സിക്സറടിയിൽ ഇന്ത്യയെ തോൽപ്പിക്കാനാരുമില്ല; ഓസീസ് താരത്തിന്റെ റെക്കോഡ് പഴങ്കഥ
ഇത്തവണത്തെ ലോകകപ്പിൽ ഏറ്റവും വലിയ സിക്സർ നേടിയ താരമെന്ന ബഹുമതിയാണ് ഓസീസ് താരം ഗ്ലെൻ മാക്സ് വെല്ലിൽ നിന്ന് അയ്യർ തിരിച്ചുപിടിച്ചത്. ഇന്ന് ശ്രീലങ്കയ്ക്കെതിരെ മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ 106 മീറ്റർ ദൂരത്തേക്കാണ് അയ്യരുടെ സിക്സർ പറന്നത്.
2023 ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ മറ്റൊരു റെക്കോഡ് കൂടി സ്വന്തം പേരിൽ ചേർത്ത് ഇന്ത്യൻ യുവതാരം ശ്രേയസ് അയ്യർ. ഇത്തവണത്തെ ലോകകപ്പിൽ ഏറ്റവും വലിയ സിക്സർ നേടിയ താരമെന്ന ബഹുമതിയാണ് ഓസീസ് താരം ഗ്ലെൻ മാക്സ് വെല്ലിൽ നിന്ന് അയ്യർ തിരിച്ചുപിടിച്ചത്. ഇന്ന് ശ്രീലങ്കയ്ക്കെതിരെ മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ 106 മീറ്റർ ദൂരത്തേക്കാണ് അയ്യരുടെ സിക്സർ പറന്നത്.
ധർമ്മശാലയിലെ ഗ്രൌണ്ടിൽ ന്യൂസിലൻഡിനെതിരെ മാക്സ് വെൽ പറത്തിയ സിക്സറാണ് ഇതോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. അന്ന് 104 മീറ്ററിന്റെ കൂറ്റൻ സിക്സറാണ് ഓസീസ് വെടിക്കെട്ട് താരം പറത്തിയത്. അതിന് മുമ്പ് അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യൻ മധ്യനിര ബാറ്ററായ ശ്രേയസ് അയ്യർ തന്നെ പറത്തിയ 101 മീറ്ററിന്റെ കൂറ്റൻ സിക്സറിന്റെ റെക്കോഡാണ് മാക്സ് വെൽ പിന്നിലാക്കിയത്. ഇതോടെ അയ്യരുടെ മധുര പ്രതികാരം കൂടിയായി മാറി ഇന്നത്തെ ഭീമാകാരൻ സിക്സ്.
Shreyas Iyer sends the longest six of the tournament soaring into the second tier, right where Ritika Sajdeh, Yuzvendra Chahal, and Prithi Ashwin are seated! pic.twitter.com/ZLHkku5TYf
— CricTracker (@Cricketracker) November 2, 2023
നാലാം സ്ഥാനത്ത് പാക്കിസ്ഥാന്റെ ഫഖർ സമാൻ നേടിയ 99 മീറ്ററിന്റെ വമ്പനടിയാണുള്ളത്. ബംഗ്ലാദേശിനെതിരെയാണ് സമാൻ ഈ സിക്സ് പറത്തിയത്. ഇതിന് പിറകിലായി അഞ്ചാം സ്ഥാനത്ത് മറ്റൊരു ഓസ്ട്രേലിയൻ താരമാണുള്ളത്. പാക്കിസ്ഥാനെതിരെ 98 മീറ്റർ ദൂരത്തേക്ക് സിക്സർ പറത്തിയ വാർണറാണ് കൂറ്റനടിക്കാരുടെ പട്ടികയിലെ അഞ്ചാമൻ. ഡാരിൽ മിച്ചൽ (98 മീറ്റർ), ഡേവിഡ് മില്ലർ (95 മീറ്റർ) എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളിലുള്ളത്.
വാംഖഡെ സ്റ്റേഡിയത്തിൽ ശ്രീലങ്കൻ ബൌളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് വെറും 56 പന്തിൽ നിന്നാണ് അയ്യർ 82 റൺസ് വാരിയത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ശ്രേയസ് ഇന്ത്യൻ സ്കോറിങ്ങിന്റെ വേഗമുയർത്തി. ആറ് കൂറ്റൻ സിക്സറുകളും മൂന്ന് ഫോറുകളുമടങ്ങുന്നതാണ് ശ്രേയസിന്റെ ഇന്നിംഗ്സ്. സെഞ്ചുറിക്ക് 18 റൺസകലെ മധുശങ്കയുടെ പന്തിൽ മഹീഷ തീക്ഷണയ്ക്ക് ക്യാച്ച് സമ്മാനിച്ചാണ് അയ്യർ പുറത്തായത്. അപ്പോഴേക്കും ഇന്ത്യൻ സ്കോർ ബോർഡിൽ 333 റൺസ് പിറന്നിരുന്നു.