ഇൻറർനെറ്റിൽ സെർച്ച് ചെയ്യുന്നത് ഇനി ഇൻസ്റ്റഗ്രാമിൽ പരസ്യമാവില്ല; തടയാൻ വഴിയുണ്ട്!
നിങ്ങളുടെ വെബ് ആക്ടിവിറ്റികൾ ഇൻസ്റ്റഗ്രാം ട്രാക്ക് ചെയ്യുന്നത് തടയാൻ പുതിയ ഓപ്ഷൻ
ഇന്റർനെറ്റിൽ നിങ്ങൾ എന്തെങ്കിലും വസ്തുക്കൾ സെർച്ച് ചെയ്താൽ, അൽപ്പസമയം കഴിയുമ്പോഴേക്കും അതേ പ്രൊഡക്റ്റുകൾ പരസ്യമായി നിങ്ങളുടെ ഇൻസ്റ്റഗ്രാം ടൈലൈനിൽ വന്നുകിടക്കുന്നത് കണ്ടിട്ടില്ലേ… ഈ പരസ്യക്കാരെ കൊണ്ട് തോറ്റു! എന്ന് ആരുമൊന്നു മനസ്സിൽ പറഞ്ഞുപോവും.
എങ്കിൽ ഇനി വിഷമിക്കേണ്ട, ഇൻറർനെറ്റിൽ നിങ്ങൾ സെർച്ച് ചെയ്യുന്ന കാര്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പരസ്യമായി വരില്ല. അതിനെ തടയാൻ പുതിയൊരു ഓപ്ഷൻ കൊണ്ടുവരികയാണ് മെറ്റ.
നിങ്ങൾ സന്ദർശിക്കുന്ന വെബ്സൈറ്റുകളെയും ആപ്പുകളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിൽ നിന്നും ഇൻസ്റ്റഗ്രാമിനെ ബ്ലോക്ക് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഓപ്ഷനാണിത്. ഫേസ്ബുക്കിൽ ലഭ്യമായ ഈ ഓപ്ഷനെ ഇൻസ്റ്റഗ്രാമിലേക്ക് കൂടി കൊണ്ടുവരികയാണ് മെറ്റ.
ആക്ടിവിറ്റി -ഓഫ് നെറ്റ് ടെക്നോളജിസ് എന്ന് വിളിക്കപ്പെടുന്ന ഈ ടൂൾ, മറ്റ് ബിസിനസ് സൈറ്റുകൾ ഇൻസ്റ്റഗ്രാമിലേക്കും ഫേസ്ബുക്കിലേക്കും അയക്കുന്ന മെസ്സേജുകൾ നിയന്ത്രിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. ഇത് ഉപയോഗിച്ച് യൂസേഴ്സിന് അത്തരം ബിസിനസ് സൈറ്റുകളിൽ നിന്നുള്ള വിവരങ്ങൾ റിവ്യൂ ചെയ്യാനും പൂർണ്ണമായി നീക്കം ചെയ്യാനും സാധിക്കുന്നു.
മാത്രമല്ല, മറ്റ് ആപ്ലിക്കേഷനുകളിലേക്കും സേവനങ്ങളിലേക്കും ഫോട്ടോകളും വീഡിയോകളും കൈമാറുന്നതിനും ഇപ്പോൾ ഇൻസ്റ്റഗ്രാം യൂസേഴ്സിന് അവസരം നൽകുന്നുണ്ട്. ഇത് ഫേസ്ബുക്കിലെയും ഇൻസ്റ്റഗ്രാമിലെയും മെമ്മറികൾ മറ്റു സോഷ്യൽ മീഡിയകളിലും ആപ്ലിക്കേഷനുകളിലും ഉപയോഗിക്കാൻ ഉപയോക്താക്കൾക്ക് അവസരം നൽകുന്നു.
അതേസമയം തന്നെ ഡൗൺലോഡ് യുവർ ഇൻഫർമേഷൻ ആക്സസ് ഓപ്ഷനും മെറ്റ കൂടുതൽ കാര്യക്ഷമമാക്കിയിട്ടുണ്ട്. ഈ ഓപ്ഷൻ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് യൂസേഴ്സിന് നിയന്ത്രിക്കാനും സാധിക്കും.
ഇതിനുപുറമെ അക്കൗണ്ട് സെന്ററിൽ നിന്ന് മെറ്റയുടെ ആപ്പുകളുടെ ക്രമീകരണങ്ങൾ നിയന്ത്രിക്കാനും എളുപ്പത്തിൽ സാധിക്കുന്നു. ഫേസ്ബുക്കിലും മെസഞ്ചറിലും ലഭ്യമായ അക്കൗണ്ട് സെൻറർ ഇൻസ്റ്റഗ്രാമിലെ സെറ്റിംഗ്സിലെ പ്രൈവസിയിൽ ഇപ്പോൾ ലഭ്യമാണ്.