഇപ്പോഴിതാ വളർത്തു നായ്ക്കളെ രക്ഷിക്കാനായി കരടിയുടെ മുന്നിലേക്ക് സധൈര്യം കടന്നുചെന്ന കൗമാരക്കാരിയാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. വീടിന് പിന്നിലെത്തി വളർത്തുനായ്ക്കളെ ആക്രമിച്ച കരടിയെ ആണ് പെൺകുട്ടി നേരിട്ടത്. ഹൈലി എന്ന പതിനേഴുകാരിയെയും വീഡിയോയും കാണാം.
സംഭവം കാലിഫോർണിയയിൽ
കാലിഫോര്‍ണിയയിൽ ഹൈലി എന്ന പെൺകുട്ടിയുടെ വീടിന്റെ പുറക് വശത്താണ് കരടികൾ എത്തിയത്. കരടിയെ കണ്ട വീട്ടിലെ നായകൾ കുറച്ചുകൊണ്ട് അതിനടുത്തേക്ക് പോയപ്പോൾ കരടി ഇവയെ ആക്രമിക്കുകയും ചെയ്തു. സംഭവസമയത്താണ് പതിനേഴുകാരി ഇടപെടുന്നതും നായകളെ രക്ഷിക്കുന്നതും. കരടി കടന്നുവരുന്നതും പിന്നീട് നടന്ന സംഭവങ്ങളെല്ലാം സിസിടിവിയിൽ പതിഞ്ഞിരുന്നു. ആ ദ്യശ്യങ്ങൾ പുറത്ത് വന്നതോടെയാണ് കൗമാരക്കാരിയുടെ ധീരത അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നത്.
എത്തിയത് മൂന്നു കരടികൾ
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം നടക്കുന്നത് ഹൈലിയുടെ വീടിന്റെ പുറകുവശത്തെ മതിലിലൂടെ കരടികൾ നടന്ന് വരികയായിരുന്നു. ഒരു വലിയ കരടിയും രണ്ട് കുഞ്ഞുങ്ങളുമാണ് സംഘത്തിലുണ്ടായിരുന്നത്. ഈ സമയത്ത് കുടുംബാംഗങ്ങളെല്ലാം മറ്റൊരു വശത്താണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ കരടികളുടെ വരവ് ഇവരാരും അറിഞ്ഞില്ല. പക്ഷേ തങ്ങളുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ കരടികളെ വളർത്തു നായ്ക്കൾ കാണുകയായികുന്നു. കുരച്ചുകൊണ്ട് ഇവ കരടിക്ക് നേരെ പാഞ്ഞടുക്കുകയും ചെയ്തു.
നായകളെ നേരിട്ട് കരടി
ഹൈലിയുടെ വീട്ടിലെ നാല് നായ്ക്കളായിരുന്നു കരടിയ്ക്ക് നേരെ വന്നത്. നായ്ക്കളുടെ വരവ് കണ്ടതോടെ രണ്ട് കരടിക്കുഞ്ഞുകളും മതിലിന് മുകളിലൂടെ തന്നെ പിന്തിരിഞ്ഞ് ഓടിയിരുന്നു. എന്നാൽ വലിയ കരടിയാകട്ടെ നായകളെ ആക്രമിക്കുകയും ചെയ്തു. നായകളുടെ കുരകേട്ട് ഹൈലി എത്തുമ്പോൾ കൂട്ടത്തിലെ ചെറിയ നായയെ കരടി ഉപദ്രവിക്കുകയായിരുന്നു. മറ്റൊന്നും നോക്കാതെ കരടിക്ക് അരികിലേക്കെത്തിയ പെൺകുട്ടി അതിനെ പിടിച്ച് തള്ളുകയും ചെയ്തു. കരടി താഴേക്ക് വീണതും ഹൈലി തന്റെ നായ്ക്കുട്ടിയെയും എടുത്തുകൊണ്ട് ഓടുകയായിരുന്നു.
ശബ്ദം കേട്ടപ്പോൾ മറ്റു നായകളാകുമെന്ന് കരുതി, പക്ഷേ..
സംഭവത്തെക്കുറിച്ച് പ്രതികരിച്ച ഹൈലി വീട്ടിലെ നായകൾ കുരക്കുന്നത് കേട്ടപ്പോൾ മറ്റു നായകളോടാകുമെന്നാണ് ആദ്യം കരുതിയത് എന്നാണ് പറഞ്ഞത്. ‘ഞാൻ അവിടേക്കെത്തിയപ്പോഴാണ്, നായയോടല്ല കരടിയോടാണ് തന്റെ പട്ടികൾ കുരക്കുന്നതെന്ന് മനസിലായത്. തന്റെ ചെറിയ നായക്കുട്ടിയെ കരടി പിടിക്കുന്നതാണ് കണ്ടത്. അതിനെ പിടിച്ച് തള്ളുക എന്നത് മാത്രമാണ് എനിക്കപ്പോൾ തോന്നിയത്. അത് ഫലം കാണുകയയും ചെയ്തു’ പെൺകുട്ടി പറയുന്നു.
കരടികളെത്തുന്നത് പതിവ്, പക്ഷേ ഇത്തരം ആക്രമണം ഇതാദ്യം
വീടിന് സമീപത്ത് കരടികളെത്തുന്നത് ഇത് ആദ്യമായിട്ടല്ലെന്നും ഹൈലിയുടെ കുടുംബം പറയുന്നു. കരടിയും മറ്റു വന്യമൃഗങ്ങളും ഈ സ്ഥലത്ത് പതിവായി എത്താറുണ്ട്. സമീപ പ്രദേശങ്ങളിൽ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കരടികളെ കാണാറും ഉണ്ട്. എന്നാൽ വീട്ടിൽ ഇത്തരമൊരു ആക്രമണം ഉണ്ടാകുന്നത് ഇത് ആദ്യമായാണ്. അതേസമയം താൻ ചെയ്തത് പോലെ കരടിയെ പിടിച്ച് തള്ളാൻ ആരും ശ്രമിക്കരുതെന്നും അത് ചിലപ്പോൾ അപകടത്തിന് കാരണമാകുമെന്നും ഹൈലി പറയുന്നു.
PHOTO Credit: TikTok
വീഡിയോ കാണാം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : a 17-year-old girl in california pushing bear in her backyard and save her dogs viral video
Malayalam News from malayalam.samayam.com, TIL Network