വെള്ളിയാഴ്ച കിങ്സ് കപ്പ് ഫൈനലിൽ തങ്ങളുടെ ചിരവൈരികളും സൌദി പ്രോ ലീഗ് ചാമ്പ്യന്മാരുമായ അൽ ഹിലാൽ ആണ് അവരുടെ എതിരാളികൾ. ലീഗിൽ അവസാനം നടന്ന പോരാട്ടത്തിൽ ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞിരുന്നു
സൌദി പ്രോ ലീഗ് കിരീടം കൈവിട്ടെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ ഇന്ന് സീസണിലെ ആദ്യ കിരീടം തേടിയിറങ്ങുന്നു. വെള്ളിയാഴ്ച കിങ്സ് കപ്പ് ഫൈനലിൽ തങ്ങളുടെ ചിരവൈരികളും സൌദി പ്രോ ലീഗ് ചാമ്പ്യന്മാരുമായ അൽ ഹിലാൽ ആണ് അവരുടെ എതിരാളികൾ. ലീഗിൽ അവസാനം നടന്ന വാശിയേറിയ പോരാട്ടത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞിരുന്നു.
ഒട്ടാവിയോ നേടിയ ഒരു ഗോളിൽ മുഴുവൻ സമയവും മുന്നിട്ട് നിന്നെങ്കിലും കളി അവസാനിക്കാനിരിക്കെ അൽ ഹിലാലിന് അനുകൂലമായി റഫറി വിധിച്ച പെനാൽറ്റിയുടെ ആനുകൂല്യത്തിൽ അൽ നസറിന് സമനില വഴങ്ങേണ്ടി വന്നിരുന്നു. മിത്രോവിച്ച് നേടിയ ഗോളിലായിരുന്നു അവർ മത്സരം 1-1 എന്ന സ്കോറിൽ സമനിലയിൽ പിടിച്ചത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 11.30നാണ് കലാശപ്പോരാട്ടം.
സൌദി പ്രോ ലീഗിൽ അൽ നസറിനേക്കാൾ മികച്ച പ്രകടനമാണ് കഴിഞ്ഞ സീസണിൽ അൽ ഹിലാൽ കാഴ്ചവച്ചത്. ഒരു മത്സരം പോലും തോൽക്കാതെയാണ് നെയ്മറിന്റെ ടീം സീസണിൽ കിരീടത്തിൽ മുത്തമിട്ടത്. രണ്ടാം സ്ഥാനക്കാരായ അൽ നസറിനേക്കാൾ 14 പോയിന്റുകൾക്ക് മുന്നിലായാണ് അവർ സീസൺ അവസാനിപ്പിച്ചത്.
തുടക്കത്തിൽ വഴങ്ങിയ നാല് തോൽവികളാണ് അൽ നസറിനെ പിന്നോട്ടടിച്ചത്. അതിന് ശേഷം തോൽവിയറിയാതെ മുന്നോട്ടു പോകാൻ ക്രിസ്റ്റ്യാനോയ്ക്കും സംഘത്തിനും കഴിഞ്ഞിരുന്നു. എന്നാൽ റഫറിയിങ് ഉൾപ്പെടെയുള്ള ആനുകൂല്യം അൽ ഹിലാലിന്റെ കുതിപ്പിനെ തുണച്ചുവെന്നാണ് പ്രധാന ആരോപണം.
ഫൈനൽ ന്യായമായ രീതിയിൽ നടക്കുമെന്നാണ് പ്രതീക്ഷയെന്നാണ് കഴിഞ്ഞ ദിവസം റൊണാൾഡോ സമൂഹ മാധ്യമത്തിൽ കുറിച്ചത്. 32 മത്സരങ്ങളിൽ നിന്ന് 35 ഗോളുകളുമായി ക്രിസ്റ്റ്യാനോ ലീഗിൽ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിരുന്നു. ലീഗ് ചരിത്രത്തിൽ ഉയർന്ന ഗോൾവേട്ടക്കാരനായും താരം മാറിയിരുന്നു. നാല് വിവിധ ലീഗുകളിൽ ടോപ് സ്കോററായ ഏക ഫുട്ബോളറും റൊണാൾഡോ മാത്രമാണ്.
Read More Sports News Here
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ് ഓഫാക്കി വച്ചത് മൂന്ന് മാസം!
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- ‘ബ്ലാസ്റ്റേഴ്സ് ആണെങ്കില് മാത്രം നോക്കാം’: തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- ‘വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു’; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി