35 പന്തിൽ സെഞ്ചുറി തികച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയേയും, ഡേവിഡ് മില്ലറിനെയും പിന്നിലാക്കിയാണ് പുതിയ റെക്കോർഡ്
അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ അധിവേഗ സെഞ്ചുറി എന്ന റെക്കോർഡ് തിരുത്തിക്കുറിച്ച് നമീബിയൻ താരം. ചൊവ്വാഴ്ച നടന്ന നേപ്പാൾ ത്രിരാഷ്ട്ര ടി20 ഐ പരമ്പരയിലാണ് നേപ്പാളിനെതിരെ ഏറ്റവും വേഗമേറിയ പുരുഷ ടി20 സെഞ്ച്വറി എന്ന റെക്കോർഡ് നമീബിയ ബാറ്റർ ജാൻ നിക്കോൾ ലോഫ്റ്റി-ഈറ്റൺ സ്വന്തമാക്കിയത്. 33 പന്തിലാണ് താരത്തിന്റെ റെക്കോർഡ് നേട്ടം.
11-ാം ഓവറിൽ 62 റൺസിന് മൂന്നു വിക്കറ്റ് എന്ന നിലയിൽ തകർന്ന ടീമിനെയാണ്, ലോഫ്റ്റി-ഈറ്റൺ തന്റെ ആക്രമണ ബാറ്റിങ്ങിലൂടെ കരകയറ്റിയത്. 36 പന്തിൽ 11 ബൗണ്ടറികളും എട്ട് സിക്സറുകളും ഉൾപ്പെടെ, ഇടംകൈയ്യൻ ബാറ്റ്സ്മാൻ പുറത്താകാതെ നേടിയത് 101 റൺസാണ്.
— Official Cricket Namibia (@CricketNamibia1) February 27, 2024
കഴിഞ്ഞ വർഷം ഏഷ്യൻ ഗെയിംസിൽ മംഗോളിയയ്ക്കെതിരായ മത്സരത്തിൽ, നേപ്പാളിൻ്റെ കുശാൽ മല്ലയുടെ റെക്കോർഡ് ലോഫ്റ്റി-ഈറ്റൺ മറികടന്നത്. 34 പന്തിലായിരുന്നു കുശാൽ മല്ലയുടെ നേട്ടം. 35 പന്തിൽ സെഞ്ചുറി തികച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും, ഡേവിഡ് മില്ലറുമാണ് മൂന്നാം സ്ഥാനത്ത്.
ലോഫ്റ്റിയുടെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ നമീബിയ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തു. ഇന്നിംഗ്സിൻ്റെ അവസാന ഓവറിൽ പുറത്താകുന്നതിന് മുൻപ് നാലാം വിക്കറ്റിൽ 135 റൺസിൻ്റെ കൂട്ടുകെട്ടാണ് അദ്ദേഹം പടുത്തുയർത്തിയത്. മത്സരത്തിൽ 20 റൺസിന്റെ വിജയമാണ് ആതിഥേയരായ നേപ്പാളിനെതിരെ നമീബിയ നേടിയത്.
മൂന്ന് ഓവറുകളിൽ 29 റൺസ് വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തിയ 22കാരനായ ലോഫ്റ്റി-ഈറ്റൻ തന്നെയാണ് പ്ലെയർ ഓഫ് ദി മാച്ച്. 2021-ൽ ഉഗാണ്ടയ്ക്കെതിരായ ടി20-ഐ മത്സരത്തിലായിരുന്നു ലോഫ്റ്റി-ഈറ്റൺ അരങ്ങേറ്റം കുറിച്ചത്. 33 മത്സരങ്ങളിൽ നിന്ന് 200-ലധികം റൺസും എട്ട് വിക്കറ്റുകളും ലോഫ്റ്റി നേടിയിട്ടുണ്ട്.