തിരുവനന്തപുരം > ഷൂട്ടിങ് സ്ഥലത്ത് മറ്റുള്ളവരുടെ അഭിനയം സസൂക്ഷ്മം കണ്ടിരിക്കുന്ന സൂപ്പർ സ്റ്റാർ… കാരവാൻ ഉണ്ടെങ്കിലും കടുത്ത ചൂടിലും ഫാൻ വേണ്ടെന്ന് വച്ച് ഷൂട്ടിങ് തീരുന്നതുവരെ ക്ഷമാപൂർവം കാത്തിരിക്കും. ആദ്യമായി രജനികാന്തിനൊപ്പം പ്രവർത്തിച്ച അനുഭവം പങ്കിടുകയാണ് പ്രശസ്ത മേക്കപ്പ് ആർടിസ്റ്റ് പട്ടണം റഷീദ്. ലൊക്കേഷനിൽ തടിച്ചുകൂടുന്ന ആരാധകരെ കാണാൻ എത്രതിരക്കുള്ളപ്പോഴും രജനി തയ്യാറാകുന്നത് അത്ഭുതപ്പെടുത്തി. ഷൂട്ടിങ് കഴിഞ്ഞ് ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെ എല്ലാദിവസവും ആരാധകരെ കണ്ടു…കൈവീശി..
പട്ടണം റഷീദ്
തലസ്ഥാനത്തും പരിസരത്തും നടക്കുന്ന തലൈവർ 170 ചിത്രത്തിന്റെ മേക്കപ്പ് ഡിസൈനറാണ് റഷീദ്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ച ദിവസം മുതൽ തിരുവനന്തപുരത്തുണ്ട്. സംവിധായകൻ ടി ജെ ജ്ഞാനവേലിന്റെ ആദ്യ സിനിമയായ ജയ്ഭീമിലും റഷീദ് പ്രവർത്തിച്ചിട്ടുണ്ട്. ‘‘മുമ്പ് ഞാൻ ചെയ്ത സിനിമ കണ്ടതിനുശേഷമാണ് ജയ്ഭീമിലേക്ക് വിളിച്ചത്. കഥ പറഞ്ഞു കേട്ടപ്പോൾത്തന്നെ ചിത്രത്തിനൊപ്പം ചേരാൻ തീരുമാനിച്ചു. കഥാപാത്രങ്ങളുടെ വിശദാംശങ്ങൾക്കായി ജഞാനവേൽ ഇരുളരുടെ ചില ഫോട്ടോ പകർത്തിയിരുന്നു. അതിൽനിന്ന് പുതിയ ചില കഥാപാത്രങ്ങളെക്കൂടി ഉണ്ടാക്കി. ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് വർക്ഷോപ് നടത്തുന്ന പതിവ് രജനിചിത്രത്തിലും ജ്ഞാനവേൽ തുടരുന്നുണ്ട്’’ –- അദ്ദേഹം പറഞ്ഞു. രജനികാന്ത്, ഫഹദ്, മഞ്ജു വാര്യർ തുടങ്ങി നിരവധി അഭിനേതാക്കളുടെ മേക്കപ്പ് ഡിസൈനറാണ് പട്ടണം റഷീദ്.
ശനിയാഴ്ച വെള്ളായണി കാർഷിക കോളേജിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. രണ്ടുദിവസത്തിനകം തിരുവനന്തപുരത്തെ ഷൂട്ടിങ് പൂർത്തിയാകും. നൂറുദിവസം നീണ്ട സിനിമയുടെ ചിത്രീകരണം തുടർന്ന് കന്യാകുമാരി, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലായി തുടരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..