ആലപ്പുഴ: അമ്പലപ്പുഴയിൽ തിരഞ്ഞെടുപ്പ് വീഴ്ചയുണ്ടായി എന്ന ആരോപണത്തിൽ സി.പി.എം. തെളിവെടുപ്പ് തുടങ്ങി. ആരോപണവിധേയനായ മുൻ മന്ത്രി ജി സുധാകരനെതിരെയാണ് അന്വേഷണം. സി.പി.എം. സംസ്ഥാന സമിതി നിയോഗിച്ച രണ്ടംഗ സമിതിയാണ് അന്വേഷിക്കുന്നത്. എളമരം കരീമും കെ.ജെ തോമസുമാണ് സമിതിയിൽ. അമ്പലപ്പുഴ എം.എൽ.എ. എച്ച് സലാം ഉൾപ്പെടെയുള്ളവരെയും തെളിവെടുപ്പിന് വിളിച്ചിട്ടുണ്ട്.
അന്വേഷണ സമിതി ഇന്ന് രാവിലെ ആലപ്പുഴ സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിലെത്തി തെളിവെടുപ്പ് ആരംഭിച്ചു. ആരോപണ വിധേയനായ മുൻ മന്ത്രി ജി സുധാകരനാണ് ആദ്യം തെളിവെടുപ്പിന് ഹാജരായത്. നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ പ്രവർത്തന വീഴ്ചയുണ്ടായി എന്ന ആരോപണമാണ് കമ്മീഷൻ അന്വേഷിക്കുന്നത്. തനിക്ക് പറയാനുള്ള കാര്യങ്ങൾ എഴുതിത്തയ്യാറാക്കി ജി സുധാകരൻ അന്വേഷണ കമ്മീഷന് മുമ്പാകെ കൈമാറിയതായാണ് വിവരം.
എച്ച് സലാം എംഎൽഎയാണ് ജി സുധാകരനെതിരെ ആരോപണം ഉന്നയിച്ചത്. തിരഞ്ഞെടുപ്പിൽ തനിക്കെതിരെ പോസ്റ്റർ ഒട്ടിച്ചു, കൂടെ നിൽക്കുന്ന ആളുകളെ പറ്റി തെറ്റായ വിവരങ്ങൾ ധരിപ്പിച്ചു, തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ജി സുധാകരനെതിരെയുള്ള ആരോപണം.
അമ്പലപ്പുഴ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി, പാർട്ടി ഏരിയ സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗങ്ങൾ, ലോക്കൽ കമ്മിറ്റി അംഗങ്ങളെയും വിളിച്ചിട്ടുണ്ട്. നാളെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ സമ്പൂർണ്ണ യോഗം കമ്മീഷന് മുമ്പാകെ വിളിച്ചിട്ടുണ്ട്.
Content Highlights: CPM committee start probe allegations against g sudhakaran