ഇന്ന് ഫോണുകൾ കൂട്ടത്തോടെ ശബ്ദിക്കും; പരിഭ്രാന്തരാകരുതെന്ന് കേന്ദ്ര ടെലികോം വകുപ്പ്
കൂട്ടത്തോടെ നിരവധി ഫോണുകൾ ഇത്തരത്തിൽ ശബ്ദിക്കും. ഈ സന്ദേശം ലഭിക്കുമ്പോൾ ആളുകൾ പരിഭ്രാന്തരാകരുതെന്ന് കേന്ദ്ര ടെലികോം വകുപ്പ് അഭ്യർത്ഥിച്ചു.
തിരുവനന്തപുരം: നിങ്ങളുടെ ഫോണിൽ അസാധാരണമായൊരു മെസേജ് ലഭിച്ചോ? സംസ്ഥാനത്ത് പുതിയതായി പരീക്ഷിക്കുന്ന സെൽ ബ്രോഡ്കാസ്റ്റിങ്ങിന്റെ ഭാഗമായി മൊബൈലുകളിൽ ഇന്ന് ടെസ്റ്റ് അലർട്ടുകൾ ലഭിക്കുമെന്ന് കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പാണ് അറിയിക്കുന്നത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻഡിഎംഎ) നടപ്പാക്കുന്ന പുതിയ അടിയന്തര മുന്നറിയിപ്പ് സംവിധാനമായ സെൽ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം വഴിയാണ് സന്ദേശം അയച്ചത്.
ഭാവിയിൽ ഭൂകമ്പം, സുനാമി, വെള്ളപ്പൊക്കം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങൾക്ക് അതിവേഗം മുന്നറിയിപ്പ് സന്ദേശങ്ങൾ അയക്കുന്നതിന്റെ മുന്നൊരുക്കമെന്ന നിലയിലാണ് ഇന്നത്തെ പരീക്ഷണം. നാളെ ഏതെങ്കിലും സമയത്ത് നിങ്ങളുടെ മൊബൈൽ ഫോണുകൾ പ്രത്യേക തരത്തിൽ ശബ്ദിക്കുകയും, വൈബ്രേറ്റ് ചെയ്യുകയും ചെയ്യും. അലാറം പോലുള്ള ശബ്ദമാകും ഫോണിൽ നിന്ന് വരിക. കൂട്ടത്തോടെ നിരവധി ഫോണുകൾ ഇത്തരത്തിൽ ശബ്ദിക്കും. ഈ സന്ദേശം ലഭിക്കുമ്പോൾ ആളുകൾ പരിഭ്രാന്തരാകരുതെന്ന് കേന്ദ്ര ടെലികോം വകുപ്പ് അഭ്യർത്ഥിച്ചു.
പ്രകൃതി ദുരന്തങ്ങൾ അടിയന്തരമായി ഫോണുകളിലൂടെ അറിയിക്കാനും, സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും സഹായിക്കുന്ന സെൽ ബ്രോഡ് കാസ്റ്റിങ് സംവിധാനത്തിന്റെ പരീക്ഷണമാണ് നാളെ നടക്കാൻ പോകുന്നത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ എന്നിവർ ചേർന്നാണ് ഈ പരീക്ഷണം നടത്തുന്നത്.
ഇതാദ്യമായല്ല കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പ് ഇത്തരത്തിലൊരു പരീക്ഷണം സംഘടിപ്പിക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതിന് മുമ്പും ഇത്തരം പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. ഡൽഹി മേഖലയിൽ ഒക്ടോബർ പത്തിന് ഇത്തരത്തിലൊരു നിർദ്ദേശം വിവിധ ടെലികോം ഉപഭോക്താക്കളുടെ ഫോണുകളിൽ ലഭിച്ചിരുന്നു. അന്ന് ഉച്ചയ്ക്ക് 12 മണിക്കും ഒരു മണിക്കും ഇടയിൽ ഫോണിൽ അലാറം മുഴങ്ങിയിരുന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചൊവ്വാഴ്ചത്തേത് മുന്നറിപ്പ് സംവിധാനത്തിന്റെ പരീക്ഷണം മാത്രമാണെന്നും, പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര സർക്കാർ അറിയിക്കുന്നു. യഥാർത്ഥ ദുരന്ത മുന്നറിയിപ്പല്ലെന്ന ബോധ്യമുണ്ടാകാനായി ‘സാമ്പിൾ ടെസ്റ്റ് മെസേജ്’ എന്ന് ലേബൽ നൽകണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ഭാവിയിൽ മൊബൈൽ ഫോണുകൾ കൂടാതെ ടെലിവിഷൻ, റേഡിയോ തുടങ്ങിയ മാധ്യമങ്ങളിലൂടെയും അലർട്ടുകൾ നൽകുന്ന കാര്യം ടെലികോം വകുപ്പിന്റെ പരിഗണനയിലുണ്ട്.
പ്രധാന അറിയിപ്പ്: വ്യത്യസ്തമായ ശബ്ദവും വൈബ്രേഷനും ഉള്ള ഒരു അടിയന്തര സാഹചര്യത്തെക്കുറിച്ച് നിങ്ങളുടെ മൊബൈലിൽ ഒരു പരീക്ഷണ സന്ദേശം ലഭിച്ചേക്കാം. പരിഭ്രാന്തരാകരുത്, ഈ സന്ദേശം യഥാർത്ഥ അടിയന്തരാവസ്ഥയെ സൂചിപ്പിക്കുന്നില്ല. ആസൂത്രിത പരീക്ഷണ പ്രക്രിയയുടെ ഭാഗമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുമായി സഹകരിച്ച് ഇന്ത്യാ ഗവൺമെന്റ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് ഈ സന്ദേശം അയയ്ക്കുന്നു.