ഇബ്ര(ഒമാൻ) > ഇബ്ര കൈരളി ഓണാഘോഷ പരിപാടിയിൽ കവി മുരുകൻ കാട്ടാക്കടയുടെ കവിത ‘കനൽപ്പൊട്ടി’ന് ദൃശ്യാവിഷ്കാരം. കൈരളി സൂറിന് വേണ്ടി മഞ്ജു നിഷാദും സംഘവുമാണ് അവതരണം നിർവഹിച്ചത്. പെണ്ണിനെ വില്പനച്ചരക്കായും ഭോഗ വസ്തുവായും മാത്രം കാണുന്ന ഒരു സമൂഹത്തിൽ അഗ്നിയായ് കത്തിപ്പടരാൻ കഴിയാതെ പോയ സ്ത്രീ ജന്മങ്ങളുടെ കനലോർമ്മകളിലെ വെളിച്ചമാണ് സംഗീത-നൃത്തഭാഷ്യമായ് അരങ്ങേറിയത്.
ഈ അടുത്ത കാലത്ത്, കൊല്ലത്തും ആലുവയിലും കോഴിക്കോടും നടന്ന സ്ത്രീ-ശിശു പീഡനങ്ങൾ നാളെ മറ്റിടങ്ങളിലേക്കും പടരാതിരിക്കാൻ, അനുമതിയെന്ന(consent) വാക്കിൻറെ അർത്ഥവ്യാപ്തി പുരുഷാധിപത്യ ബോധ്യങ്ങളിൽ തീക്ഷ്ണമായ് നിറയ്ക്കാൻ, സ്ത്രീധനത്തിന്റെയും കാമാസക്തിയുടെയും പേരിൽ അടിച്ചമർത്തപ്പെടുന്ന, സ്വയം ജീവനൊടുക്കുന്ന, കൊല്ലപ്പെടുന്ന മക്കളോ സഹോദരിമാരോ അമ്മയോ ഇനിയും സമൂഹത്തിൽ നിന്ന് അദൃശ്യരാവാതിരിക്കാൻ, നിയമങ്ങൾ മാറ്റി എഴുതപ്പെടേണ്ടതാണെങ്കിൽ അതിനായി ഒരു ചുവടെങ്കിലും മുന്നോട്ട് വെക്കാൻ കഴിഞ്ഞാൽ അതായിരിക്കും വരും തലമുറയ്ക്ക് നമ്മൾ കൊടുക്കുന്ന ഏറ്റവും വലിയ കരുതൽ എന്ന ഓർമ്മപ്പെടുത്തലായിരുന്നു പരിപാടി.
കൈരളി സൂർ വനിതാവിഭാഗം അംഗങ്ങളായ മഞ്ജു നിഷാദ്, അനിത ശിവദാസ്, ജെറി അജയ് ഷമ്മി, സ്വപ്ന മനോജ്, സിനു സുനിൽ, ജോയ്സി അനിൽ, രഞ്ജിഷ വിനീഷ്, ആഷിഖ നിഷാദ്, ഏബൽ അനിൽ എന്നിവർ ചേർന്നാണ് സംഗീതശിൽപം അവതരിപ്പിച്ചത്. ശബ്ദമിശ്രണം എം വി നിഷാദ്, സാങ്കേതിക സഹായം ശിവദാസ് മുചുകുന്ന്, അനിൽ മഞ്ഞങ്ങ, സുനിൽ മഞ്ഞങ്ങ എന്നിവരും നിർവ്വഹിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..