വിലക്കിൽ വിഷമമില്ല, അനീതിക്കെതിരെ പ്രതികരിച്ചതിൽ അഭിമാനിക്കുന്നു: ഇവാൻ
ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിലായിട്ടും രണ്ടാം പകുതിയിൽ രണ്ടെണ്ണം തിരിച്ചടിച്ച് ഒഡിഷ എഫ് സിയെ കരയിച്ച് കേരള ബ്ലാസ്റ്റേഴ്സ് (2-1).
കൊച്ചി: ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിലായിട്ടും രണ്ടാം പകുതിയിൽ രണ്ടെണ്ണം തിരിച്ചടിച്ച് ഒഡിഷ എഫ് സിയെ കരയിച്ച് കേരള ബ്ലാസ്റ്റേഴ്സ് (2-1). കോച്ച് ഇവാൻ വുക്കോമനോവിച്ചിന്റെ രാജകീയമായ തിരിച്ചുവരവിനാണ് കലൂർ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ലീഗിൽ പത്ത് പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് ഉയരാനും ബ്ലാസ്റ്റേഴ്സിനായി. 15ാം മിനിറ്റിൽ ഡീഗോ മൌറീഷ്യസിന്റെ ഗോളിൽ പിന്നിലായി പോയ ബ്ലാസ്റ്റേഴ്സ്, രണ്ടാം പകുതിയിൽ വർധിത വീര്യത്തോടെയാണ് പൊരുതിയത്.
66ാം മിനിറ്റിൽ പകരക്കാരനായെത്തിയ ദിമിത്രിയോസ് ഡയമന്റക്കോസ് ആണ് കേരള ടീമിന് സമനില ഗോൾ സമ്മാനിച്ചത്. നിശ്ചിത സമയത്തിന്റെ അവസാന നിമിഷം, 84ാം മിനിറ്റിൽ ഒഡിഷയെ ഞെട്ടിച്ച് മഞ്ഞപ്പടയുടെ നായകൻ വലകുലുക്കി. സീസണിലെ മൂന്നാം ഗോളാണ് അഡ്രിയാൻ ലൂണ സ്വന്തമാക്കിയത്. പോസ്റ്റിന്റെ വലത്തേ മൂലയ്ക്ക് പുറത്ത് നിന്ന് ലൂണ തൊടുത്ത മാരിവിൽ ഷോട്ട് മഴവില്ലഴകോടെ ഒഡിഷയുടെ പോസ്റ്റിൽ തുളഞ്ഞുകയറി. സ്കോർ 2-1.
അതേസമയം, തന്നെ പത്ത് മത്സരങ്ങളിൽ നിന്ന് വിലക്കിയതിൽ വിഷമമില്ലെന്നും, അനീതിക്കെതിരായി നിലപാടെടുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് ഇവാൻ വുക്കോമനോവിച്ച് പറഞ്ഞു. വിലക്കിൽ പുറത്തിരിക്കേണ്ടി വന്നതിൽ ദുഃഖമുണ്ടെന്നും, എന്നാൽ കൊച്ചിയിലെ കാണികൾക്ക് മുന്നിൽ ജയത്തോടെ തിരിച്ചുവന്നതിൽ ഏറെ സന്തോഷമുണ്ടെന്നും മത്സര ശേഷം നടന്ന പ്രസന്റേഷൻ ചടങ്ങിൽ കോച്ച് പറഞ്ഞു. മത്സരത്തിന് ശേഷം കണ്ണു തുടയ്ക്കുന്ന ഇവാൻ്റെ ദൃശ്യങ്ങൾ ചാനൽ സംപ്രേഷണം ചെയ്തിരുന്നു.
ലൂണയാണ് പ്ലേയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. ഡീഗോ മൌറീഷ്യസിന്റെ പെനാൽറ്റി തടുത്തിട്ട ഗോൾകീപ്പർ സച്ചിൻ സുരേഷും ഇന്ന് മികച്ച പ്രകടനമാണ് നടത്തിയത്.