ഉപയോക്താക്കളിൽ നിന്നും വാർഷിക വരിസംഖ്യ ഈടാക്കാൻ ഒരുങ്ങി എക്സ്
പുതിയ മാറ്റം ആദ്യം എത്തുക ന്യൂസിലാൻഡിലെയും ഫിലിപ്പീൻസിലെയും ഉപയോക്താക്കളിലായിരിക്കും
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് (ട്വിറ്റർ) പുതിയ സബ്സ്ക്രിപ്ഷൻ പരീക്ഷിക്കാൻ ഒരുങ്ങുന്നു. പുതിയ വരിസംഖ്യ മോഡൽ പരീക്ഷിക്കുമെന്ന കാര്യം ചൊവ്വാഴ്ചയാണ് എക്സ് ഉപയോക്താക്കളെ അറിയിച്ചത്. ബേസിക്ക് ഫീച്ചേഴ്സ് ലഭിക്കാനായി വാർഷിക വരിസംഖ്യയായി ഒരു ഡോളർ ഈടാക്കാനാണ് തീരുമാനമായിരിക്കുന്നത്.
നോട്ട് എ ബോട്ട് എന്നാണ് പുതിയ സബ്സ്ക്രിപ്ഷനു പേരു നൽകിയിരിക്കുന്നത്. ഇത് ഉപയോക്താക്കളിൽ നിന്നും ലൈക്ക്, റീപ്പോസ്റ്റ്, മറ്റു അക്കൗണ്ടുകളിൽ നിന്നുള്ള പോസ്റ്റുകൾ ഉദ്ധരിക്കുക, പോസ്റ്റുകൾ ബുക്ക് മാർക്ക് ചെയ്യുക എന്നതിനെല്ലാം വരിസംഖ്യ ഈടാക്കും.
ബോട്ടുകളെയും സ്പാമുകളെയും തടയാനാണ് പുതിയ സബ്സ്ക്രിപ്ഷൻ മോഡൽ അവതരിപ്പിക്കുന്നതെന്നും വിനിമയ നിരക്കനുസരിച്ച് ഓരോ രാജ്യത്തെയും വരിസംഖ്യ വ്യത്യസപ്പെട്ടിരിക്കുമെന്നും എക്സ് അറിയിച്ചു.
പുതിയ മാറ്റം ആദ്യം എത്തുക ന്യൂസിലാൻഡിലെയും ഫിലിപ്പീൻസിലെയും ഉപയോക്താക്കളിലായിരിക്കും. പുതിയ പരീക്ഷണം നിലവിലുള്ള ഉപയോക്താക്കളെ ബാധിക്കില്ലെന്നും എക്സ് അറിയിച്ചു. വരിക്കാരാവാൻ ആഗ്രഹിക്കുന്നില്ല എങ്കിൽ, ഉപയോക്താക്കൾക്ക് പോസ്റ്റുകളും വീഡിയോകളും കാണുന്നതിനും അക്കൗണ്ടുകൾ ഫോളോ ചെയ്യുന്നതിനും മാത്രമേ സാധിക്കൂ.
കമ്പനി ഏറ്റെടുത്ത ശേഷം ഇലൺ മസ്കിനെ അലട്ടിയിരുന്ന ഏറ്റവും വലിയ പ്രശ്നമായിരുന്നു ബോട്ടുകൾ. അതുകൊണ്ടുതന്നെ ജൂലൈയിൽ, ട്വീറ്റുകൾ കാണുന്നതിന് എക്സ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
എക്സ് സിഇഒ ലിൻഡ യാക്കാരിനോ എക്സ് നിക്ഷേപകരുമായി ചർച്ച നടത്തിയതായും പരസ്യം കാണുന്നതിന് മൂന്ന് തരത്തിൽ സബ്സ്ക്രിപ്ഷൻ ഏർപ്പെടുത്താൻ തീരുമാനിച്ചതായും റോയ്റ്റേഴ്സ് ഈ മാസം ആദ്യത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു.