ദോഹ> ഇന്ത്യൻ എംബസ്സി അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) ഖത്തറിലെ തൊഴിലന്വേഷകർക്കായി സംഘടിപ്പിച്ച റെസ്യൂമെ ക്ലിനിക്കിൽ നൂറിലധികം പേർ പങ്കെടുത്തു. തൊഴിലന്വേഷകരെ അവരുടെ അക്കാഡമിക് യോഗ്യതകളും പ്രൊഫഷണൽ വൈദഗ്ദ്യവും എല്ലാം നല്ല രീതിയിൽ എകോപിപ്പിച്ചു കൊണ്ട്, തൊഴിൽ ദാതാക്കളുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന രീതിയിലുള്ള ബയോഡാറ്റ എങ്ങിനെ തയ്യാറാക്കാം എന്നതായിരുന്നു രണ്ട് മണിക്കൂർ നീണ്ട ക്ലിനിക്കിന്റെ ഉദ്ദേശ്യം.
എഞ്ചിനീയറിംഗ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, പ്രോജക്ട് മാനേജ്മെന്റ് രംഗങ്ങളിൽ പ്രാഗൽഭ്യമുള്ള ടി. മുബാറക് മുഹമ്മദ് ആണ് ക്ലാസ്സ് നയിച്ചത്. ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിക്കൊണ്ട്, തൊഴിലന്വേഷകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുക, നെറ്റ്വർക്കുകൾ വിപുലീകരിക്കുക, തൊഴിൽ വിപണിയിലെ മത്സരത്തിൽ മുന്നിലെത്തുക എന്നിവക്കുള്ള പ്രധാന ഉപകരണമായി മികച്ച നിലവാരമുള്ള ഒരു ബയോഡാറ്റാ എങ്ങിനെ തയ്യാറാക്കാം എന്നതിനെക്കുറിച്ചുള്ള തന്റെ ഉൾക്കാഴ്ചകൾ മുഹമ്മദ് മുബാറക് പങ്കുവെച്ചു.
ഐഐസിസി കാഞ്ഞാണി ഹാളിൽ നടന്ന ചടങ്ങിൽ ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ റെസ്യൂമെ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ക്ലാസ്സ് നയിച്ച മുബാറക് മുഹമ്മദിനെ പരിചയപ്പെടുത്തി. പ്രോഗ്രാം കോർഡിനേറ്ററും, ഐസിബിഎഫ് സെക്രട്ടറിയുമായ മുഹമ്മദ് കുഞ്ഞി സ്വാഗതവും എംസി മെംബർ അബ്ദുൾ റൗഫ് നന്ദിയും പറഞ്ഞു.
ഐസിബിഎഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ പരിപാടികൾ ഏകോപിപ്പിച്ചു. ട്രഷറർ കുൽദീപ് കൗർ ബഹൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സെറീന അഹദ്, ശങ്കർ ഗൗഡ്, സമീർ അഹമ്മദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..