ഖത്തറിലേക്ക് സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന് വേണമെന്ന് പുതിയ നിര്‍ദേശം. രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്ക് ക്വാറന്റൈന് വേണ്ടെന്ന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും നിലവിലെ മാറ്റം യാത്രക്കാരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. ഓണ്‍ അറൈവല്‍ വിസയില്‍ വരുന്നവര്‍ കൈവശം 5000 റിയാല്‍ കരുതണമെന്ന വ്യവസ്ഥ ഖത്തര്‍ കര്‍ശനമാക്കി
ദോഹ: റെഡ് ലിസ്റ്റില്‍ പെട്ട ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന് വേണമെന്ന് പുതിയ നിര്‍ദേശം. ഖത്തറില്‍ അംഗീകാരമുള്ള വാക്സിന്റെ രണ്ട് ഡോസും എടുത്ത് വരുന്നവര്‍ക്ക് ക്വാറന്റൈന് ആവശ്യമില്ലെന്നാണ് നേരത്തേയുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പൊടുന്നനെയുണ്ടായ മാറ്റം യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കി.
ക്വാറന്റൈന് നിര്‍ദ്ദേശം ലഭിക്കുന്നത് ഇമെയിലായി
പൂര്‍ണമായും വാക്സിനെടുത്ത് ഇഹ്തിറാസ് വെബ്സൈറ്റില്‍ മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്ത് ഓതറൈസേഷന്‍ നേടിയവര്‍ക്ക് മാത്രമാണ് ഓണ്‍ അറൈവല്‍ വിസയില്‍ ഖത്തറില്‍ എത്താനാവുക. എന്നാല്‍ ഇങ്ങനെ രജിസ്ട്രേഷന് നടത്തിയവര്‍ക്കാണ് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന് ആവശ്യമാണെന്ന നിര്‍ദേശം ഇമെയില്‍ വഴി ലഭിച്ചിരിക്കുന്നത്. ഇതോടെ യാത്രക്കാര്‍ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. ഇമെയില്‍ സന്ദേശത്തില്‍ ഖത്തറിലേക്കുള്ള യാത്ര അപ്രൂവ് ചെയ്തതായി പറയുന്നുണ്ടെങ്കിലും സന്ദേശത്തിന്റെ അവസാന ഭാഗത്താണ് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന് വേണമെന്ന നിര്‍ദേശം ചേര്‍ത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനായി ഇഹ്തിറാസ് ഹെല്‍പ്പ് ലൈനില്‍ വിളിച്ച യാത്രക്കാര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം ഇമെയില്‍ സന്ദേശത്തിലെ നിര്‍ദ്ദേശങ്ങള്‍ അതേപോലെ പാലിക്കാനാണ്.
റീഫണ്ടിന് ശ്രമിക്കാമെന്ന് വിശദീകരണം
ഇന്ത്യ ഉള്‍പ്പെടെ റെഡ് ലിസ്റ്റില്‍ പെട്ട രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ഹോട്ടല്‍ ക്വാറന്റൈന് വേണ്ടതില്ലെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ യാത്രാ നയത്തില്‍ പറയുന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോഴും ഇതുതന്നെയായിരുന്നു മറുപടി. എന്നാല്‍ ഇ മെയിലിലെ നിര്‍ദ്ദേശ പ്രകാരം ഹോട്ടല്‍ ക്വാറന്റൈന് ബുക്ക് ചെയ്ത് യാത്ര ചെയ്ത ശേഷം ഖത്തര്‍ വിമാനത്താവളത്തിലെ ഡിസ്കവര് ഖത്തര്‍ ഹെല്പ് ഡസ്കുമായി ബന്ധപ്പെട്ട് തുക റീഫണ്ട് ചെയ്യാന്‍ ശ്രമിക്കാവുന്നതാണെന്നും ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു. എന്നാല്‍ ഇത് സംബന്ധമായി ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ വന്നിട്ടില്ലെന്നതാണ് യാത്രക്കാരെ വിഷമസന്ധിയിലാക്കിയിരിക്കുന്നത്.
5000 റിയാല്‍ കൈയില്‍ കരുതണം
അതിനിടെ, ഓണ്‍ അറൈവല്‍ വിസയില്‍ വരുന്നവര്‍ കൈവശം 5000 റിയാല്‍ കരുതണമെന്ന വ്യവസ്ഥ ഖത്തര്‍ കര്‍ശനമാക്കി. കഴിഞ്ഞ ദിവസം അതില്ലാതെ ഖത്തര്‍ വഴി സൗദിയിലേക്ക് പോകാന്‍ ഓണ്‍ അറൈവല്‍ വിസയില്‍ എത്തിയ നിരവധി യാത്രക്കാര്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏറെ നേരം കുടുങ്ങിയിരുന്നു. ഓണ്‍ അറൈവല്‍ വിസയില്‍ വരുന്നവര്‍ 5000 റിയാല്‍ കരുതണമെന്ന് നേരത്തെ നിര്‍ദേശമുണ്ടായിരുന്നെങ്കിലും അത് കര്‍ശനമായി നടപ്പിലാക്കിയിരുന്നില്ല. ദോഹയില്‍ കഴിയാനാവശ്യമായ ചെലവുകള്‍ക്കുള്ള പണം കയ്യിലുണ്ടെന്ന് ഉറപ്പുവരുത്താനാണ് ഇത്തരമൊരു നിര്‍ദേശം. 5000 റിയാലോ തത്തുല്യമായ തുകയുള്ള ബാങ്ക് കാര്‍ഡോ കൈയില്‍ ഉണ്ടായിരിക്കണമെന്നാണു നിബന്ധന. സൗദിയിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള യാത്രാ വിലക്ക് മറികടക്കാനാണ് പ്രവാസികള്‍ ഖത്തര്‍ വഴി പോകുന്നത്. ഖത്തറില്‍ 14 ദിവസം തങ്ങിയ ശേഷം സൗദിയിലേക്ക് പറക്കുകയാണ് ലക്ഷ്യം.
പിസിആര്‍ ടെസ്റ്റ് ഇനി പിഎച്ച്സിസികളില്‍ നിന്ന്
ഇന്ത്യയുള്‍പ്പെടെ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ നടത്തേണ്ട നിര്‍ബന്ധിത പിസിആര്‍ പരിശോധന പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലേക്ക് മാറ്റി. ദോഹയില്‍ വിമാനമിങ്ങി 36 മണിക്കൂറിനകം ടെസ്റ്റ് നടത്തണമെന്നാണ് പുതിയ നിയമം. റെഡ്ലിസ്റ്റ് രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ ദോഹ വിമാനത്താവളത്തില്‍ നിന്ന് ടെസ്റ്റ് നടത്തിയ ശേഷം മാത്രമേ പുറത്തുകടക്കാവൂ എന്നതായിരുന്നു ഇതുവരെയുള്ള നിബന്ധന. ഇതിനായുള്ള സജ്ജീകരണങ്ങള്‍ വിമാനത്താവളത്തില്‍ ഒരുക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിലവില്‍ ദോഹയില്‍ എത്തുന്നവരോട് താമസ സ്ഥലത്തിന് അടുത്തുള്ള പിഎച്ച്സിസികളില്‍ ചെന്ന് ടെസ്റ്റ് നടത്താനാണ് നിര്‍ദ്ദേശം നല്‍കുന്നത്. ഇതിനായി പ്രത്യേക സ്റ്റിക്കര്‍ എയര്‍പോര്‍ട്ട് അധികൃതര്‍ യാത്രാ രേഖയില്‍ പതിച്ചുനല്കുന്നുമുണ്ട്. യാത്രക്കാരുടെ വിവരങ്ങള്‍ പിഎച്ച്സിസികള്‍ക്ക് കൈമാറും. 300 റിയാലാണ് ടെസ്റ്റ് ഫീസ്. ടെസ്റ്റ് നടത്താത്തവരുടെ പേരുകള്‍ അധികൃതര്‍ക്ക് കൈമാറാനും പിഎച്ച്സിസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : hotel quarantine for indian travellers to qatar
Malayalam News from malayalam.samayam.com, TIL Network