തോറ്റുപോകുന്ന, തോൽപ്പിക്കപ്പെടുന്ന ജനതക്ക് കാവലാളായി കലയിലൂടെ കാലത്തോട് പ്രതികരിച്ചവന്റെ പേരാണ് ജോൺ. ആ ജോൺ അനുഭവമാണ് ഒന്നരമണിക്കൂറിൽ പാപ്പാത്തി മൂവ്മെന്റ്സ് അനുവാചകന് പകർന്നുതരുന്നതും.
പി വി ജീജോ
ജോൺ എബ്രഹാം മലയാളിയെ ഇന്നും വിഭ്രമിപ്പിക്കുന്ന, കൊതിപ്പിക്കുന്ന, അസ്വസ്ഥമാക്കുന്ന ചലച്ചിത്ര ജീവിതമാണ്. പലർക്കും പലതാണ് ജോൺ. ചിലർക്ക് അരാജകവാദി, മറ്റു ചിലർക്ക് ആരാധന നിറഞ്ഞ കലാകാരൻ. വേഷത്തിൽ, രൂപത്തിൽ ജോണാകാൻ ശ്രമിക്കുന്നവരേറെ. അനുകരിക്കാനും ആരാധിക്കാനുമാകാത്ത കലാകാരന്റെ പ്രതിഭയുടെ കാമ്പും കരുത്തുമെത്രപേർ തിരിച്ചറിഞ്ഞു. ഉത്തരംകിട്ടാത്ത ചോദ്യമാണത്. ‘അമ്മ അറിയാൻ ’എന്ന സിനിമയാണ് ജോൺ ഓർമകളിലേക്ക് കാലത്തിനിപ്പുറവും നയിക്കുന്ന കലാവേശമായ സൃഷ്ടി.
എന്നാൽ ഇപ്പോഴും നാം ജോണിനെ അറിഞ്ഞിട്ടുണ്ടോ? താരങ്ങളും സൂപ്പറുകളും നിറയുമ്പോഴും ജോൺ തുറന്നിട്ട വഴികൾ ജോണില്ലാത്ത നാലരപ്പതിറ്റാണ്ടിനിപ്പുറവും ചർച്ചയാകുന്നുണ്ട്. സഞ്ചാരപാതകളിലൂടെ എവിടെ ജോൺ എന്ന് അവർ അന്വേഷിക്കുന്നു.ആറു പേർക്ക് നൂറുമലയാളം എന്നപോലെ ഓരോരുത്തർക്കും ഓരോന്നായി നൂറായിരം ജോൺകഥകളും അനുഭവങ്ങളും ഇന്നും ഇവിടെ പ്രസരിക്കയും ഉൽപ്പാദിപ്പിക്കയും ചെയ്യുന്നു.
കാൽപ്പനികൻ, അരാജകവാദി, ചലത്രകാരൻ…ഇതിലേതാണ് ആ പ്രതിഭയുടെ വേഷമെന്ന് നമുക്ക് ഇന്നും നിശ്ചയമില്ല. എന്നാൽ അവന് കാവലാൾ ഏറെയാണ് താനും. എപ്പോഴോ ഒരു ബൊഹീമിയന് ഗാനം പകുതിയില് പതറി നിര്ത്തി ഇറങ്ങിപ്പോയ ജോൺ ഇവിടെയുണ്ടായിരുന്നു എന്ന് ഓർമിപ്പിക്കയാണ് ജോൺ എന്ന സിനിമ. ആരായിരുന്നു ജോൺ, എന്തായിരുന്നു ജോൺ, മേൽവിലാസവും നിഴലുമില്ലാത്തവനായിരുന്നോ, അവന് കാവലാളാര്… മാധ്യമപ്രവർത്തകനായ പ്രേംചന്ദ് ഒരുക്കിയ ‘ജോൺ’എന്ന ഹ്രസ്വചിത്രം ഇതന്വേഷിക്കുന്നു.
എന്നാൽ കേവലമായ ഉപചാര ആദരവുകൾ അർപ്പിക്കുന്ന ജീവിതകഥാചിത്രമല്ല പാപ്പാത്തി മൂവ്മെന്റ്സിന്റെ ബാനറിൽ ഒരുക്കിയ ജോൺ. മറിച്ച് ജോൺ ഉയർത്തിയ സാംസ്കാരിക ചിന്തകൾ, പങ്കിട്ട രാഷ്ട്രീയ–ദാർശനിക സമസ്യകൾ,നിലപാടുകളും ഇടപെടലുകളും, അവയുടെ വർത്തമാന അവസ്ഥ‐ അതിൽ ജോൺ എന്താവും പ്രതികരിക്കുക. ആ പരിസരങ്ങളിലൂടെയുള്ള ചലച്ചിത്ര യാത്രയാണ് ജോണിന്റെ പ്രമേയം.
സമകാലീന സമൂഹ ജീവിതത്തിൽ, തെരുവുകളിൽ, കാമ്പസുകളിൽ, തൊഴിലിടങ്ങളിൽ ജോണിനെ കണ്ടെത്താനാകുമോ, ജോൺ ഉന്നയിച്ച പ്രശ്നങ്ങൾ, സാമൂഹ്യവിമർശം ഇവ പ്രതിഫലിക്കുന്നുണ്ടോ എന്നതാണ് സിനിമ ചർച്ചചെയ്യുന്നത്. കുട്ടനാട്ടിലെ പള്ളി സെമിത്തേരിയിൽ അയൽവാസികളായി കഴിയുന്ന അപ്പനും ജോണുമായുള്ള സംഭാഷണങ്ങളിലൂടെയാണ് സിനിമയുടെ വികാസം. ഒരുമണിക്കൂർ മുപ്പത്തഞ്ച് മിനിറ്റ് വരുന്ന സിനിമയിൽ ജോണിന്റെ സ്നേഹസൗഹൃദലോകം പൂത്തുവിടരുന്നുണ്ട്. എന്നാൽ അവരുടെ അനുഭവങ്ങളിലും ആഖ്യാന വ്യാഖ്യാനങ്ങളിലും ഒടുങ്ങുന്നില്ല ജോൺ. പുതിയകാലത്തിൽ ജോണിന്റെ പ്രസക്തിയെക്കുറിച്ചുള്ള ആലോചനയുടെ വാതിലുകൾ തുറന്നിടുന്നു എന്നതാണിതിനെ സവിശേഷമാക്കുന്നത്.
ജോൺ സിനിമയിൽനിന്ന്
ലഹരിയും സിനിമയും അരാജകമെന്ന് മുദ്രയടിക്കുന്ന കാഴ്ചപ്പാടുകളിലുമായി കുഞ്ഞു കാൻവാസിലല്ല പ്രേംചന്ദ് ജോണിനെ ചിത്രീകരിച്ചിരിക്കുന്നത്. ചിരപരിചിതവും കണ്ടുപഴകിയതുമായ ഓർമച്ചിത്ര സെല്ലുലോയ്ഡിൽനിന്ന് ഇതിനെ മാറ്റിത്തീർത്തതും ഈ വേറിട്ട പരിചരണ ശൈലിയാലാണ്.
നിയോൺ വസന്തത്തിന്റെ ചുനകുടിച്ച ധൂർത്തകൗമാരവും, ജലഗിതാറിന്റെ ലൈലാകഗാനവും, പ്രണയനൃത്തം ചവിട്ടിയ പാതിരാ തെരുവും മായാത്ത സ്മൃതിഭാവങ്ങളിൽ ഇതിൽ അനുഭവിപ്പിക്കുന്നുണ്ട് സംവിധായകൻ. അകലങ്ങളിലേക്കും ഭാവിയിലേക്കുമുള്ള ദൃശ്യ–ദർശന പഥങ്ങൾ സൂക്ഷിച്ച സർഗസാംസ്കാരിക രാഷ്ട്രീയ ജീവിയായിരുന്നു ജോൺ എന്ന് ഈ സിനിമ നമ്മോട് പറയുന്നു.
ജോണിന്റെ അമ്മ അറിയാൻ മുതലുള്ള സൃഷ്ടികൾ മുതൽ അവസാനത്തെ രാത്രിക്കുവരെ സാക്ഷിയായ സ്വപ്നങ്ങളും സൗഹൃദങ്ങളും പൂത്തുലയുന്ന കോഴിക്കോടൻ ജീവിതത്തിലെ ജോൺ വരെയുണ്ടിതിൽ. ‘‘താരകം ഇരുളിൽ മറയുകയോ …എന്ന കോഴിക്കോട് അബ്ദുൾഖാദറിന്റെ പാട്ട് പാടി മട്ടുപ്പാവിൽ ജോൺ കഴിഞ്ഞ അവസാന രാവിന്റെ ഓർമ കിനിയുന്നുണ്ടിൽ. രതിയും ലഹരിയുമുണ്ട്. പാട്ടും പഴമയുമുണ്ട്. പല കാലങ്ങളിൽ പല തലങ്ങളിൽ പലലോകങ്ങളിൽ ജോണുമായി സംവദിച്ചവരെയും കൂട്ടുകൂടിയവരെയും ഇതിൽ കാണാം.
നാടക പ്രവർത്തകരായ മധുമാഷ്, രാമചന്ദ്രൻ മൊകേരി, ഹരിനാരായണൻ, എ നന്ദകുമാർ എന്നിങ്ങനെ മറഞ്ഞുപോയ കലാകാരന്മാരുണ്ടതിൽ. പ്രിയപ്പെട്ട സഹോദരി ശാന്തയുമായുള്ള അനുഭവാവിഷ്കാരമാണ് മിഴിവുറ്റ മറ്റൊരു തലം. നീണ്ടുവളർന്ന താടി വെട്ടിയൊതുക്കിയും അന്നമൂട്ടിയും ജോണിന്റെ വളർച്ചയിൽ പങ്കാളിയായ അവരുടെ ഓർമകളും ഇതിലുണ്ട്. കുപിതയൗവ്വനത്തിന്റെ ലോഹനൗകകളിൽ സതീർഥ്യരും സഖാക്കളുമായവർക്കൊപ്പം കലാ–സാംസ്കാരിക–മാധ്യമപ്രവർത്തകരും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
കയ്യൂരിനെക്കുറിച്ചുള്ള വിപ്ലവ സിനിമ എന്നതടക്കം നടക്കാതെപോയ സർഗസംരംഭങ്ങളെക്കുറിച്ചുള്ള കഥനങ്ങളും വ്യസനങ്ങളും അവർ പറയുന്നു. ഒറ്റരാത്രിയുടെ കാമുകിയായ തന്നെ ശരീരമായി കാണാത്ത ജോണിനെ പരിചയപ്പെടുത്തുന്ന കൂട്ടുകാരിയെ കാട്ടിത്തരുന്നുണ്ട് സിനിമ. ജോണിനെ ചേർത്തുപിടിച്ച സ്ത്രീകളായി ഇവരുടെ സാന്നിധ്യം സിനിമയുടെ വേറിട്ട മുഖമാണ് കാണിക്കുന്നത്.
കയ്യൂരിനെക്കുറിച്ചുള്ള വിപ്ലവ സിനിമ എന്നതടക്കം നടക്കാതെപോയ സർഗസംരംഭങ്ങളെക്കുറിച്ചുള്ള കഥനങ്ങളും വ്യസനങ്ങളും അവർ പറയുന്നു. ഒറ്റരാത്രിയുടെ കാമുകിയായ തന്നെ ശരീരമായി കാണാത്ത ജോണിനെ പരിചയപ്പെടുത്തുന്ന കൂട്ടുകാരിയെ കാട്ടിത്തരുന്നുണ്ട് സിനിമ. ജോണിനെ ചേർത്തുപിടിച്ച സ്ത്രീകളായി ഇവരുടെ സാന്നിധ്യം സിനിമയുടെ വേറിട്ട മുഖമാണ് കാണിക്കുന്നത്. എല്ലാ ജീവിതങ്ങളിലും അകത്തളങ്ങളിൽ മാത്രം ഒതുക്കിനിർത്തുന്ന സ്ത്രീപങ്കാളിത്തത്തെ മറച്ചുവെയ്ക്കുന്ന മുഖ്യധാര ശൈലിക്ക് വിരുദ്ധമാണിതെന്നതിനാൽ അഭിനന്ദനാർഹവുമാണ്.
എന്നാൽ ഇതിനെല്ലാമിടയിലും ബിംബവൽക്കരിക്കാനാകാത്ത കലാകാരനെന്ന് ജോണിനെ അടയാളപ്പെടുത്താൻ സംവിധായകനായ പ്രേംചന്ദ് ശ്രമിച്ചിട്ടുണ്ട്.
പ്രേംചന്ദ്
മൂലധനം പല്ലിളിക്കുന്ന വർത്തമാന സിനിമാലോകത്ത് തന്റെ സൃഷ്ടി പൂർത്തിയാക്കാൻ കഠിനപാതകളും കാലവും താണ്ടിയിട്ടുമുണ്ട്. വർഷങ്ങൾ നീണ്ടുപോയ സർഗാത്മക ഇടപെടലിലാണിത് . വ്യത്യസ്തവും ജനകീയവുമായ ചലച്ചിത്ര സംരംഭങ്ങളോട് നമ്മുടെ മുഖ്യധാര പൂലർത്തുന്ന സമീപനം മാറുന്നതേയില്ലെന്ന് ഓർമിപ്പിക്കുന്നതാണ് ‘ജോൺ’ യാഥാർഥ്യമാക്കാൻ നേരിട്ട കാലതാമസം വ്യക്തമാക്കുന്നത്. എന്നാൽ വിട്ടുവീഴ്ചചെയ്യാതെ തന്റെ സ്വപ്ന ചിത്രം പ്രേംചന്ദും കുട്ടുകാരും ദൃശ്യപഥത്തിലെത്തിച്ചു.
കെ രാമചന്ദ്രബാബു, എം ജെ രാധാകൃഷ്ണൻ, ഫൗസിയ ഫാതിമ, പ്രതാപ് ജോസഫ്, രാഹുൽ കോട്ട് എന്നീ അഞ്ച് ഛായാഗ്രാഹകർ ചേർന്നാണ് ജോണിന്റെ ഛായാഗ്രഹണം പൂർത്തീകരിച്ചത്. രാവിന്റെ അവസാനയാമത്തിൽ വാതിലിൽ ഒരുമുട്ടുവിളി…തുറക്കുവിൻ എന്നൊരു ജോൺശബ്ദം, വീണ്ടും മനതാരിൽ ഉയരും സിനിമ അവസാനിക്കുമ്പോൾ. മുഷിഞ്ഞ കുപ്പായവുമായി ചാരായം മണക്കുന്ന ചിരിയുമായി പാതിരാനേരങ്ങളിൽ വീണ്ടും ജോൺ വരുമോ എന്നതല്ല ഇവിടെ പങ്കിടുന്ന ചോദ്യം; ജോൺ പങ്കുവെച്ച ആലോചനകൾ, രാഷ്ട്രീയ ദർശനം, കലാപരമായ അന്വേഷണങ്ങൾ… അതിനായി ഏതെങ്കിലും വാതിലുകൾ തുറക്കപ്പെടുമോ, ആരെങ്കിലും അത്തരമൊരു പാതയിൽ വരുന്നുണ്ടോ എന്ന വിഷയമാണ് ഉന്നയിക്കപ്പെടുന്നത്.
ജോൺ സിനിമയിൽനിന്ന്
കലാസൃഷ്ടികളിലൂടെ ജോൺ എബ്രഹാം അവതരിപ്പിച്ച രാഷ്ട്രീയമുണ്ട്. അതിന്നും പ്രസക്തമല്ലേ, അതിന്റെ തുടർച്ചകൾ വേണ്ടതല്ലേ എന്ന ആലോചന സംവിധായകൻ ശക്തമായി ഉന്നയിക്കുന്നു. കല്ലറയിൽ അപ്പനോട് ജോൺ പറയുന്ന രീതിയിലാണ് സിനിമയുടെ വികാസ പരിണാമം.
അമ്മ അറിയാനിൽ അമ്മയോടുള്ള വർത്തമാനമായി ജോൺ ആവിഷ്കരിച്ച അവതരണം ഓർമിപ്പിക്കുന്നുണ്ടിത്. ‘‘ചരിത്രം പൊലിപ്പിച്ചു നിർത്തിയ വീരസ്യങ്ങളല്ല ലെൻസിലൂടെ കണ്ടത്. ലോങ് ഷോട്ടിൽ കണ്ടതല്ല ക്ലോസ് അപ്പിൽ കാണുന്നത്. അടുത്ത് ചെല്ലുമ്പോൾ ചരിത്രം തലകീഴായി നിൽക്കുന്നു’’ എന്ന് അപ്പനോട് ജോൺ പറയുന്നുണ്ടിതിൽ. ഈ സംഭാഷണത്തിൽ ഈ സിനിമയുടെ ദർശനവും രാഷ്ട്രീയവുമാകെയുണ്ട്. ചരിത്രത്തിൽ ഫാസിസത്തിന്റെ ഭൂതാവേശം ഭ്രാന്തമായി അരങ്ങേറുന്ന സിനിമകൾ വർധിതമാകുന്ന, അത്തരം കെട്ടുകാഴ്ചകൾ കൊണ്ടാടപ്പെടുന്ന കാലമാണിത്. സെൻസറിങ്് അപ്രഖ്യാപിതമായി ഉയരുന്ന സന്ദർഭം കൂടിയാണിന്ന്. ഇത്തരമൊരു വേളയിൽ ചോദ്യങ്ങളും ചിന്തകളും നമ്മുടെ സിനിമകൾ മറക്കരുതെന്ന സൂചനയാണിതിലൂടെ പരാമർശിതമാകുന്നത്.
ജോൺസിനിമയെടുത്ത സാഹചര്യവും അവസ്ഥയും ഇന്നേറെ മാറി. ഈ മാറ്റം കലാകാരനും സൃഷ്ടിക്കും ഗുണകരമാണോ എന്നത് ചർച്ച ചെയ്യേണ്ടതാണ്. വൻകിട മൂലധനത്തിന്റെ ആധിപത്യകാലത്ത് ബദൽ– സമാന്തര കലാന്വേഷണങ്ങൾ സാധ്യമോ, അതോ അടിയറവും അനുരഞ്ജനവുമേ രക്ഷയുള്ളോ എന്നതും ആലോചനാവിഷയമാണ്.
ജോൺസിനിമയെടുത്ത സാഹചര്യവും അവസ്ഥയും ഇന്നേറെ മാറി. ഈ മാറ്റം കലാകാരനും സൃഷ്ടിക്കും ഗുണകരമാണോ എന്നത് ചർച്ച ചെയ്യേണ്ടതാണ്. വൻകിട മൂലധനത്തിന്റെ ആധിപത്യകാലത്ത് ബദൽ– സമാന്തര കലാന്വേഷണങ്ങൾ സാധ്യമോ, അതോ അടിയറവും അനുരഞ്ജനവുമേ രക്ഷയുള്ളോ എന്നതും ആലോചനാവിഷയമാണ്.
അതിനുള്ള മറുപടിയാണ് പ്രേംചന്ദിന്റെ ഈ സിനിമാ പരീക്ഷണം. മാനവികതയിൽ വിശ്വസിക്കാവുന്നവരുടെയുള്ളിലെല്ലാം ഒരു ജോണുണ്ട്. പ്രതിസന്ധികൾ പെരുകുന്ന സമയങ്ങളിൽ പ്രതിരോധമായി പ്രത്യാശയായി ജോൺ നിറയും; രാഷ്ട്രീയവും സാംസ്കാരികവുമായ പുതിയ പുതിയ അന്വേഷണങ്ങൾക്കുള്ള ഊർജമായി. വിഗ്രഹവൽക്കരിക്കാതിരിക്കുക. കലുഷമായ പൊള്ളുന്ന ഇന്ത്യൻ ഭൂമികയിൽ ജോൺ എവിടെ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. തൂണിലും തുരുമ്പിലും തെരുവിലുമുണ്ടവൻ. തോറ്റുപോകുന്ന, തോൽപ്പിക്കപ്പെടുന്ന ജനതക്ക് കാവലാളായി കലയിലൂടെ കാലത്തോട് പ്രതികരിച്ചവന്റെ പേരാണ് ജോൺ. ആ ജോൺ അനുഭവമാണ് ഒന്നരമണിക്കൂറിൽ പാപ്പാത്തി മൂവ്മെന്റ്സ് അനുവാചകന് പകർന്നുതരുന്നതും .
(ദേശാഭിമാനി വാരികയിൽ നിന്ന്)
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..