കുവൈത്ത് സിറ്റി > കുവൈത്തിൽ നിലവിലെ സ്പോൺസറുടെ മുൻകൂർ അനുമതിയില്ലാതെ പ്രവാസി തൊഴിലാളികളെ പുതിയ സ്പോൺസർഷിപ്പിലേക്ക് മാറ്റാൻ അനുമതി നൽകുന്നതിനെക്കുറിച്ച് പഠിച്ചുവരികയാണെന്ന് മാൻപവർ അതോറിറ്റി. തൊഴിലുടമ തൊഴിൽ കരാർ വ്യവസ്ഥകളോ, സ്വകാര്യ മേഖലയിലെ തൊഴിൽ നിയമത്തിലെ (നിയമ നമ്പർ 6/2010) ഏതെങ്കിലും വ്യവസ്ഥകളോ ലംഘിച്ചാൽ യഥാർത്ഥ സ്പോൺസറുടെ അംഗീകാരമില്ലാതെ മറ്റൊരു സ്പോൺസർഷിപ്പിലേക്ക് താമസം കൈമാറ്റം ചെയ്യാൻ അനുവദിച്ചേക്കും.
പ്രവാസികളെ ഒരു തൊഴിലുടമയിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ ശ്രദ്ധാപൂർവ്വം പരിഗണിക്കുകയാണെന്ന് മാനവശേഷി സമിതിയിലെ ലേബർ പ്രൊട്ടക്ഷൻ വിഭാഗം ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ഫഹദ് മുറാദ് പറഞ്ഞു. ജീവനക്കാരുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ ഉറപ്പാക്കാൻ ഒരു നിഷ്പക്ഷ സ്ഥാപനമായാണ് അതോറിറ്റി പ്രവർത്തിക്കുന്നത്. ഇത് സംബന്ധിച്ച് ഇരു കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുവാനും കൃത്യത ഉറപ്പ് വരുത്തുവാനും ശ്രദ്ധാപൂർവ്വം പഠനം നടത്തി വരികയാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ വിശദീകരിക്കുന്നതിനായി വിളിച്ചു ചേർത്ത വിവിധ രാജ്യങ്ങളിലെ എംബസി പ്രതിനിധികളുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സ്വകാര്യമേഖലയിൽ തൊഴിൽ നിയമത്തിൽ ഭേദഗതികൾ തേടാൻ പദ്ധതിയില്ലെന്നും പഠനങ്ങളും നീരീക്ഷണങ്ങളും നടന്നുവരികയാണെന്നും മുറാദ് വിശദികരിച്ചു. സ്ത്രീകൾക്ക് നിലവിലുള്ള അഭയകേന്ദ്രം പോലെ പുരുഷൻമാരായ പ്രവാസികൾക്കായി ഒരു ഷെൽട്ടർ സ്ഥാപിക്കുന്നതിന് അതോറിറ്റി ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് വരികയാണെന്നും പുരുഷന്മാരുടെ അഭയകേന്ദ്രത്തിനായി ഒരു പ്രത്യേക സ്ഥലം അനുവദിക്കുന്നതിന് ഒരു എക്സിക്യൂട്ടീവ് റെഗുലേഷൻ രൂപീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..