അനന്തതയെ ഗണിത ശാസ്ത്രത്തിൽ ∞ ചിഹ്നത്തിലാണ് രേഖപ്പെടുത്തുന്നത്. ‘ലേസി എയിറ്റ്’ (lazy eight) എന്ന് അറിയപ്പെടുന്ന ഈ ചിഹ്നത്തിന് ഫുട്ബോൾ ചരിത്രത്തിലും പ്രാധാന്യമുണ്ട്. എക്കാലത്തെയും മികച്ച മിഡ്ഫീൽഡർമാരെ ഓർമിക്കുമ്പോൾ, എട്ടാം നമ്പർ ജേഴ്സി അണിഞ്ഞു മായാജാലം സൃഷ്ടിച്ചിരുന്ന ഒരു മാന്ത്രികൻ ബാർസയുടെ പുൽമൈതാനങ്ങളിൽ പന്ത് തട്ടിയിരുന്നു. ഫുട്ബോൾ ലോകം ഈ എട്ടാം നമ്പറുകാരനെ ‘ഇൻഫിനിറ്റ് ഇനിയെസ്റ്റ’ എന്നാണ് ബഹുമാനാർഥം വിളിച്ചിരുന്നത്.
67-ാമത് ബാലൻഡിയോർ ചടങ്ങിൽ ലോകഫുട്ബാളിലെ എക്കാലത്തെയും മികച്ച കളിക്കാരനായി അവരോധിക്കപ്പെട്ട്, എട്ടാം ബാലൻഡിയോർ മെസി സ്വന്തമാക്കിയപ്പോൾ പാരീസിലെ സ്ക്രീനിൽ തെളിഞ്ഞത് ഇപ്രകാരം,’ Time is infinity, Messi is infinity’. എട്ട് ബാലൻഡിയോർ നേടുന്ന ചരിത്രത്തിലെ ഒരേയൊരു കളിക്കാരൻ അനന്തമാകുന്നത്, നീണ്ട പത്തൊമ്പത് വർഷത്തെ കരിയറിൽ തന്റെ പ്രിയപ്പെട്ട ഇടത് കാല് കൊണ്ട് സൃഷ്ടിച്ചെടുത്ത അത്ഭുതങ്ങൾ കാരണമാണ്.
ഇക്കാലയളവിൽ ബാലൻ ഡിയോറിൽ മെസിക്കെതിരെ മത്സരിക്കാൻ കക്കയും റൊണാൾഡോയും നെയ്മറും മോഡ്രിച്ചും ലെവൻഡോസ്കിയുമെല്ലാം അണിനിരന്നിരുന്നു. ആദ്യ ബാലൻഡിയോർ നേടുമ്പോൾ ഒൻപതും പത്തും വയസ്സ് മാത്രമുണ്ടായിരുന്ന എർലിങ് ഹാലൻഡും കിലിയൻ എംബാപ്പെയുമാണ് ആ സുവർണ പോഡിയത്തിൽ മെസിക്കിരുവശവുമായി ഇത്തവണ കടുത്ത മത്സരം നൽകിയത്.
മാഞ്ചസ്റ്റർ സിറ്റിയോടൊപ്പം ട്രെബിൾ വിജയിക്കുകയും ഗോൾഡൻ ബൂട്ട് സ്വന്തമാക്കുകയും ചെയ്ത ഹാലൻഡ് രണ്ടാമതും, ഫ്രാൻസിനെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിൽ എത്തിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച്, ഫൈനലിൽ ഹാട്രിക്ക് നേടിയ എംബാപ്പെ മൂന്നാം സ്ഥാനവും സ്വന്തമാക്കി. രണ്ട് പതിറ്റാണ്ടിലേറെ ഫുട്ബോൾ ലോകത്തിലെ ചക്രവർത്തിയായിരുന്ന മെസി മുപ്പത്തിയാറാം വയസിലും അസാധ്യമായവ സൃഷ്ടിച്ചെടുക്കുന്നത് കാണുമ്പോൾ ‘ഇൻഫിനിറ്റി’ എന്ന വിശേഷണമല്ലാതെ മറ്റെന്താണ് ചേരുക.
കരിയറിൽ ഉടനീളം മെസിക്ക് ഒത്തൊരു എതിരാളിയായി റൊണാൾഡോ ഉണ്ടായിരുന്നെങ്കിലും, ലോകകപ്പ് എന്ന പ്രപഞ്ചസ്വപ്നം സ്വന്തമാക്കിയതിലൂടെ പെലെയുടെയും മറഡോണയുടെയും ദൈവീകതയിലേക്കാണ് മെസി ഉയർന്നത്. എക്കാലത്തെയും മികച്ചവനാണെന്ന് തെളിയിക്കാൻ ലോകകപ്പിന്റെ ആവശ്യമില്ലായിരുന്നെങ്കിലും, അർജന്റീനയിലെ തെരുവോരങ്ങളെ ഫുട്ബോളിന്റെ വന്യതയിൽ സ്വതന്ത്ര്യമാക്കാൻ, തന്നോടൊപ്പം തന്നെ വളർന്ന ഒരു തലമുറയിലെ ആരാധകർക്ക് ഒരു മനോഹരമായ ഉപസംഹാരം സമ്മാനിക്കാൻ, എല്ലാത്തിലുമുപരിയായി ഫുട്ബാളിനെ പൂർണമാക്കാൻ ലയണൽ മെസിക്ക് ലോകകപ്പ് സ്വന്തമാക്കിയേ തീരുമായിരുന്നുള്ളൂ.
ഇപ്പോൾ ഇതാ മുപ്പത്തിയാറാം വയസ്സിൽ, എക്കാലത്തെയും മികച്ച എതിരാളിയുടെ അഭിമാനവും അഹങ്കാരവുമായിരുന്ന ഐക്കോണിക് നമ്പറിനെക്കാൾ ബാലൻഡിഓർ നേടി ലയണൽ മെസി ആ ഐതിഹാസിക കരിയറിന്റെ അവസാനത്തോടടുക്കുകയാണ്. ഇനിയൊരു ബാലൻഡിയോർ വിദൂര സാധ്യതയാണെങ്കിലും എക്കാലത്തെയും മികച്ച കഥയുടെ ആന്റിക്ലൈമാക്സ് ആണ് ഫുട്ബോൾ ലോകമിപ്പോൾ മെസിക്ക് നൽകിയിരിക്കുന്നത്.
ലോക ഫുട്ബോളിന്റെ പോപ്പ് ഐക്കണായ ഡേവിഡ് ബെക്കാമിൽ നിന്നുമാണ് മെസി തന്റെ അവാർഡ് സ്വീകരിച്ചത്. മെസിയുടെ ഇപ്പോഴത്തെ ക്ലബ്ബിന്റെ സിറ്റിയിൽ ‘മയാമി രീതി’യിൽ ആഘോഷങ്ങൾ സംഘടിപ്പിക്കുമെന്നാണ് ബെക്കാമിന്റെ വാഗ്ദാനം. ആദ്യമായി ബാലൻഡിഓർ അമേരിക്കയിൽ എത്തുമ്പോൾ അവരുടെ പ്രൗഢിക്കൊത്തുള്ള ആഘോഷങ്ങൾ തന്നെയായിരിക്കും അനന്തതയിൽ സിംഹാസനമുറപ്പിച്ചിരിക്കുന്ന എക്കാലത്തെയും മികച്ച കളിക്കാരന് നൽകുക.