മലയാള ചലച്ചിത്ര രംഗത്തെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായിരുന്നു കെ ജി ജോർജ്. ‘സ്വപ്നാടനം’ ഒരുക്കി 1975ൽ അരങ്ങേറ്റം കുറിച്ച് പിന്നീട് സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയത് ഒരുപിടി ക്ലാസിക് ചിത്രങ്ങളുമായി. ഒമ്പത് സംസ്ഥാന പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങളും ജോർജ് സ്വന്തമാക്കി.
മോഹൻലാലിനെ നായകനാക്കി ഒരു ചിത്രമെടുക്കാൻ സാധിക്കാത്തതാണ് കരിയറിലെ ഏറ്റവും വലിയ സങ്കടമെന്ന് ജോർജ് തുറന്നുപറഞ്ഞിരുന്നു. എന്റെ ‘കാമമോഹിതം’ നോവലായിരുന്നു ആ സംരംഭത്തിന്റെ അടിസ്ഥാനം. അത് സഫലമായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രം അതായേനെയെന്ന് കെജിയുടെ ഭാര്യ സെൽമയും അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു.
സാഗരദത്തൻ വർത്തക പ്രമാണിയായി മോഹൻലാലും മഹർഷി ജാജലിയായി മമ്മൂട്ടിയും ഒന്നിച്ച് സ്ക്രീനിൽ എത്തുന്ന ചിത്രത്തിനായിരുന്നു ഞാനും ജോർജും തുടക്കമിട്ടിരുന്നത്. 1993ൽ പ്രസിദ്ധീകരിച്ച കാമമോഹിതം നോവൽ വായിച്ചായിരുന്നു ജോർജ് വിളിച്ചത്. ഇത് ഞാൻ സംവിധാനം ചെയ്യാനാഗ്രഹിക്കുന്നു. തിരുവനന്തപുരത്തേക്ക് ക്ഷണിച്ചു. പ്രാഥമിക ചർച്ചയ്ക്കുശേഷം ഞങ്ങൾ ചെന്നൈയിൽ ദിവസങ്ങളോളം താമസിച്ച് ഒരുക്കങ്ങൾ പൂർത്തിയാക്കി. സംഗീതം ചിട്ടപ്പെടുത്താൻ ഇളയരാജയുമായി ആദ്യ കൂടിക്കാഴ്ച. 5000 വർഷംമുമ്പുള്ള കഥയും പശ്ചാത്തലവും സംഗീത ഉപകരണങ്ങളും കലിഫോർണിയയിലെ മേന്മയുള്ള സംഗീത സംവിധാനങ്ങൾ ഉൾപ്പെടുത്തിയുള്ള ചിത്രീകരണങ്ങളും ഇളയരാജയുടെ സങ്കൽപ്പങ്ങളും ചിത്രത്തിന് സാധ്യത ഏറ്റി.
ഛായാഗ്രാഹകനായി സന്തോഷ് ശിവനെയും രംഗകൽപ്പനയ്ക്ക് സാബു സിറിലിനെയും ബന്ധപ്പെട്ട് ചർച്ച നടത്തി. ചിത്രീകരണത്തിന് ആന്ധ്രപ്രദേശിലെ പുഴയുടെ തീരത്തുള്ള ആശ്രമവും വള്ളങ്ങളിൽ കച്ചവടം നടത്തുന്ന കടവും എല്ലാം നിശ്ചയിച്ചു. ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായിരുന്നു വിഭാവനം ചെയ്തത്. മൂന്നു കോടിയായിരുന്നു പ്രതീക്ഷിത ചെലവ്. യവനികയുടെ നിർമാതാവ് ഹെൻട്രിയായിരുന്നു ഈ ചിത്രവും ചെയ്യാൻ തയ്യാറായത്. ആ സമയത്ത് ഇറങ്ങിയ അദ്ദേഹത്തിന്റെ രണ്ട് തമിഴ് ചിത്രവും പ്രതീക്ഷിച്ച വിജയം നേടാനാകാത്തതു കാരണം ചിത്രീകരണം വൈകി. പിന്നീട് മോഹൽലാൽ പണംമുടക്കാൻ തയ്യാറായി. അക്കാലത്തിറങ്ങിയ കാലാപാനിയും ബിഗ് ബജറ്റ് ചിത്രമായിരുന്നു. അതും വലിയ വിജയം കാണാതെ വന്നതാണ് മുടങ്ങാനിടയായത്. പിന്നീട് ഭരതനും ആ കഥ സംവിധാനം ചെയ്യാമെന്നറിയിച്ചു ചർച്ച നടത്തി. അപ്പോഴും ജോർജ് ഉറച്ച തീരുമാനത്തിലായിരുന്നു. എങ്ങനെയെങ്കിലും ചിത്രം ഇറക്കണം. അവസാനത്തെ സംരംഭമായിരിക്കും അതെന്ന് അഭിമുഖത്തിൽ പറയാറുണ്ടായിരുന്നു.
എന്റെ കഥ തന്നെയായിരുന്നു മമ്മൂട്ടിയുടെ മറ്റൊരാൾ. അത് എന്റെ ചിത്രമാണെന്ന് ജോർജ് പറയാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണവും എന്റെ പിറന്നാളും ഒപ്പം സ്വപ്നം കണ്ടിരുന്ന പൂർത്തിയാകാത്ത ചിത്രത്തിന്റെ ഓർമപുതുക്കലും ഈ ദിവസത്തിന്റെ പ്രാധാന്യം കൂട്ടുന്നു. ഇനിയും നല്ല നിർമാതാക്കൾ രംഗത്ത് വരികയാണെങ്കിൽ മലയാള സിനിമയ്ക്ക് ഒട്ടനവധി വർണങ്ങൾ വിതറിയ ജോർജിന്റെ സ്മരണയ്ക്കായി ആ ചലച്ചിത്രം പൂർത്തിയാക്കണമെന്ന ആഗ്രഹംകൂടി ഞാൻ മനസ്സിൽ സൂക്ഷിക്കുന്നു.
തയ്യാറാക്കിയത് പി മഷൂദ്
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..