ഡിഎമ്മിൽ ഇനി സെൽഫി വീഡിയോയും കാണാം; പുതിയ അപ്ഡേറ്റുമായി ഇൻസ്റ്റഗ്രാം
ഫോളോവേഴ്സുമായി സെൽഫി വീഡിയോകളും ടെക്സ്റ്റും ഒരുമിച്ച് പങ്കിടാൻ കഴിയുന്ന പുതിയ അപ്ഡേറ്റുമായി ഇൻസ്റ്റഗ്രാം
‘നോട്ട്സ്’ കൂടുതൽ ജനപ്രിയമാക്കാൻ പുത്തൻ പരീക്ഷണങ്ങളുമായി ഇൻസ്റ്റഗ്രാം. ഫോളോവേഴ്സുമായ് ചെറിയ ടെക്സ്റ്റ് നോട്ടുകൾ പങ്കിടാൻ ഇൻസ്റ്റഗ്രാം കൊണ്ടുവന്ന ഫീച്ചറായിരുന്നു നോട്ട്സ്. ഡയറക്റ്റ് മെസ്സേജുകളിൽ പ്രൊഫൈൽ ഫോട്ടോയ്ക്ക് മുകളിലായാണ് നിലവിൽ ഇത് പ്രത്യക്ഷപ്പെടുന്നത്. എന്നാൽ പുതിയ മാറ്റത്തിലൂടെ തൽസ്ഥാനത്ത് സെൽഫി വീഡിയോകൾ പ്രദർശിപ്പിക്കാനാണ് പദ്ധതി.
ആദം മൊസേരി പങ്കിട്ട ഫീച്ചറിന്റെ ഡെമോയിൽ , സന്ദേശങ്ങളുടെ മുകളിലായ് നിർത്താതെ പ്ലേ ചെയ്യുന്ന ചെറിയ വീഡിയോകൾ കാണാം. ഉപയോക്താക്കൾക്ക് ഇത് ഇഷ്ടപ്പെടുമോ, ഇല്ലയോ എന്നത് കണ്ടറിയണം. നോട്ട്സ് ജനപ്രിയമായതിനാൽ ആളുകൾ ഇത് ഉപയോഗിക്കണമെന്നും നിർബന്ധമില്ല.
ഇൻസ്റ്റാഗ്രാം ഇപ്പോൾ ഷോർട്ട് വീഡിയോസിന്റെ പുറകെയാണ്, ആപ്പിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്നതും ഇത്തരം വീഡിയോകൾ തന്നെയാണ്. നിലവിൽ സ്റ്റോറീസിലും റീൽസിലും ലഭിക്കുന്ന ഷോർട്ട് വീഡിയോസ് ഇനി ഡിഎമ്മും കയ്യടക്കും.
മൊസേരി ഒരു പോസ്റ്റിലുടെയാണ് പുതിയ ഫീച്ചർ പ്രഖ്യാപിച്ചത് : “ഈ ആഴ്ച, നോട്ടുകളിൽ സെൽഫി വീഡിയോകൾ പോസ്റ്റ് ചെയ്യാനുള്ള ഫീച്ചർ ഞങ്ങൾ പരീക്ഷിക്കാൻ തുടങ്ങി. താമസിക്കാതെ, ആളുകൾക്ക് അവരുടെ ഡിഫോൾട്ട് പ്രൊഫൈൽ ഫോട്ടോ, നോട്ട്സിൽ ചെറിയ ലൂപ്പിങ്ങ് വീഡിയോ ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്യാൻ കഴിയും. തുടർന്നും വീഡിയോയ്ക്കൊപ്പം ടെക്സ്റ്റ് വഴി കുറിപ്പുകൾ പങ്കിടാൻ സാധിക്കും”.
വീഡിയോ സെൽഫി ഫീച്ചർ ഇപ്പോഴും പരീക്ഷണത്തിലാണ്, ഇതുവരെ ഉപയോക്താക്കളിലേക്ക് എത്തിയിട്ടില്ല. എന്നാൽ അത് എത്തിക്കഴിഞ്ഞാൽ, നിങ്ങൾ നോട്ട്സ് പോസ്റ്റ് ചെയ്യുമ്പോൾ നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോയിൽ ഒരു ക്യാമറ ഐക്കൺ കാണും. നോട്ട്സ് വിഭാഗത്തിൽ നിന്ന് നേരിട്ട് വീഡിയോകൾ റെക്കോർഡ് ചെയ്യാനും അത് നിങ്ങളുടെ കോൺടാക്റ്റുകളുമായി പങ്കിടാനും ഇത് ഉപയോഗിക്കാം. വീഡിയോയ്ക്കൊപ്പം ടെക്സ്റ്റും ചോർക്കാമെന്ന് മൊസേരി കൂട്ടിച്ചേർത്തു.