തൃശ്ശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മാത്രമല്ല തദ്ദേശ തെരഞ്ഞെടുപ്പിലും ബി.ജെ.പി കോടികൾ സംസ്ഥാനത്ത് എത്തിച്ചുവെന്ന് കൊടകര കവര്‍ച്ചാ കേസിന്റെ കുറ്റപത്രത്തില്‍ പറയുന്നു.
12 കോടി രൂപയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കർണാടകയിൽ നിന്ന് ബി.ജെ.പി. കേരളത്തിലെത്തിച്ചത്. ഇതിന്റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്. ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ബി.ജെ.പിയ്ക്കെതിരെ കൂടുതൽ വിവരങ്ങളുള്ളത്.
കൊടകര കവർച്ചയ്ക്ക് ശേഷം ധർമ്മരാജൻ ഉടൻ തന്നെ ബി.ജെ.പി. അധ്യക്ഷൻ കെ സുരേന്ദ്രനെ വിളിച്ചു. സുരേന്ദ്രന്റെ മകന്റെ ഫോണിൽ വിളിച്ചായിരുന്നു സുരേന്ദ്രനുമായി സംസാരിച്ചത്. ഇതുകൂടാതെ വിവിധ ബി.ജെ.പി. നേതാക്കളെയും ധർമ്മരാജൻ വിളിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
കൊടകര കവർച്ച നടന്ന ദിവസത്തിൽ 6.3 കോടി രൂപ തൃശ്ശൂർ ബി.ജെ.പി. ഓഫീസിൽ എത്തിച്ചുവെന്നാണ് പോലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. കോഴിക്കോട് നിന്ന് പിക്കപ്പ് ലോറി വഴിയാണ് പണം വിവിധയിടങ്ങളിലേക്ക് എത്തിച്ചതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. കോഴിക്കോട് നിന്ന് പിക്കപ്പ് ലോറിയിൽ 3 ചാക്കു കെട്ടുകളായാണ് പണം എത്തിച്ചത്. ഇതിൽ 6.3 കോടി രൂപ തൃശ്ശൂർ ബി.ജെ.പി. ഓഫീസിൽ എത്തിച്ചു. ആലപ്പുഴയിലും പത്തനംതിട്ടയിലുമായി 1.4 കോടി രൂപ വീതം എത്തിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
മൂന്ന് തവണയായിട്ടാണ് പണം സംസ്ഥാനത്തെത്തിയത്. ധർമ്മരാജൻ നേരിട്ടാണ് പണം എത്തിച്ചത്. കർണാടകയിൽ നിന്നാണ് പണം കൊണ്ടുവന്നത്. ടോക്കൺ ഉപയോഗിച്ചായിരുന്നു പണക്കൈമാറ്റം. കർണാടകയിലെത്തി ടോക്കൺ കാണിച്ചാൽ പണം കിട്ടും. പത്ത് രൂപയാണ് ടോക്കണായി കാണിക്കാന്‍ ബി.ജെ.പി ഉപയോഗിച്ചിരുന്നത്. പണം വാങ്ങേണ്ടവരുടെ വിവരങ്ങൾ ധർമ്മരാജന് കൈമാറിയിരുന്നത് ബി.ജെ.പിയുടെ സംസ്ഥാന ഓഫീസ് സെക്രട്ടറിയാണെന്നും കുറ്റപത്രത്തിൽ പറയുന്നു.
Content Highlights: kodakara hawala case: BJP supply 12 crore in local body election