ഏകദിന ലോകകപ്പിൽ ലീഗ് സ്റ്റേജിൽ ഇന്ത്യയുടെ ഇന്നത്തെ പോരാട്ടം കരുത്തരായ ശ്രീലങ്കയുമായാണ്. കളിച്ച ആറിൽ ആറും ജയിച്ചാണ് രോഹിത്തും കൂട്ടരും മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ കളിക്കാനെത്തുന്നത്.
മുംബൈ: ഏകദിന ലോകകപ്പിൽ ലീഗ് സ്റ്റേജിൽ ഇന്ത്യയുടെ ഇന്നത്തെ പോരാട്ടം കരുത്തരായ ശ്രീലങ്കയുമായാണ്. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ (4) പുറത്തായി. ദിൽഷൻ മധുശങ്കയുടെ പന്തിൽ ഹിറ്റ്മാൻ ക്ലീൻ ബൌൾഡാവുകയായിരുന്നു. ആദ്യ പന്തിൽ ബൌണ്ടറി നേടി മികച്ച ഫോമിലായിരുന്നു താരം. ശുഭ്മൻ ഗില്ലും വിരാട് കോഹ്ലിയുമാണ് ക്രീസിലുള്ളത്.
കളിച്ച ആറിൽ ആറും ജയിച്ചാണ് രോഹിത്തും കൂട്ടരും മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ കളിക്കാനെത്തുന്നത്. സ്ലോ പിച്ചിൽ ഇന്ത്യൻ ബാറ്റിങ്ങ് നിര 229 റൺസ് മാത്രം നേടിയിട്ടും, ഇംഗ്ലണ്ടിന്റെ പേരുകേട്ട ബാറ്റിങ്ങ് നിരയെ 34.5 ഓവറിൽ 129 റൺസിന് പുറത്താക്കാൻ ഇന്ത്യൻ ബൌളർമാർക്ക് കഴിഞ്ഞിരുന്നു. നൂറ് റൺസിന്റെ ഗംഭീര വിജയമാണ് നീലപ്പട അന്ന് സ്വന്തമാക്കിയത്.
87 റൺസെടുത്ത രോഹിത് ശർമ്മയും, 49 റൺസെടുത്ത സൂര്യകുമാർ യാദവും, 39 റൺസെടുത്ത കെ എൽ രാഹുലും മാത്രമാണ് ഇന്ത്യൻ ബാറ്റർമാരിൽ പേരിനെങ്കിലും മികച്ച പ്രകടനം നടത്തിയത്. അതേസമയം, കളിച്ച ആറിൽ രണ്ട് ജയം മാത്രമാണ് ലങ്കയുടെ പേരിലുള്ളത്. ഒരാഴ്ച മുമ്പ് ഇംഗ്ലണ്ടിനെ അട്ടിമറിക്കാൻ കഴിഞ്ഞെങ്കിലും, കഴിഞ്ഞ മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് ഞെട്ടിക്കുന്ന തോൽവിയേറ്റു വാങ്ങിയിരുന്നു. ഇതോടെ സെമി ഫൈനൽ സാധ്യതകൾ മങ്ങിയ നിലയിലാണ്.
ഇന്ന് ജയിച്ചാൽ ലോകകപ്പ് പോയിന്റ് പട്ടികയിൽ 14 പോയിന്റുമായി ഒന്നാമതെത്താൻ ഇന്ത്യയ്ക്ക് സാധിക്കും. നെറ്റ് റൺറേറ്റിന്റെ കരുത്തിൽ ദക്ഷിണാഫ്രിക്കയാണ് ഇപ്പോൾ ഒന്നാമതുള്ളത്. ഇരു ടീമുകൾക്കും 12 പോയിന്റാണുള്ളത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഫോം മങ്ങിയ വിരാട് കോഹ്ലിക്ക് ഇന്ന് മികച്ച സ്കോർ കണ്ടെത്താനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മധ്യനിരയിൽ ശ്രേയസ് അയ്യരുടെ ഫോം ഇന്ത്യയ്ക്ക് ആശങ്കയേകുന്നുണ്ട്. ബാറ്റിങ്ങിൽ വാലറ്റത്ത് രവീന്ദ്ര ജഡേജ കൂടി ഫോമിലേക്കുയർന്നാലേ ഇന്ത്യയ്ക്ക് വലിയ സ്കോറുകൾ ചേസ് ചെയ്യാനാകൂ.
ഏറെ റൺസ് വഴങ്ങുന്ന മുഹമ്മദ് സിറാജിന് വിക്കറ്റുകൾ നേടാനാകാത്തത് വെല്ലുവിളിയാണ്. മുഹമ്മദ് ഷമി ടീമിലെത്തിയത് ബൌളിങ്ങ് യൂണിറ്റിനെ ഒന്നുകൂടി ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ നാല് വിക്കറ്റ് നേടി ഷമി തിരിച്ചുവരവ് ആഘോഷമാക്കിയിരുന്നു. മികച്ച ഫോമിലുള്ള കുൽദീപ് യാദവും രവീന്ദ്ര ജഡേജയും സ്പിന്നർമാരായി ടീമിലിടം പിടിക്കും.
അതേസമയം, മുംബൈയിലെ വായു മലിനീകരണ തോത് വർധിക്കുന്നതിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ആശങ്ക പ്രകടിപ്പിച്ചു. വരും തലമുറ ഭയം കൂടാതെ ജീവിക്കേണ്ടത് പ്രധാനമാണെന്ന് മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ രോഹിത് പറഞ്ഞു. ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടെ വെടിക്കെട്ട് ഒഴിവാക്കുന്നതായി ബിസിസിഐ അറിയിച്ചിട്ടുണ്ട്. സ്റ്റേഡിയം പരിസരത്തെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാനാണ് ഈ നീക്കം.