ഇന്ത്യ ലോകകപ്പ് നേടുമോ? ക്യാപ്റ്റൻ കൂൾ ധോണി നൽകിയ മറുപടിയിതാണ്
രോഹിത് ശർമ്മയ്ക്ക് കീഴിലുള്ള നിലവിലെ ഇന്ത്യൻ ടീം പതിവില്ലാത്ത വിധം ശക്തരും മികച്ചവരുമാണെന്ന് മഹേന്ദ്ര സിങ് ധോണി പറഞ്ഞു.
2023 ഐസിസി ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യയുടെ കിരീട സാധ്യതയെക്കുറിച്ച് മനസ് തുറന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണി. ഓസ്ട്രേലിയ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, നെതർലാൻഡ്സ്, ന്യൂസിലൻഡ് ടീമുകൾക്കെതിരെ അനായാസം ജയിച്ച്, കളിച്ച അഞ്ച് മത്സരങ്ങളിലും തോൽവിയറിയാതെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.
ഇതിന്റെ ആത്മവിശ്വാസം ധോണിയുടെ മുഖത്തും വായിച്ചെടുക്കാമായിരുന്നു. അടുത്തിടെ നടന്ന ഒരു പൊതുപരിപാടിയിൽ വച്ച് ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന്, തന്റെ സ്വതസിദ്ധമായ ശൈലിയിൽ കൂളായി ധോണി മറുപടി നൽകി. ‘പ്രഭാവ് 2023’ എന്ന പരിപാടിയിൽ പങ്കെടുത്ത് ആരാധകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
രോഹിത് ശർമ്മയ്ക്ക് കീഴിലുള്ള നിലവിലെ ഇന്ത്യൻ ടീം പതിവില്ലാത്ത വിധം ശക്തരും മികച്ചവരുമാണെന്ന് മഹേന്ദ്ര സിങ് ധോണി പറഞ്ഞു. “ഞാൻ പറയുന്നതിന്റെ വികാരം മനസ്സിലാക്കുക. ലോകകപ്പിൽ ഇന്ത്യയുടേത് വളരെ നല്ല ടീമാണ്. ഈ ടീമിൽ നല്ല ബാലൻസ് ഉണ്ട്. എല്ലാ കളിക്കാരും മികച്ച പ്രകടനമാണ് നടത്തുന്നത്. എല്ലാ മേഖലയും വളരെ നന്നായി തന്നെ കാണപ്പെടുന്നുണ്ട്. അതിനാൽ, ഞാൻ ഇപ്പോൾ അതിനെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല. കാത്തിരിക്കൂ. അത്യാവശ്യം ബോധമുള്ളവർക്കെല്ലാം ഞാൻ നൽകിയ സൂചന മനസ്സിലാക്കാനാകും,” ധോണി പറഞ്ഞു.
ഇന്ത്യ ലോകകപ്പ് നേടാൻ സാധ്യതയേറെയാണെന്ന് തന്നെയാണ് ധോണി പറഞ്ഞുവെക്കുന്നത്. അതേസമയം, സ്വന്തം നാട്ടിൽ കളിക്കുന്നതിന്റെ സമ്മർദ്ദം അവരെ കീഴ്പ്പെടുത്തുമോ എന്ന ആശങ്കയിൽ തന്റെ പ്രവചനം അദ്ദേഹം പൂർത്തിയാക്കുകയും ചെയ്തിട്ടില്ല.