മറൈൻഡ്രൈവിൽ ഇന്ത്യൻ ക്രിക്കറ്ററുടെ ആൾമാറാട്ടം; അമ്പരന്ന് ആരാധകർ
സൂര്യയെ ആർക്കും തിരിച്ചറിയാനായില്ല. എന്തിന് ഇന്ത്യൻ ടീമിലെ സഹതാരമായ രവീന്ദ്ര ജഡേജ പോലും താരത്തെ തിരിച്ചറിയാൻ പാടുപെടുന്നതും വീഡിയോയിലുണ്ട്.
മുംബൈ: ലോകകപ്പ് തിരക്കുകളിലായിട്ടും മുംബൈ മറൈൻ ഡ്രൈവിൽ ആൾമാറാട്ടം നടത്തിയ ഇന്ത്യൻ യുവതാരത്തെ കണ്ട് അമ്പരന്ന് ആരാധകർ. ബിസിസിഐ ഇന്ന് വെബ്സൈറ്റിൽ പുറത്തിറക്കിയ വീഡിയോയിലാണ് സൂര്യകുമാർ യാദവ് പുതിയ റോളിലെത്തിയത്. അയഞ്ഞ വെള്ള ഷർട്ടും, മുഖത്തൊരു മാസ്കും, കറുത്ത കണ്ണടയും, തലയിലൊരു കറുത്ത തൊപ്പിയുമെല്ലാം അണിഞ്ഞെത്തിയ സൂര്യയെ ആർക്കും തിരിച്ചറിയാനായില്ല. എന്തിന് ഇന്ത്യൻ ടീമിലെ സഹതാരമായ രവീന്ദ്ര ജഡേജ പോലും താരത്തെ തിരിച്ചറിയാൻ പാടുപെടുന്നതും വീഡിയോയിലുണ്ട്.
മുംബൈയിലെ പ്രശസ്തമായ മറൈൻ ഡ്രൈവിലാണ് ക്യാമറയുമായി സൂര്യ വന്നിറങ്ങിയത്. ഇന്ത്യൻ ടീമിലും അദ്ദേഹം ഇപ്പോൾ സ്ഥിരസാന്നിധ്യമാണ്. വീഡിയോ ഗ്രാഫറുടെ റോളിൽ വന്ന് മറൈൻ ഡ്രൈവിൽ വിശ്രമിക്കുന്നവരോട് ലോകകപ്പ് ക്രിക്കറ്റിന്റെ വിശേഷങ്ങളും അദ്ദേഹം ചോദിക്കുന്നുണ്ട്. ആദ്യം തൊട്ടടുത്ത ഹോട്ടൽ മുറിയിൽ താമസിക്കുന്ന രവീന്ദ്ര ജഡേജയുടെ മുന്നിലെത്തി ആരെങ്കിലും തന്നെ തിരിച്ചറിയുന്നുണ്ടോയെന്നും സൂര്യ പരിശോധിച്ചു.
ഇൻ്റർവ്യൂവിൽ മുംബൈ നഗരത്തിന്റെ സവിശേഷതകളും പ്രധാന ആകർഷണീയതകളും എന്തൊക്കെയാണെന്നാണ് ആദ്യത്തെ ആളോട് ക്യാമറാമാൻ ചോദിക്കുന്നത്. ക്രിക്കറ്റ് താരങ്ങളിൽ ആരെയാണ് കൂടുതൽ ഇഷ്ടമെന്ന ചോദ്യത്തിന് രോഹിത് ശർമ്മയെന്നാണ് യുവാവ് മറുപടി നൽകുന്നത്. ഇതിനിടയിൽ തന്നേക്കുറിച്ചും ഒരു ആരാധകൻ പറയുന്നത് ക്ഷമയോടെ കേട്ടുനിൽക്കുന്നുണ്ട് സൂര്യ. ഇന്ത്യയുടെ മധ്യനിരയിൽ സൂര്യകുമാർ യാദവിനെ നേരത്തെ ഇറക്കണമെന്നും, കോച്ചുമാർ കൂടുതൽ അവസരങ്ങൾ നൽകണമെന്നും ആരാധകൻ പ്രാങ്ക്സ്റ്റർ സൂര്യയോട് തന്നെ പറയുന്നുണ്ട്. അഭിപ്രായം കേട്ട് താൻ ചിരി നിയന്ത്രിക്കാൻ ഏറെ പാടുപെട്ടെന്നും സൂര്യ പറയുന്നുണ്ട്.
അതിനിടെ സൂര്യകുമാർ യാദവിന്റേ ഫാനായ ഒരു പെൺകുട്ടി, 360 പ്ലേയറെന്ന സവിശേഷതയാണ് സൂര്യയെ വ്യത്യസ്തനാക്കുന്നതെന്നും പറയുന്നു. വാംഖഡെയിൽ സൂര്യ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹത്തെ നേരിൽ കാണാൻ ആഗ്രഹിക്കുന്നുണ്ടെന്നും പെൺകുട്ടി വെളിപ്പെടുത്തി. ഈ അഭിപ്രായങ്ങൾ കേട്ട ശേഷം മാസ്ക് മാറ്റി, താനാണ് സൂര്യകുമാർ യാദവ് എന്ന് വെളിപ്പെടുത്തുന്നുണ്ട്. ആദ്യം അമ്പരന്ന് നോക്കുന്ന പെൺകുട്ടി പിന്നീട് താരത്തിനൊപ്പം സെൽഫിയെടുക്കാനും സമയം കണ്ടെത്തി.
പ്രാങ്ക് രസകരമായിരുന്നെന്നും വലിയ സന്തോഷം തോന്നുന്നുണ്ടെന്നും, ആരാധകരെ നേരിൽക്കാണാൻ സാധിച്ചതിൽ സംതൃപ്തിയുണ്ടെന്നും വീഡിയോയുടെ അവസാനം സൂര്യ പറയുന്നുണ്ട്. മുംബൈ ഇന്ത്യൻസ് താരമായ സൂര്യകുമാർ യാദവ് മധ്യനിരയിലെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്.