ലോകത്തിലെ ഏറ്റവും ജനപ്രിയ സെർച്ച് എഞ്ചിനാണ് ഗൂഗിൾ. ഓൺലൈനിൽ എന്ത് കാര്യവും തിരയാൻ ആളുകൾ ആദ്യം ഓടിയെത്തുന്ന ഇടം കൂടിയാണത്. ചിലപ്പോൾ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും ഗൂഗിളിൽ നിന്നും ലഭിക്കും. പലർക്കും ഇത് അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമായാണ് അനുഭവപ്പെടാറുള്ളത്, പ്രത്യേകിച്ച് ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെടാൻ താൽപ്പര്യമില്ലാത്തവർക്ക്.
അപരിചിതർ ഗൂഗിളിൽ നിങ്ങളുടെ പേര് തിരയുമ്പോൾ നിങ്ങളുടെ ഫോൺ നമ്പർ, ഇമെയിൽ, വീട്ടുവിലാസം മുതലായവ കണ്ടെത്താൻ സാധിക്കും. ഇത് നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ അവ നീക്കം ചെയ്യാൻ ഗൂഗിളിന്റെ പുതിയ ഫീച്ചർ ഉപയോഗിക്കാം. ഈ ഫീച്ചർ നിലവിൽ തിരഞ്ഞെടുത്ത രാജ്യങ്ങളിൽ മാത്രമേ ലഭ്യമാകൂ, എന്നാൽ കൂടുതൽ പ്രദേശങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കാൻ ഗൂഗിൾ പദ്ധതിയിടുന്നുണ്ട്.
സ്വകാര്യവിവരങ്ങൾ എങ്ങനെ നീക്കം ചെയ്യാം?
“റിമൂവ് ദിസ് റിസൾട്ട്” എന്ന് വിളിക്കപ്പെടുന്ന ഫീച്ചർ ഇപ്പോഴും ബീറ്റ പരിശോധനയിലാണ്. എന്നാൽ സെർച്ച് റിസൽറ്റിൽനിന്ന് നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ അടങ്ങുന്ന ചില വെബ് പേജുകൾ നീക്കം ചെയ്യാൻ ഗൂഗിളിനോട് ആവശ്യപ്പെടാൻ ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു. എന്നാൽ ഇന്റർനെറ്റിൽ നിന്നോ യഥാർത്ഥ വെബ്സൈറ്റിൽ നിന്നോ ഈ വിവരങ്ങൾ ഇല്ലാതാക്കുന്നില്ല. അത് തുടർന്നും ഉണ്ടാകും, പക്ഷേ ഗൂഗിളിൽ നിന്നും ആളുകൾക്ക് ആ വിവരങ്ങൾ ആക്സസ് ചെയ്യാനാവില്ലെന്നുമാത്രം.
ഈ ഫീച്ചർ എങ്ങനെ ഉപയോഗിക്കാം?
- ഗൂഗിളിൽ നിങ്ങളുടെ പേര് തിരയുക.
- നിങ്ങൾ നീക്കം ചെയ്യാൻ ആഗ്രഹിക്കുന്ന വിവരങ്ങളുള്ള വെബ് പേജ് കണ്ടെത്തി അതിനടുത്തുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്കുചെയ്യുക.
- മുകളിൽ വലത് ഭാഗത്തുള്ള “റിമൂവ് റിസൾട്ട്” ക്ലിക്ക് ചെയ്യുക.
- വരുന്ന അഞ്ച് ഓപ്ഷനുകളിൽ ഫോൺ നമ്പർ, ഇമെയിൽ വിലാസം, വീട്ടുവിലാസം എന്നിവയ്ക്കായി “ഇറ്റ് ഷോസ് മൈ പേഴ്സണൽ ഇൻഫോ” എന്ന് ഓപ്ഷൻ തിരഞ്ഞെടുക്കുക.
- നിങ്ങൾ നീക്കം ചെയ്യാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ പേരും കോൺടാക്റ്റ് വിവരങ്ങളും നൽകുക. ഉദാഹരണത്തിന്, നിങ്ങളുടെ സ്വകാര്യ ഫോൺ നമ്പർ നീക്കം ചെയ്യണമെങ്കിൽ, അതേ നമ്പർ നൽകുക. ശേഷം “കണ്ടിന്യൂ” എന്നതിൽ വീണ്ടും ക്ലിക്കുചെയ്യുക. തുടർന്ന് “സെൻഡ്” ചെയ്യുക.
- നിങ്ങളുടെ റിക്വസ്റ്റ് റിവ്യൂ ചെയ്യണമെങ്കിൽ, ‘ഗോ റ്റു റിമൂവൽ റിക്വസ്റ്റ്’ ബട്ടനിൽ ക്ലിക്ക് ചെയ്യുക.
മിക്ക സാഹചര്യങ്ങളിലും, ഒരു സെർച്ച് റിസൽറ്റ് നീക്കം ചെയ്യാൻ ഗൂഗിളിന് 3-4 ആഴ്ച എടുക്കും, എന്നിരുന്നാലും ചില സാഹചര്യങ്ങളിൽ ഇത് വേഗത്തിലാക്കുന്നു.
അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കാം
ഗൂഗിൾ ആക്റ്റിവിറ്റി പേജിൽ നിങ്ങളുടെ അഭ്യർത്ഥന ഏത് ഘട്ടത്തിലാണെന്നും പരിശോധിക്കാൻ കഴിയും.
- നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിന്റെ “ഡാറ്റ & പ്രൈവസി” വിഭാഗത്തിൽ നിന്നും “മൈ ആക്റ്റിവിറ്റി” തിരഞ്ഞെടുക്കുക.
- സെർച്ച് ബാറിലെ മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്ത് “അദർ ആക്റ്റിവിറ്റി” തിരഞ്ഞെടുക്കുക.
- “Manage results about you” എന്നതിൽ ക്ലിക്ക് ചെയ്യുക, നിങ്ങളുടെ അഭ്യർത്ഥനയുടെ സ്റ്റാറ്റസ് മനസ്സിലാവും.
വ്യക്തിഗത വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് നമ്പറുകൾ തുടങ്ങി മറ്റു സ്വകാര്യ വിവരങ്ങൾ നീക്കം ചെയ്യാനും ഈ രീതി ഉപയോഗിക്കാം. അതിനായി “Content contains your personal information” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
പുതിയ ഫീച്ചർ നിലവിൽ വരുന്നതോടെ മറ്റുള്ളവർ നിങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നത് തടയുന്നു. കൂടാതെ സ്വകാര്യത പരിരക്ഷിക്കാനും ഐഡന്റിറ്റി മോഷണം തടയാനും ഉപയോക്താക്കൾക്കു സാധിക്കും.