രൂപയുടെ മൂല്യ തകർച്ചയും വിദേശ ധനകാര്യസ്ഥാപനങ്ങളിൽ നിന്നുള്ള വിൽപ്പനസമ്മർദ്ദവും ഇന്ത്യൻ ഓഹരി ഇൻഡക്സുകളെ വീണ്ടും തളർത്തി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ ഓഹരി വാങ്ങലുകാരായി രംഗത്തുണ്ടെങ്കിലും വിദേശ ഫണ്ടുകൾ തുടർച്ചയായ പത്താം വാരവും വിൽപ്പനയിൽ പിടിമുറുക്കിയത് വിപണിയെ സമ്മർദ്ദത്തിലാക്കി. ബോംബെ സെൻസെക്സ് 180 പോയിന്റും നിഫ്റ്റി സൂചിക 36 പോയിന്റും കഴിഞ്ഞവാരം താഴ്ന്നു. ഗാന്ധി ജയന്തി പ്രമാണിച്ച് തിങ്കളാഴ്ച്ച ഇന്ത്യൻ മാർക്കറ്റ് അവധി.
വിദേശ ഫണ്ടുകൾ സെപ്റ്റംബറിൽ 26,692 കോടി രൂപയുടെ ഓഹരികൾ വിറ്റു. പിന്നിട്ട വാരം അവർ 8430 കോടി രൂപയുടെ ബാധ്യത ഒഴിവാക്കി. ഓഹരി വിറ്റ് ഡോളർ ശേഖരിക്കാൻ അവർ നടത്തിയ നീക്കം വിനിമയ വിപണിയിൽ രൂപയുടെ മൂല്യം 82.93 ൽ നിന്നും 83.25 ലേയ്ക്ക് ദുർബലമാക്കിയ ശേഷം വാരാന്ത്യം 83.01 ലാണ്.
ആദ്യന്തര മ്യൂച്വൽ ഫണ്ടുകൾ മൊത്തം 8142 കോടി രൂപയുടെ നിക്ഷേപം പോയവാരം നടത്തി. കഴിഞ്ഞ മാസം അവരുടെ മൊത്തം വാങ്ങൽ 20,312 കോടി രൂപയാണ്. ബിഎസ്ഇ സ്മോൾ ക്യാപ്, മിഡ് ക്യാപ് സൂചികകൾ നേട്ടത്തിൽ. ലാർജ് ക്യാപ് സൂചികയിൽ കാര്യമായ വ്യതിയാനമില്ല. ടെലികോം, ഹെൽത്ത് കെയർ, റിയൽറ്റി, മെറ്റൽ ഇൻഡക്സ്, ക്യാപിറ്റൽ ഗുഡ്സ് സൂചികകളും മുന്നേറി. ഐ റ്റി, ഓട്ടോ ഇൻഡക്സിനും തളർച്ച.
മുൻ നിര ഓഹരികളായ എച്ച് യു എൽ, ഇൻഡസ് ബാങ്ക്, റ്റി സി എസ്, എച്ച് സി എൽ ടെക്, വിപ്രോ, ഇൻഫോസീസ്, ടെക് മഹീന്ദ്ര, എം ആൻഡ് എം, ആർ ഐ എൽ ഓഹരികൾ മികവ് കാണിച്ചു. ടാറ്റാ സ്റ്റീൽ, എയർടെൽ, സൺ ഫാർമ്മ, എൽ ആൻഡ് റ്റി, മാരുതി, ഐ റ്റി സി, ഐസിഐസിഐ ബാങ്ക്, എസ് ബി ഐ ഓഹരികൾക്ക് തളർച്ച.
നിഫ്റ്റി സൂചിക 19,674 പോയിന്റിൽ നിന്നും 19,754 വരെ ഉയർന്നു. കൂടുതൽ മുന്നേറ്റത്തിന് ശ്രമം നടത്തിയ ഘട്ടത്തിൽ വിദേശഇടപാടുകാരിൽ നിന്നും ഉയർന്ന വിൽപ്പനയിൽ സൂചിക 19,499 വരെ ഇടിഞ്ഞങ്കിലും വ്യാപാരാന്ത്യം നിഫ്റ്റി 19,638 പോയിൻറ്റിലാണ്. വിപണി 18,500- 19800 റേഞ്ചിൽ സഞ്ചരിച്ചു. ഈവാരം 19,500 റേഞ്ചിലെ താങ്ങ് നിലനിർത്തി 19,760- 19,885 നെ ലക്ഷ്യമാക്കം. വിൽപ്പന സമ്മർദ്ദം അനുഭപ്പെട്ടാൽ നിഫ്റ്റിക്ക് 19,38ൽ രണ്ടാം സപ്പോർട്ട് പ്രതീക്ഷിക്കാം.
ബോംബെ സൂചിക 66,009 പോയിൻറ്റിൽ നിന്നും 66,249 ഉയർന്ന അവസരത്തിലെ വിൽപ്പനതരംഗത്തിൽ മുൻ നിര ഓഹരികൾക്ക് കനത്ത തകർച്ച. ഇതോടെ 65,442 ലേയ്ക്ക് ഇടിഞ്ഞ സെൻസെക്സ് വ്യാപാരം അവസാനിക്കുമ്പോൾ 65,828 പോയിൻറ്റിലാണ്. ഈവാരം 65,430 ലെ ആദ്യ താങ്ങ് നിലനിർത്തി 66,237 ലേയ്ക്ക് മുന്നേറാം. വിദേശനാണ്യ കരുതൽ ശേഖരം നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 590.70 ബില്യൺ ഡോളറായി. തുടർച്ചയായ മൂന്നാം വാരമാണ് ഇന്ത്യൻ കരുതൽ ധനം കുറയുന്നത്. രൂപയുടെ മൂല്യ തകർച്ച തടയാൻ റിസർവ് ബാങ്ക് നടത്തിയ വിപണി ഇടപെടൽ കരുതൽ ധനം കുറയാൻ ഇടയാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..