ആറിൽ ആറ് ജയം നേടി ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി രോഹിത്തിന്റേയും കൂട്ടരുടേയും ജൈത്രയാത്ര തുടരുകയാണ്. ഏകദിന ലോകകപ്പ് ടൂർണമെന്റുകളുടെ ചരിത്രത്തിൽ ഇന്ത്യയുടെ ഏക്കാലത്തേയും മികച്ച നേട്ടമാണിത്. 2011ൽ ലോകകപ്പ് നേടിയ ധോണിയുടേയും സച്ചിന്റേയും ടീം പോലും ഇതുപോലൊരു മികവ് കാട്ടിയിട്ടില്ലെന്നതാണ് പ്രതീക്ഷകൾ വാനോളമുയർത്തുന്നത്.
ഇന്ത്യയുടെ എക്കാലത്തേയും മികച്ച ലോകകപ്പ് ടീമായ 1987ലെ ഇന്ത്യൻ ടീം പോലും ഇതുപോലൊരു അപരാജിത പടയോട്ടം നടത്തിയിട്ടില്ലെന്നാണ് ചരിത്രം തെളിയിക്കുന്നത്. ഇന്ത്യയ്ക്കായി കന്നി ലോകകപ്പിൽ മുത്തമിട്ട കപിലിന്റെ ചെകുത്താന്മാർക്കും, രോഹിത്തും സംഘവും നടത്തിയ ആറാട്ടിന് അടുത്തെത്താൻ സാധിച്ചിരുന്നില്ലെന്നത് അവിശ്വസനീയതയാണ് സമ്മാനിക്കുന്നത്.
ആധികാരികം ഈ ജൈത്രയാത്ര
ലോകകപ്പിലെ ഇന്ത്യയുടെ മത്സര ഫലങ്ങൾ നോക്കൂ. എത്രമാത്രം ആധികാരികമായാണ് ഇന്ത്യൻ പിച്ചുകളിൽ നീലപ്പട മേധാവിത്വം പുലർത്തുന്നതെന്ന് മനസിലാക്കാനാകും. ഓസ്ട്രേലിയക്കെതിരെ 6 വിക്കറ്റ് ജയം, അഫ്ഗാനിസ്ഥാനെതിരെ 8 വിക്കറ്റ് ജയം, ചിരവൈരികളായ പാക്കിസ്ഥാനെതിരെ 7 വിക്കറ്റ് ജയം, ബംഗ്ലാദേശിനെതിരെയും ഏഴ് വിക്കറ്റ് ജയം, ന്യൂസിലൻഡിനെതിരായ നാല് വിക്കറ്റ് ജയം, ഇംഗ്ലണ്ടിനെതിരായ 100 റൺസിന്റെ തകർപ്പൻ ജയം… അങ്ങനെ പോകുന്നു ലോകകപ്പിലെ ഇന്ത്യൻ ജൈത്രയാത്ര. ഇതിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ മാത്രമാണ് ഇന്ത്യൻ താരങ്ങൾ അൽപ്പമെങ്കിലും ടെൻഷനടിച്ചിട്ടുണ്ടാവുക. മറ്റു മത്സരങ്ങളെല്ലാം അനായാസമായി ഇന്ത്യ ജയിച്ചുകയറി.
വ്യക്തിഗത മികവിനേക്കാൾ ടീം വർക്കിന്റെ കോർ സ്ട്രെങ്ത്തിലാണ് രോഹിത്തും സംഘവും കളി മെനയുന്നത്. രോഹിത്തും കോഹ്ലിയും ബാറ്റിങ്ങിൽ മുന്നിൽ നിന്ന് നയിക്കുമ്പോൾ കട്ടയ്ക്ക് കൂടെ നിൽക്കാൻ മറ്റു യുവതാരങ്ങളും കൈമെയ് മറന്ന് കൂടെയുണ്ട്. രോഹിത്തും ശുഭ്മൻ ഗില്ലും നൽകുന്ന മികച്ച തുടക്കങ്ങൾ ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ലായി മാറിയിട്ടുണ്ടെന്ന് നിസംശയം പറയാം.
ഓപ്പണിങ്ങ് സഖ്യം പ്രസരിപ്പിക്കുന്ന ആത്മവിശ്വാസം
തന്റെ കന്നി ഏകദിന ലോകകപ്പിൽ ബാറ്റേന്തുന്ന ഗിൽ പ്രകടിപ്പിക്കുന്ന കോൺഫിഡൻസ് തന്നെയാണ്, രാജ്യത്തിന്റെ ക്രിക്കറ്റ് ഭാവി സുരക്ഷിതമാണെന്ന ഉറപ്പ് കാണികൾക്ക് സമ്മാനിക്കുന്നത്. സ്ഥിരതയോടെ വലിയ ഇന്നിംഗ്സുകൾ കളിക്കാൻ ശേഷിയുണ്ടെന്ന് ഗിൽ പലപ്പോഴായി തെളിയിച്ചിട്ടുണ്ട്. 36കാരനായ നായകൻ രോഹിത്ത് ശർമ്മയുടെ പ്രകടനവും നിർണായകമായിരുന്നു. ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറികളും രോഹിത് ഇതിനോടകം നേടിക്കഴിഞ്ഞു. 6 മത്സരങ്ങളിൽ നിന്ന് 398 റൺസാണ് ഹിറ്റ്മാൻ നേടിയത്. ലോകകപ്പ് റൺവേട്ടക്കാരിൽ നാലാമതാണ് രോഹിത്തിന്റെ സ്ഥാനം.
വിരാട് കോഹ്ലി എന്ന എനർജി ബൂസ്റ്റർ
വിരാട് കോഹ്ലിയെന്ന ബാറ്റിങ് ലെജൻഡിനെ കുറിച്ച് നമുക്കെല്ലാം അറിയാവുന്നതാണ്. രോഹിത്തിന് പിന്നിലായി ലോകകപ്പിലെ റൺവേട്ടയിൽ 354 റൺസുമായി ആറാം സ്ഥാനക്കാരനാണ് ഈ ഡൽഹി താരം. എന്നാൽ 34കാരനായ മുൻ ഇന്ത്യൻ നായകൻ ഗ്രൌണ്ടിൽ പ്രസരിപ്പിക്കുന്ന എനർജി അപാരമാണ്. വിക്കറ്റ് നേട്ടം ബൌളറേക്കാൾ മികച്ച രീതിയിൽ ആഘോഷിക്കുന്ന കോഹ്ലി, യങ്ങ്സ്റ്റേഴ്സിന് പകർന്നുനൽകുന്ന മോട്ടിവേഷൻ വലുതാണ്. കഴിഞ്ഞ മത്സരങ്ങളിൽ രണ്ടാം ഇന്നിംഗ്സിൽ ടവ്വലുമായി പന്ത് തുടച്ചുണക്കി സീമിൽ ഉമിനീര് ചേർത്ത് മിനുക്കി ബൌളർക്ക് എറിഞ്ഞ് നൽകുന്നൊരു കഠിനാധ്വാനിയായൊരു കോഹ്ലിയെ കൂടി ഗ്രൌണ്ടിൽ നമുക്ക് കാണാം. ബാറ്റിങ്ങിൽ പരാജയപ്പെട്ടാലും ടീമിന് അയാൾ നൽകുന്ന നൽകുന്ന വിലപ്പെട്ട സംഭാവനകൾ എണ്ണിയാലൊതുങ്ങാത്തതാണ്.
മധ്യനിരയിൽ ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, സൂര്യകുമാർ യാദവ് എന്നിവരെ കൂട്ടുപിടിച്ച് വൻ മാർജിനുകൾ എത്തിപ്പിടിക്കാൻ വിരാടിന് കഴിയുന്നുണ്ട്. പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും അയാൾ തന്റെ ദൌത്യം വെടിപ്പായി ചെയ്യുന്നുണ്ടെന്ന് പറഞ്ഞുവെക്കുവെന്ന് മാത്രം. മധ്യനിരയുടെ സമ്മർദ്ദം കൈകാര്യം ചെയ്യാൻ കെഎൽ രാഹുലിന് അനായാസം സാധിക്കുന്നുണ്ട്. പാണ്ഡ്യയുടെ അഭാവത്തിലും ശ്രേയസ് അയ്യരേയും ജഡേജയേയും കൂട്ടുപിടിച്ച്, ഗെയിം ഫിനിഷ് ചെയ്യാൻ അയാൾക്ക് സാധിക്കുന്നുണ്ട്. ഇംഗ്ലണ്ടിനെതിരെ 49 റൺസിന്റെ വ്യക്തിഗത സ്കോറുമായി 228 റൺസിന്റെ ഫൈറ്റിങ്ങ് ടീം സ്കോർ സമ്മാനിച്ച സൂര്യയുടെ ഫൈറ്റ് ബാക്കും അവിസ്മരണീയമായി.
ഹോം ഗ്രൌണ്ടിൽ തിളങ്ങുന്ന ലോക്കൽ ഹീറോസ്
ഈ ലോകകപ്പിൽ കാണാനായ മറ്റൊരു സവിശേഷത ഹോം ഗ്രൌണ്ടിൽ തിളങ്ങുന്ന ലോക്കൽ ഹീറോകളേയാണ്. ഐപിഎല്ലിൽ തങ്ങളുടെ ഹോം ഗ്രൌണ്ടിൽ കളിച്ച് പരിചയമുള്ള താരങ്ങളാണ് ഇക്കുറി അതാത് വേദികളിൽ തിളങ്ങുന്നത്. ചെന്നൈയിലെ ചെപ്പോക്കിൽ ഓസ്ട്രേലിയയെ തകർത്തത് സിഎസ്കെയുടെ താരമായ രവീന്ദ്ര ജഡേജയായിരുന്നു. ഡൽഹിയിൽ വിരാട് കോഹ്ലിയുടെ ബാറ്റാണ് എതിരാളികളുടെ നാവടക്കിയത്. അഹമ്മദാബാദിൽ ജസ്പ്രീത് ബുംറ മിന്നിയപ്പോൾ, പൂനെയിൽ ശ്രേയസ് അയ്യരുടെ ബാറ്റിങ്ങ് മികവും കാണാനായി. ധർമ്മശാലയിൽ ശുഭ്മൻ ഗിൽ ടീമിനെ തോളിലേറ്റിയപ്പോൾ, ലഖ്നൌവിൽ കുൽദീപ് യാദവാണ് ഇന്ത്യയെ വിജയിപ്പിച്ചത്.
എണ്ണയിട്ട യന്ത്രം പോലെ ബൌളിങ്ങ് യൂണിറ്റ്
ഇന്ത്യയിലെ ചതഞ്ഞ പിച്ചുകളിൽ സ്പിന്നർമാർ എക്കാലത്തും വിക്കറ്റ് വേട്ട തുടരുന്നതിൽ അത്ഭുതമില്ല. എന്നാൽ, ഇക്കുറി ഇന്ത്യയുടെ പേസ് യൂണിറ്റും ചരിത്രത്തിലാദ്യമായി എതിരാളികളുടെ പേടിസ്വപ്നമായി മാറിയെന്നത് രസകരമായൊരു കാഴ്ചയാണ്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷർദ്ദുൽ താക്കൂർ, ഹാർദ്ദിക് പാണ്ഡ്യ എന്നീ പേസർമാരുടെ സംഭാവന അവിസ്മരണീയമാണ്. ബുംറ (14), കുൽദീപ് യാദവ് (10), മുഹമ്മദ് ഷമി (9), രവീന്ദ്ര ജഡേജ (8) എന്നിങ്ങനെയാണ് ഇന്ത്യക്കാരുടെ വിക്കറ്റ് വേട്ട. ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിൽ ബുംറ മൂന്നാമതാണ്.
ഗ്രൂപ്പ് സ്റ്റേജിൽ ശേഷിക്കുന്നത് മൂന്ന് എതിരാളികൾ
ലോകകപ്പിലെ പ്രാഥമിക റൌണ്ടിൽ ഇനി മൂന്ന് മത്സരങ്ങൾ കൂടിയാണ് ഇന്ത്യ കളിക്കേണ്ടത്. നവംബർ രണ്ടിന് ശ്രീലങ്കയേയും, അഞ്ചിന് ദക്ഷിണാഫ്രിക്കയേയും, 12ന് നെതർലൻഡിനേയും ഇന്ത്യ നേരിടും. തോൽവിയറിയാതെ മുന്നേറുന്ന ഇന്ത്യ ഇതിനോടകം സെമി ഫൈനൽ ബർത്ത് ഉറപ്പിച്ചിട്ടുണ്ട്. എങ്കിലും ശേഷിക്കുന്ന മത്സരങ്ങളിൽ ജയിച്ച് ആത്മവിശ്വാസം ഉയർത്തുകയാണ് രോഹിത്തിന് മുന്നിലുള്ള വെല്ലുവിളി.